Top

ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് ആശങ്ക; വാസ്‌ക്വസും ചെഞ്ചോയും പോയേക്കും, സഹലിനും രാഹുലിനും വേണ്ടി വമ്പന്മാര്‍

കൊല്‍ക്കത്ത വമ്പന്മാരായ എ.ടി.കെ. മോഹന്‍ ബഗാന്‍ സ്പാനിഷ് താരത്തിന് വമ്പന്‍ ഓഫര്‍ നല്‍കിയതായാണ് ലഭിക്കുന്ന വിവരം.

30 March 2022 12:11 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് ആശങ്ക; വാസ്‌ക്വസും ചെഞ്ചോയും പോയേക്കും, സഹലിനും രാഹുലിനും വേണ്ടി വമ്പന്മാര്‍
X

കേരളാ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് ആശങ്ക സൃഷ്ടിച്ച് രണ്ടു വിദേശ താരങ്ങള്‍ ടീം വിടുമെന്നു സൂചന. മുന്നേറ്റനിരയില്‍ ഈ സീസണില്‍ മിന്നും പ്രകടനം കാഴ്ചവച്ച സ്പാനിഷ് താരം ആല്‍വാരോ വാസ്‌ക്വസും പകരക്കാരനായി ഇറങ്ങി ഞെട്ടിച്ച ഭൂട്ടാനീസ് താരം ചെഞ്ചോ ഗില്‍ഷനുമാണ് അടുത്ത സീസണില്‍ മറ്റു ടീമുകളിലേക്ക് ചേക്കേറാന്‍ ഒരുങ്ങുന്നത്.

ഇരുതാരങ്ങളെ നിലനിര്‍ത്താന്‍ ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് തയാറാണെങ്കിലും കരാര്‍ പുതുക്കാന്‍ ഇരുവരും ഇതുവരെ തയാറായിട്ടില്ല. സീസണില്‍ അധികം അവസരങ്ങള്‍ ലഭിക്കാതെ പോയ ചെഞ്ചോയ്ക്ക് ടീമില്‍ തുടരാന്‍ ഒട്ടും താല്‍പര്യമില്ലെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. അതേസമയം വാസ്‌ക്വസിന്റെ കാര്യത്തില്‍ മറ്റു ചില ടീമുകളുടെ ഓഫറുകളാണ് വിലങ്ങുതടിയാകുന്നു.

കൊല്‍ക്കത്ത വമ്പന്മാരായ എ.ടി.കെ. മോഹന്‍ ബഗാന്‍ സ്പാനിഷ് താരത്തിന് വമ്പന്‍ ഓഫര്‍ നല്‍കിയതായാണ് ലഭിക്കുന്ന വിവരം. ഇതുകാരണമാണ് താരം ബ്ലാസ്‌റ്റേഴ്‌സുമായുള്ള കരാര്‍ പുതുക്കാന്‍ വൈമനസ്യം കാണിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അതേസമയം വിദേശ താരങ്ങള്‍ക്കു പുറമേ ടീമിന്റെ മലയാളി താരങ്ങളായ സഹല്‍ അബ്ദുര്‍ സമദിനെയും കെ.പി. രാഹുലിനെയും റാഞ്ചാനും മറ്റു ടീമുകള്‍ ശ്രമിക്കുന്നുണ്ട്. ഇരുവര്‍ക്കും വന്‍ തുക ഓഫര്‍ ചെയ്യാനും മറ്റു ടീമുകള്‍ ആരംഭിച്ചു കഴിഞ്ഞു. എന്നാല്‍ അടുത്ത സീസണിലും പരിശീലകനായി ഇവാന്‍ വുകോമനോവിച്ചിനെ നിലനിര്‍ത്തിയിരിക്കുന്ന ബ്ളാസ്റ്റേഴ്സ് താരത്തെ വിട്ടുകൊടുക്കാന്‍ വഴിയില്ല. സഹലിന്റെയും, രാഹുലിന്റെയും ട്രാന്‍സ്ഫര്‍ സാധ്യതയെക്കുറിച്ച് രണ്ട് ഐഎസ്എല്‍ ക്ലബ്ബുകള്‍ അന്വേഷണം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Next Story