

ആലപ്പുഴ: ചാരുംമൂട് ഏരിയയിലെ ജി സുധാകരൻ അനുകൂലികൾ രഹസ്യയോഗം ചേർന്നതായി വിവരം. സിപിഐഎമ്മുമായി ഇടഞ്ഞ് അമ്പലപ്പുഴയിൽ ജി സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നീക്കം. സിപിഐഎം ഏരിയ കമ്മിറ്റി അംഗത്തിന്റെ വീട്ടിലാണ് യോഗം ചേർന്നത്. ഏരിയ കമ്മിറ്റി അംഗങ്ങൾ, മുൻ പാർട്ടി ഏരിയ സെക്രട്ടറിമാർ, മുൻ ഏരിയ-ലോക്കൽ കമ്മിറ്റി അംഗങ്ങൾ, മുൻ ജനപ്രതിനിധികൾ, യുവജന സംഘടന നേതാക്കൾ ഉൾപ്പെടെ ഇരുപതോളം പേർ പങ്കെടുത്തു. ജി സുധാകരനെ നേരിട്ട് സന്ദർശിക്കാനാണ് ഇവരുടെ തീരുമാനം. ഇന്നലെ രാത്രി ആയിരുന്നു യോഗം.
സിപിഐഎമ്മുമായി ഇടഞ്ഞ ജി സുധാകരൻ കഴിഞ്ഞ ദിവസമാണ് അമ്പലപ്പുഴയിൽ നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. താൻ പാർട്ടി അംഗത്വം ഒഴിഞ്ഞെന്നും പാർട്ടി വിട്ടുവെന്നും ജി സുധാകരൻ പറഞ്ഞിരുന്നു. 'കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെ ഒന്നും പറയില്ല. ആരെയും വ്യക്തിഹത്യ ചെയ്യില്ല. ആരുടെയും പിന്തുണ വേണ്ട. ഒരു പാർട്ടിയിലും മുന്നണിയിലും ചേരാൻ ഉദ്ദേശിക്കുന്നില്ല,' സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതേസമയം യുഡിഎഫ് പിന്തുണയോടെ താൻ മത്സരിക്കുമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും അങ്ങനെ പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
എന്നാൽ പ്രഖ്യാപനത്തിന് പിന്നാലെ ഇന്നലെ രാത്രിയിൽ ജി സുധാകരനെതിരെ ജന്മനാട്ടിൽ സിപിഐഎം പ്രകടനം നടത്തിയിരുന്നു. ചാരുമൂട്ടിൽ നിന്നും കരിമുളയ്ക്കൽ ഭുവനേശ്വരൻ രക്തസാക്ഷി മണ്ഡപത്തിലേക്കാണ് പ്രകടനം നടന്നത്. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ രാഘവൻ, ചാരുംമൂട് ഏരിയാ കമ്മിറ്റി സെക്രട്ടറി ബി ബിനു എന്നിവരുടെ നേതൃത്വത്തിലാണ് പ്രകടനം നടന്നത്. നൂറുകണക്കിന് പേർ പ്രകടനത്തിൽ പങ്കെടുത്തിരുന്നു.
ജി സുധാകരനെതിരെ പുന്നപ്രയിലെ വീടിന് മുന്നിലും പ്രതിഷേധ ബാനർ ഉയർന്നിരുന്നു. കുലംകുത്തിയെന്ന് അധിക്ഷേപിച്ചാണ് ബാനർ. 'കുലംകുത്തികളെ കാലം വർഗവഞ്ചകൻ എന്ന് വിളിക്കും' എന്നാണ് ബാനറിലെ വാചകം. ഭഗവതിക്കൽ സഖാക്കൾ എന്ന പേരിലാണ് ബാനർ സ്ഥാപിച്ചിട്ടുള്ളത്. എന്നാൽ സുധാകരനെ അനുകൂലിക്കുന്ന നിരവധി പേരുണ്ടെന്നും അദ്ദേഹത്തിനൊപ്പം പോകാനായി കാത്തുനിൽക്കുന്ന പ്രവർത്തകരുണ്ടെന്നും അമ്പലപ്പുഴ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഷീബ രാകേഷ് പറഞ്ഞിരുന്നു.
Content Highlights: G Sudhakaran supporters in the Charummoodu area have held a secret meeting