
കുവൈറ്റ് സിറ്റി: കേബിൾ റീൽ റൗണ്ടിനുള്ളിൽ പ്രത്യേകം സജ്ജീകരിച്ച അറയ്ക്കുള്ളിൽ മദ്യം കടത്താനുള്ള നീക്കം തകർത്ത് കുവൈറ്റ് കസ്റ്റംസ്. വിദേശത്ത് നിന്ന് എത്തിച്ച 20 അടി കണ്ടെയ്‌നറിനുള്ളിലാണ് ഒളിപ്പിച്ച നിലയിൽ മദ്യം കണ്ടെത്തിയത്. കുവൈറ്റ് കസ്റ്റംസ് നടത്തിയ പരിശോധനയിൽ 3591 കുപ്പി മദ്യമാണ് കണ്ടെത്തിയത്.
കസ്റ്റംസും ജനറൽ ഫയർ ഫോഴ്‌സും സംയുക്തമായി സഹകരിച്ചാണ് ഓപ്പറേഷൻ നടത്തിയത്. അതിർത്തിയിൽ എത്തിയ കണ്ടെയ്‌നറിൽ സംശയം തോന്നിയ അധികൃതർ വിശദമായ പരിശോധന നടത്തുകയായിരുന്നു. തുടർന്നാണ് വാഹനത്തിൽ സ്റ്റീൽ കേബിൾ റീൽ റൗണ്ട് കണ്ടെത്തിയത്.
തുടർന്ന് കസ്റ്റംസും ഫയർഫോഴ്‌സും ചേർന്ന് റീലുകൾ പൊളിച്ചുമാറ്റി പരിശോധിക്കുകയായിരുന്നു. പ്രത്യേകം രൂപകൽപ്പന ചെയ്ത അറയ്ക്കുള്ളിലായിരുന്നു 3591 കുപ്പി മദ്യം കണ്ടെത്തിയത്. സംഭവത്തിൽ ഷിപ്പിംഗ് രേഖകളിൽ പേരുള്ള സ്വീകർത്താവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസ് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് നാർക്കോട്ടിക് കൺട്രോളിലേക്ക് റഫർ ചെയ്തിട്ടുണ്ട്. ഷിപ്പിങ് അയച്ചയാളുടെയും സ്വീകർത്താവിന്റെയും വിശദാംശങ്ങൾ അധികൃതർ സ്വീകരിച്ചിട്ടുണ്ട്. കള്ളക്കടത്തിനെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് കസ്റ്റംസ് ജനറൽ അഡ്മിനിസ്‌ട്രേഷൻ പറഞ്ഞു.
Content Highlights : Kuwait Customs foils attempt to smuggle 3,591 bottles of liquor