
കുവൈത്ത് സിറ്റി: കുവൈത്തിൽ അടുത്തയാഴ്ച പുതിയ അധ്യയന വര്ഷം ആരംഭിക്കാനിരിക്കെ വിദ്യാര്ഥികള്ക്ക് പ്രത്യേക മാര്ഗ നിര്ദേശവുമായി വിദ്യാഭ്യാസ വകുപ്പ്. ആണ്കുട്ടികളും പെണ്കുട്ടികളും ഇടകലര്ന്ന് ഇരിക്കരുതെന്നും ക്യാമ്പസിനുള്ളില് മാന്യമായ വസ്ത്രം ധരിക്കണമെന്നതുമടക്കമുളള നിര്ദേശങ്ങളാണ് അധികൃതര് പുറപ്പെടുവിച്ചിരിക്കുന്നത്. പുതിയ അധ്യയന വര്ഷത്തെ വരവേല്ക്കാനുളള അവസാന വട്ട തയ്യാറെടുപ്പിലാണ് കുവൈത്തിലെ വിദ്യാര്ഥികളും അധ്യാപകരും.
ഈ സാഹചര്യത്തിലാണ് വിദ്യാര്ത്ഥികള്ക്കായി പുതിയ മാര്ഗ നിര്ദേശങ്ങള് വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി ഡോ. ആദില് അല് മാനിയയുടെ നേതൃത്വത്തില് ചേര്ന്ന പാര്ലമെന്റ് സമിതി യോഗമാണ് ക്യാമ്പസുകളില് കൂടുതല് നിയന്ത്രണങ്ങള് കൊണ്ട് വരാന് തീരുമാനിച്ചത്.
ലിംഗസമത്വം ശരിയായ രീതിയില് മനസ്സിലാക്കി പരസ്പരം അംഗീകരിക്കുന്നതിനും ബഹുമാനിക്കുന്നതിനും പുതിയ തീരുമാനം ഉപകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. സര്വകലാശാല ക്യാമ്പസില് പെണ്കുട്ടികളും ആണ്കുട്ടികളും ഇടപഴകുന്നത് തടയുന്നതിന് ആവശ്യമായ നടപടികള് സ്വീകരിക്കുമെന്ന് കുവൈത്ത് സര്വകലാശാല അധികൃതര് അറിയിച്ചു. നേരത്തെ ലിംഗ വേര്തിരിവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് ഹൈഫ് അടക്കമുള്ള പാര്ലമെന്റ് അംഗങ്ങള് രംഗത്തുവന്നിരുന്നു.