വീണ്ടും ബഹിരാകാശത്തേക്ക് പോകാന്‍ ആഗ്രഹമെന്ന് നെയാദി; സുല്‍ത്താനെ സ്വീകരിക്കാനൊരുങ്ങി യുഎഇ

ചരിത്ര ദൗത്യം പൂര്‍ത്തിയാക്കിയുളള നെയാദിയുടെ മടങ്ങി വരവ് വലിയ ആഘോഷമാക്കാനുളള ഒരുക്കങ്ങള്‍ മൂഹമ്മദ് ബിന്‍ റാഷിദ് സ്പെയ്സ് സെന്ററിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു
വീണ്ടും ബഹിരാകാശത്തേക്ക് പോകാന്‍ ആഗ്രഹമെന്ന് നെയാദി; സുല്‍ത്താനെ സ്വീകരിക്കാനൊരുങ്ങി യുഎഇ

അബുദബി: വീണ്ടും ബഹിരാകാശ യാത്ര നടത്താനുള്ള ആഗ്രഹം പങ്കുവച്ച് യുഎഇയുടെ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദി. അവസരം കിട്ടിയാല്‍ തന്റെ സഹ പ്രവര്‍ത്തകര്‍ക്കൊപ്പം വീണ്ടും ബഹിരാകാശ നിലയത്തില്‍ ഒന്നിക്കണമെന്ന് നെയാദി പറഞ്ഞു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് തിരിച്ചെത്തിയ ശേഷം അമേരിക്കയിലെ ഹൂസ്റ്റണില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വീണ്ടും മറ്റൊരു ബഹികാശ യാത്ര കൂടി നടത്താനുളള ആഗ്രഹം സുല്‍ത്താന്‍ അല്‍ നെയാദി പങ്കുവച്ചത്.

'വീണ്ടും ബഹിരാകാശ നിലയത്തിലേക്ക് പോകാന്‍ ആഗ്രഹം ഉണ്ടോ എന്ന് പലരും ചോദിക്കുന്നു. ഞാന്‍ പറയുന്നു തീര്‍ച്ചയായും ആഗ്രഹമുണ്ട്. അവസരം കിട്ടിയാല്‍ വീണ്ടും ബഹിരാകാശ നിലയത്തിലേക്ക് പോകും', മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി നെയാദി പറഞ്ഞു. തുടര്‍ച്ചയായ ബഹിരാകാശ ദൗത്യമാണ് യുഎഇ ലക്ഷ്യമിടുന്നത്. യുഎഇയുടെ ആദ്യ ബഹിരാകാശ സഞ്ചാരി അല്‍ മന്‍സൂരിക്ക് പിന്നാലെയാണ് താന്‍ ബഹിരാകശ നിലയത്തില്‍ എത്തിയത്. ബഹിരാകാശ ദൗത്യങ്ങള്‍ ഇനിയും തടരുമെന്നും സുല്‍ത്താന്‍ അല്‍ നെയാദി പറഞ്ഞു.

ആറ് മാസം നീണ്ട ബഹിരാകശ നിലയത്തിലെ താമസം, ഭക്ഷണം,വ്യായാമം തുടങ്ങിയ അനുഭവങ്ങളും നെയാദി പങ്കുവച്ചു. ഒഴിവ് സമയങ്ങളിലാണ് ഭൂമിയുടെ ചിത്രങ്ങളും ദൃശ്യങ്ങളും പകര്‍ത്തിയത്. ഇതിനിടയില്‍ യുഎഇയിലെ കുട്ടികളുമായും ഭരണാധികാരികളുമായും പൊതു ജനങ്ങളുമായും സംവദിക്കാനും കഴിഞ്ഞു. ബഹിരാകാശ നിലയത്തിലെ ഭാരമില്ലായ്മയിലെ ജീവിതം അവിസ്മരണീയ അനുഭവമായിരുന്നു എന്നും സുല്‍ത്താന്‍ പറഞ്ഞു. അധികം വൈകാതെ അമേരിക്കയില്‍ നിന്ന് യുഎഇയിലേക്ക് തിരിച്ചെത്താനുളള തയ്യാറെടുപ്പിലാണ് സുല്‍ത്താന്‍ അല്‍ നെയാദി.

ചരിത്ര ദൗത്യം പൂര്‍ത്തിയാക്കിയുളള നെയാദിയുടെ മടങ്ങി വരവ് വലിയ ആഘോഷമാക്കാനുളള ഒരുക്കങ്ങള്‍ മൂഹമ്മദ് ബിന്‍ റാഷിദ് സ്പെയ്സ് സെന്ററിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. ഭരണകര്‍ത്താക്കളുമായുളള കൂടിക്കാഴ്ചക്ക് പുറമെ സംവാദങ്ങള്‍, റോഡ് ഷോ തുടങ്ങി വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com