

ഐപിഎൽ 2026 സീസണിന് മുന്നോടിയായി മുൻ ഇന്ത്യൻ താരം യുവരാജ് സിങ്ങിന് കീഴിൽ പരിശീലനം നടത്തി ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് നായകൻ റിഷഭ് പന്ത്. മുംബൈയിലെ ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യയിൽ വെച്ചാണ് പന്ത് യുവരാജ് സിങ്ങിന്റെ മേൽനോട്ടത്തിൽ പരിശീലനം നടത്തിയത്. നാല് ദിവസത്തോളം നീണ്ടുനിന്ന പരിശീലന ക്യാമ്പാണിത്.
കഴിഞ്ഞ ഐപിഎൽ സീസണിലെ മോശം ഫോമിൽ നിന്ന് കരകയറാനും പരിമിത ഓവർ ക്രിക്കറ്റിലെ) തന്റെ കരിയർ തിരികെ പിടിക്കാനുമാണ് പന്ത് ഈ പ്രത്യേക പരിശീലനം തേടിയത്.
ബാറ്റിങ് സാങ്കേതികത മെച്ചപ്പെടുത്തുന്നതിലും ഓഫ്-സൈഡിൽ കൂടുതൽ ഷോട്ടുകൾ കളിക്കുന്നതിലും പന്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇടംകൈയ്യൻ ബോളർമാർക്കെതിരെ കൂടുതൽ ഫ്രീയായി ഷോട്ടുകൾ കളിക്കാൻ സഹായിക്കുന്ന രീതിയിൽ പന്ത് തന്റെ ബാറ്റിങ് സ്റ്റാൻസിലും ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
പന്തിന്റെ ഫുട്‌വർക്ക്, ബോഡി ബാലൻസ്, ഷോട്ട് സെലക്ഷൻ എന്നിവയെക്കുറിച്ച് യുവരാജ് സിങ് കൃത്യമായ നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. നേരത്തെ ശുഭ്മാൻ ഗിൽ, അഭിഷേക് ശർമ, സഞ്ജു സാംസൺ തുടങ്ങിയ താരങ്ങളെയും യുവരാജ് സമാനമായ രീതിയിൽ പരിശീലിപ്പിച്ചിട്ടുണ്ട്.
ഐപിഎൽ 2026 മാർച്ച് 28-ന് ആരംഭിക്കാനിരിക്കെ ലഖ്‌നൗ ക്യാമ്പിൽ ചേരുന്നതിന് മുന്നോടിയായാണ് പന്ത് ഈ പരിശീലനം പൂർത്തിയാക്കിയത്. തന്റെ കരിയറിലെ നിർണ്ണായകമായ ഒരു തിരിച്ചുവരവിനാണ് പന്ത് ഇതിലൂടെ ലക്ഷ്യമിടുന്നത്.
Content Highlights: rishabh pant special training with yuvraj singh before ipl 2026