ഇറാനെതിരായ അമേരിക്കൻ നീക്കം; വ്യോമാതിർത്തി ഉപയോ​ഗിക്കാൻ ആരെയും അനുവദിക്കില്ലെന്ന് സൗദി

മേഖലയിലുടനീളം സുരക്ഷയും സമാധാനവും കൈവരിക്കുന്നതിനും തര്‍ക്കങ്ങള്‍ പരിഹിക്കുന്നതിനുളള എല്ലാ പിന്തുണയും സൗദി അറേബ്യ വാഗ്ദാനം ചെയ്തു

ഇറാനെതിരായ അമേരിക്കൻ നീക്കം; വ്യോമാതിർത്തി ഉപയോ​ഗിക്കാൻ ആരെയും അനുവദിക്കില്ലെന്ന് സൗദി
dot image

ഇറാനെതിരായ നീക്കത്തില്‍ അമേരിക്കക്കെതിരെ ഒറ്റക്കെട്ടായി ഗള്‍ഫ് രാജ്യങ്ങള്‍. ഇറാനെ ആക്രമിക്കാന്‍ തങ്ങളുടെ വ്യോമാതിര്‍ത്തി ഉപയോഗിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് സൗദി അറേബ്യ ആവര്‍ത്തിച്ച് വ്യക്തമാക്കി. മേഖലയില്‍ സംഘര്‍ഷം ഒഴിവാക്കി സമാധാനം പുനസ്ഥാപിക്കണമെന്നും സൗദി ഭരണകൂടം ആവശ്യപ്പെട്ടു.

ഇത് രണ്ടാം തവണയാണ് ഇറാനെതിരായ നീക്കത്തില്‍ അമേരിക്കക്ക് എതിരെ ശക്തമായ നിലപാടുമായി സൗദി അറേബ്യ രംഗത്ത് എത്തുന്നത്. ഇറാനെ ആക്രമിക്കാന്‍ അമേരിക്കക്ക് വ്യോമ പാതയോ മറ്റ് പ്രദേശങ്ങളോ വിട്ടു നല്‍കില്ലെന്ന് ആവര്‍ത്തിച്ച വ്യക്തമാക്കിയിരിക്കുകയാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. ഇറാന്‍ പ്രസിഡന്റുമായി അദ്ദേഹം ഫോണില്‍ സംസാരിച്ചതായി സൗദി പ്രസ് ഏജന്‍സി വ്യക്തമാക്കി. ഇക്കാര്യത്തിലുളള സൗദിയുടെ നിലപാടും കിരീടാവകാശി ഇറാന്‍ പ്രസിഡന്റിനെ അറിയിച്ചു.

മേഖലയിലുടനീളം സുരക്ഷയും സമാധാനവും കൈവരിക്കുന്നതിനും തര്‍ക്കങ്ങള്‍ പരിഹിക്കുന്നതിനുളള എല്ലാ പിന്തുണയും സൗദി അറേബ്യ വാഗ്ദാനം ചെയ്തു. അമേരിക്കയ്ക്കെതിരെ കര്‍ശന നിലപാടുമായി യുഎഇ ഭരണകൂടവും കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ഇറാന് എതിരായ യുഎസിന്റെ ഒരു സൈനിക നീക്കത്തിനും തങ്ങളുടെ വ്യോമപാതയോ ഭൂപ്രദേശമോ സമുദ്ര പരിധിയോ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നാണ് യുഎഇ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.

ഖത്തര്‍, കുവൈത്ത് എന്നീ രാജ്യങ്ങളും നേരത്തെ സമാനമായ നിലപാട് സ്വീകരിച്ചിരുന്നു. ഗള്‍ഫ് മേഖലയിലുള്ള സൈനിക താവളങ്ങള്‍ ഇറാനെതിരായ ആക്രമങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നും അമേരിക്കയെ അറിയിച്ചിട്ടുണ്ട്. മേഖലയിലെ സമാധാനത്തിന് മുന്‍ഗണന നല്‍കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു തീരുമാനമെന്നും വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ വ്യക്തമാക്കുന്നു.

രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ നയതന്ത്ര മാര്‍ഗങ്ങളിലൂടെ പരിഹരിക്കണമെന്നാണ് ആവശ്യം. ആശയവിനിമയം മെച്ചപ്പെടുത്തുക, സംഘര്‍ഷങ്ങള്‍ കുറയ്ക്കുക, അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കുക, രാഷ്ട്രങ്ങളുടെ പരമാധികാരത്തെ ബഹുമാനിക്കുക എന്നിവയാണ് നിലവിലെ പ്രതിസന്ധികള്‍ പരിഹരിക്കാനുള്ള ഉചിതമായ മാര്‍ഗമെന്നും ഗള്‍ഫ് രാജ്യങ്ങള്‍ ചൂണ്ടികാട്ടുന്നു.

Content Highlights: Saudi Arabia has taken a firm stand against the use of its airspace for any US military operations targeting Iran. The statement comes as tensions rise in the Middle East, with the kingdom asserting its sovereignty and commitment to regional security. This move adds to the growing resistance from Gulf nations against US involvement in the region’s conflicts.

dot image
To advertise here,contact us
dot image