

കൊച്ചി: ശബരിമല സ്വർണക്കൊള്ളയിലെ പ്രതിയായ തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ അപ്പീൽ നൽകി. തന്ത്രിക്കെതിരെ തെളിവില്ലെന്ന പരാമർശം റദ്ദാക്കണമെന്നും കണ്ഠരര് രാജീവരർക്ക് എതിരായ തെളിവുകൾ എണ്ണിപ്പഞ്ഞ് എസ്ഐടി ഹൈക്കോടതിയെ ധരിപ്പിച്ചു.
കേസിലെ ഒന്നാംപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ട്. പോറ്റിയും തന്ത്രിയും തമ്മിലുള്ള ശബ്ദ സന്ദേശങ്ങൾ ഇതിന് തെളിവായി കണ്ടെത്തിയിട്ടുണ്ട്. ദ്വാരപാലക പാളികൾ സ്വർണ്ണം പൂശിയതാണ് എന്ന് തന്ത്രിക്ക് അറിയാമായിരുന്നു. എന്നാൽ ഇത് അറിഞ്ഞുകൊണ്ട് തന്നെ ചെമ്പെന്ന് എഴുതിയ മഹസറിൽ തന്ത്രി ഒപ്പുവെച്ചു. 1998ൽ പാളികൾ സ്വർണ്ണം പൂശുമ്പോൾ കണ്ഠരര് രാജീവരര് ആണ് തന്ത്രിസ്ഥാനത്തുള്ളത്. സ്വർണ്ണപ്പാളികൾ സന്നിധാനത്തിന് പുറത്തേക്ക് കൊണ്ടുപോകരുതെന്ന് തന്ത്രിക്ക് അറിയാം. ഉണ്ണികൃഷ്ണൻ പോറ്റിയുടെ അപേക്ഷയും തന്ത്രിയുടെ അനുമതിയും തയ്യാറാക്കിയത് ഒരേ വേഡ് ഫയലിലാണ്. ശബരിമല എക്സിക്യൂട്ടീവ് ഓഫീസറുടെ സിസ്റ്റത്തിലാണ് ഇത് തയ്യാറാക്കിയതെന്നും എസ്ഐടി ഹൈക്കോടതിയെ അറിയിച്ചു.
തന്ത്രിക്കെതിരെ ഗുരുതര ആരോപണവും എസ്ഐടി ഉന്നയിച്ചിട്ടുണ്ട്. താന്ത്രിക കർമ്മങ്ങളിലെ മതിയായ അറിവാണ് തന്ത്രിയാകാനുള്ള പ്രാഥമിക യോഗ്യത, തന്ത്രി ഭക്തനായിരിക്കണമെന്നാണ് ദേവസ്വം മാനുവലിലെ നിർദ്ദേശം. എന്നാൽ ഇതിന് കടകവിരുദ്ധമായ തെളിവുകൾ തന്ത്രിയുടെ മൊബൈലിൽ നിന്ന് കണ്ടെത്തി. ഫൊറൻസിക് പരിശോധനയിലാണ് തെളിവുകൾ കണ്ടെത്തിയതെന്നും എസ്ഐടി അറിയിച്ചു. ശബരിമല സ്വർണക്കൊള്ളക്കേസിൽ കൊല്ലം വിജിലൻസ് കോടതിയാണ് 41 ദിവസത്തെ റിമാൻഡിന് ശേഷം തന്ത്രിക്ക് ജാമ്യം അനുവദിച്ചത്. ശബരിമലയിലെ ദ്വാരപാലക ശിൽപം, കട്ടിളപ്പാളി കേസുകളിൽ ജാമ്യം ലഭിച്ച തന്ത്രി ജയിൽ മോചിതനായിരുന്നു. കേസിൽ തന്ത്രി കണ്ഠരര് രാജീവരർക്ക് ദുരുദ്ദേശമുണ്ടായിരുന്നില്ലെന്നും തന്ത്രി ക്രിമിനൽ ഗൂഢാലോചന നടത്തിയതിന് പ്രഥമദൃഷ്ട്യാ പോലും തെളിവില്ലെന്നും കൊല്ലം വിജിസൻസ് കോടതി ജാമ്യം അനുവദിക്കുന്ന വേളയിൽ പറഞ്ഞിരുന്നു.
