ഗൾഫ് രാജ്യങ്ങളിലേക്ക് കൂടുതല് സർവീസ്; തയ്യാറെടുപ്പോടെ എയര് ഇന്ത്യ എക്സ്പ്രസ്
അബുദബി: യുഎഇ ഉള്പ്പെടെയുള്ള ഗള്ഫ് രാജ്യങ്ങളിലേക്ക് കൂടുതല് സര്വീസുകള് ആരംഭിക്കാനൊരുങ്ങി എയര് ഇന്ത്യ എക്സ്പ്രസ്. സൗദി അറേബ്യയിലേക്കായിരിക്കും കൂടുതല് സര്വീസുകള് തുടങ്ങുക. പ്രവാസികളെ സംബന്ധിച്ചിടത്തോളം ഏറെ പ്രതീക്ഷ നല്കുന്ന പ്രഖ്യാപനമാണ് എയര് ഇന്ത്യ നടത്തിയിരിക്കുന്നത്.
എയര് ഇന്ത്യ എക്സ്പ്രസ് മേധാവി അലോക് സിങ് ആണ് പുതിയതായി ആരംഭിക്കുന്ന വിമാന സര്വീസുകളുടെ വിശദാംശങ്ങള് പുറത്ത് വിട്ടത്. യുഎഇ, സൗദി അറേബ്യ, ഖത്തര്, ബഹറൈന്, തുടങ്ങിയ രാജ്യങ്ങളിലേക്കായിരിക്കും പുതിയ സര്വീസുകള് തുടങ്ങുക. വിവിധ ഇന്ത്യന് നഗരങ്ങളില് നിന്ന് ഗള്ഫിലേക്കുളള വ്യോമ ഗതാഗത ശേഷി വര്ദ്ധിപ്പിക്കുന്നതിനായി തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായാണ് നടപടി.
കേരളത്തില് നിന്നും കൂടുതല് സര്വീസുകള് ഉണ്ടാകും. പുതിയ വിമാനത്താവളമെന്ന നിലയില് കണ്ണൂരില് നിന്ന് കൂടുതല് സര്വീസുകള് ആരംഭിക്കുന്ന കാര്യം പരിഗണനയില് ഉണ്ടെന്ന് എയര് ഇന്ത്യ എക്സ്പ്രസ് മേധാവി പറഞ്ഞു. യുഎഇയില് നിന്നും മറ്റ് ഗള്ഫ് രാജ്യങ്ങളില് നിന്നും ഇന്ത്യയിലേക്ക് വരുന്നവര്ക്ക് വിവിധ നഗരങ്ങളിലേക്കുള്ള യാത്ര കൂടുതല് എളുപ്പമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നിലവില് ആഴ്ചയില് 195 വിമാന സര്വീസുകളാണ് ഇന്ത്യയ്ക്കും യുഎഇക്കും ഇടയില് എയര് ഇന്ത്യ എക്സ്പ്രസ് നടത്തുന്നത്. ഇതില് 80 എണ്ണം ദുബായിലേക്കും 77 എണ്ണം ഷാര്ജയിലേക്കുമാണ്. അബുദാബിയിലേക്ക് 31സർവീസും റാസല് ഖൈമയിലേക്ക് അഞ്ച് സര്വീസുകളും ഇപ്പോള് നടത്തുന്നുണ്ട്. സര്വീസുകള് വിപുലമാക്കുന്നതിന്റെ കൂടി ഭാഗമായി അടുത്ത 15 മാസത്തിനുള്ളില് 450 പൈലറ്റുമാരെയും എണ്ണൂറോളം ക്യാബിന് ക്രൂ ജീവനക്കാരെയും പുതിയതായി നിയമിക്കുമെന്നും എയര് ഇന്ത്യ അറിയിച്ചു.