നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ വിട്ട് കടുത്തുരുത്തിയിൽ ചേക്കേറാൻ ജോസ് കെ മാണി; വിജയസാധ്യതയെന്ന് വിലയിരുത്തൽ

കെ എം മാണി മരിച്ചതിനെ തുടർന്ന് 2019ൽ നടന്ന ഉപതെരഞ്ഞെടുപ്പിലും പിന്നീട് 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും പാലായിൽ കേരള കോൺഗ്രസ് പരാജയപ്പെട്ടിരുന്നു

dot image

കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിൽ മണ്ഡലം മാറി മത്സരിക്കാൻ ഒരുങ്ങി ജോസ് കെ മാണി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട പാലായിൽ നിന്നും മാറി കടുത്തുരുത്തിയിൽ മത്സരിക്കാനാണ് ജോസ് കെ മാണിയുടെ നീക്കം. പാലായേക്കാൾ കടുത്തുരുത്തിയിലാണ് കൂടുതൽ വിജയസാധ്യത എന്ന വിലയിരുത്തലിനെ തുടർന്നാണ് നീക്കം. ഇതിനകം ജോസ് കെ മാണി മണ്ഡലത്തിൽ സജീവമായി കഴിഞ്ഞു. സയൻസ് സിറ്റി അടക്കമുള്ള പദ്ധതികളുടെ ചുക്കാൻ പിടിച്ച് കടുത്തുരുത്തിയിൽ ഇതിനകം ജോസ് കെ മാണി കളംപിടിച്ച് കഴിഞ്ഞു.

കെ എം മാണി മരിച്ചതിനെ തുടർന്ന് 2019ൽ നടന്ന ഉപതിരഞ്ഞെടുപ്പിലും പിന്നീട് 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും പാലായിൽ കേരള കോൺഗ്രസ് പരാജയപ്പെട്ടിരുന്നു. ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിനായി മത്സരിച്ച മാണി സി കാപ്പനോടായിരുന്നു യുഡിഎഫിനോടൊപ്പം മത്സരിച്ച കേരള കോൺ​ഗ്രസിൻ്റെ പരാജയം. എന്നാൽ 2021 എൽഡിഎഫ് പാളയത്തിൽ എത്തിയ കേരള കോൺ​ഗ്രസ് മാണി വിഭാ​ഗം യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച മാണി സി കാപ്പനോട് പരാജയപ്പെടുകയായിരുന്നു. 2021ൽ ജോസ് കെ മാണിയുടെ പാലായിൽ പരാജയപ്പെട്ടത് കേരള കോൺ​ഗ്രസ് മാണി ​ഗ്രൂപ്പിന് വലിയ തിരിച്ചടിയായിരുന്നു.

ഇനിയൊരിക്കൽ കൂടി പാർട്ടി ചെയർമാൻ പരമ്പരാ​ഗത മണ്ഡലമായ പാലായിൽ മത്സരിച്ച് തോൽക്കുന്നത് പാർട്ടിക്ക് ക്ഷീണമാകുമെന്നാണ് കേരള കോൺ​ഗ്രസ് എം നേതൃത്വം വിലയിരുത്തുന്നത്. ഈ സാഹചര്യത്തിൽ ജോസ് കെ മാണി വിജയസാധ്യതയുള്ള മണ്ഡലത്തിൽ മത്സരിക്കാൻ ഇറങ്ങണമെന്നാണ് പാർട്ടിയിൽ ഉയരുന്ന ആവശ്യം. എന്നാൽ സിറ്റിം​ഗ് എംഎൽഎമാരെ മാറ്റി മത്സരിക്കാനിറങ്ങുന്നത് തിരിച്ചടിയാകുമെന്നും പാർട്ടി വിലയിരുത്തുണ്ട്. ഈ സാഹചര്യത്തിലാണ് കേരള കോൺ​ഗ്രസ് എമ്മിന് ശക്തമായ വേരോട്ടമുള്ള കടുത്തുരുത്തിയിൽ ജോസ് കെ മാണി മത്സരിക്കുന്നതാവും സുരക്ഷിതമെന്ന ആഭിപ്രായം രൂപപ്പെട്ടിരിക്കുന്നത്. പാലായേക്കാൾ വിജയസാധ്യത കടുത്തുരുത്തിയിൽ ആണെന്നാണ് നേതൃത്വം കണക്കാക്കുന്നത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കടുത്തുരുത്തിയിൽ പരാജയപ്പെട്ടെങ്കിലും മോൻസ് ജോസഫിൻ്റെ ഭൂരിപക്ഷം 5000ത്തിന് താഴെയ്ക്ക് എത്തിക്കാൻ കേരള കോൺ​ഗ്രസ് എമ്മിന് സാധിച്ചിരുന്നു.

Content Highlights: Jose K Mani will leave Pala and contest from Kaduthuruthy

dot image
To advertise here,contact us
dot image