അതേസമയം ശബരിമല സ്വർണ്ണക്കവർച്ച കേസിൽ എസ്ഐടിയെ ഹൈക്കോടതി വീണ്ടും പ്രശംസിച്ചു. എസ്ഐടി നടത്തുന്നത് കൃത്യമായ അന്വേഷണമാണെന്നും രാജ്യത്തെ ഏറ്റവും മികച്ച ഉദ്യോഗസ്ഥരാണ് അന്വേഷണം നടത്തുന്നതെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ മേൽനോട്ടത്തിലാണ് എസ്ഐടിയുടെ അന്വേഷണം നടക്കുന്നത്.
കേസിൽ സിബിഐ അന്വേഷണ ആവശ്യം വേണമെന്ന ആവശ്യം ഹൈക്കോടതി എതിർത്തു. ഹർജിക്കാരോട് കടുപ്പിച്ച നിലപാടെടുത്ത ഹൈക്കോടതി ദേവസ്വം ബെഞ്ച്, സിബിഐ അന്വേഷണം പരിഗണിക്കാൻ ആവില്ലെന്ന് വ്യക്തമാക്കി. വിചാരണക്കോടതി എന്ത് പറഞ്ഞുവെന്നതിൽ കാര്യമില്ല. പ്രതികൾക്കെതിരെ മുന്നോട്ട് പോകാൻ തെളിവുകളാണ് വേണ്ടത്. കുറ്റപത്രത്തിന് കൃത്യമായ ഉള്ളടക്കമാണ് വേണ്ടത്. അന്വേഷണം പൂർത്തിയാക്കാൻ എസ്ഐടിക്ക് മതിയായ സമയം നൽകണം. നിരവധി പരിശോധന അന്വേഷണത്തിന്റെ ഭാഗമായി പൂർത്തിയാക്കണം. ശാസ്ത്രീയ പരിശോധനാഫലം ഇല്ലാതെ കുറ്റപത്രം നൽകാനാവില്ല. കുറ്റപത്രത്തിന് ശേഷമാണ് ശാസ്ത്രീയ പരിശോധനാ ഫലമെങ്കിൽ അത് വെറും ചോക്ക് പൊടിയാകും. മറ്റ് കേസുകളിലെ വിധിന്യായങ്ങൾ ശബരിമല കേസിൽ ബന്ധപ്പെടുത്തരുതെന്നും കോടതി പറഞ്ഞു.
ജാമ്യാപേക്ഷയിലെ വിചാരണക്കോടതിയുടെ പരാമർശങ്ങൾ കണക്കിലെടുക്കേണ്ടതില്ല.
പൊതുബോധത്തിന്റെ ആശങ്ക കണക്കിലെടുക്കുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
അന്തിമ റിപ്പോർട്ട് അനുസരിച്ച് കുറ്റക്കാരായവർ മറുപടി പറയേണ്ടിവരും. അന്വേഷണം കൃത്യമായും ശരിയായും പൂർത്തിയാക്കുന്നുണ്ടോ എന്നാണ് നോക്കുന്നത്. സിബിഐ അന്വേഷണ ആവശ്യത്തിൽ വാദം കേട്ട് തീരുമാനമെടുക്കുമെന്നും ഹൈക്കോടതി അറിയിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഉൾപ്പടെയുള്ളവരാണ് ശബരിമല സ്വർണക്കൊള്ളയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിക്കാർ.
Content Highlights: Special investigation team wants to cancel the bail of Tantri Kandararu Rajeevaru, an accused in the sabarimala gold theft case