
കൊച്ചി: സാമൂഹിക മാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയതിന് യൂട്യൂബർ ഷാജൻ സ്‌കറിയയ്ക്ക് വ്യവസായി ഡോ. രവി പിള്ളയുടെ വക്കീൽ നോട്ടീസ്. ഏഴ് ദിവസത്തിനകം യൂട്യൂബ് വീഡിയോ പിൻവലിച്ച് നിരുപാധികം മാപ്പപേക്ഷിക്കുകയും നൂറ് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് ഡോ. രവി പിള്ളയുടെ വക്കീൽ നോട്ടീസ്.
ഇക്കാര്യത്തിൽ വീഴ്ച വരുത്തിയാൽ സിവിൽ, ക്രിമിനൽ നിയമ നടപടികൾ ആരംഭിക്കുമെന്നും നോട്ടീസിൽ പറയുന്നു. ഡോ. രവി പിള്ളയെ അപകീർത്തിപ്പെടുത്തും വിധം തലക്കെട്ട് നൽകി വസ്തുതാവിരുദ്ധമായ വീഡിയോ യൂട്യൂബിൽ പ്രസിദ്ധീകരിച്ചതിലാണ് നിയമ നടപടി.
യൂട്യൂബർ ഷാജൻ സ്‌കറിയയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് മറുനാടൻ മലയാളി. നോട്ടീസിൽ മറുനാടൻ മലയാളിയെന്ന സ്ഥാപനം ഒന്നാം പ്രതിയും യൂട്യൂബ് സ്ഥാപനമുടമ ഷാജൻ സ്‌കറിയ, കൊല്ലം സ്വദേശി അനിൽ കുമാർ എന്നിവർ യഥാക്രമം രണ്ടും മൂന്നും പ്രതികളാണ്. ഡോ. രവി പിള്ളയ്ക്ക് വേണ്ടി അഭിഭാഷകനായ എസ് ഹരികൃഷ്ണനാണ് നോട്ടീസയച്ചത്.
Content Highlights: Dr. Ravi Pillai's legal notice to Shajan Skaria