
കോണ്‍ഗ്രസിനെ പ്രകോപിപ്പിച്ചും, പ്രധാനമന്ത്രിയെ പുകഴ്ത്തിയും കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ പ്രതികരണങ്ങള്‍ തുടരുകയാണ്. '2047ലെ ഇന്ത്യ'യെന്ന വിഷയത്തില്‍ ലണ്ടനിൽ ശശി തരൂര്‍ നടത്തിയ പ്രസംഗമാണ് ഒടുവില്‍ വിവാദമായിരിക്കുന്നത്. ഊര്‍ജ്ജസ്വലമായ നേതൃത്വത്തിന് കീഴില്‍ ഇന്ത്യയില്‍ ശുഭകരമായ മാറ്റങ്ങള്‍ ഉണ്ടാകുന്നുവെന്നും കോണ്‍ഗ്രസിന്റെ ഇടതുപക്ഷ നയസമീപനങ്ങളില്‍ നിന്ന് ഇന്ത്യ മാറിയെന്നും ശശി തരൂർ പറയുന്നു. ഉദാരവല്‍ക്കരണത്തിലേക്കും, ആഗോളവല്‍ക്കരണത്തിലേക്കുള്ള ശാക്തീകരണം ഗുണകരമാണ്. മാറ്റം സാധ്യമായത് മികവുറ്റ നേതൃത്വത്തിന് കീഴിലാണെന്നും തരൂര്‍ പ്രശംസിക്കുന്നു. പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ വായിക്കാം.
ഇന്ത്യക്ക് സമ്പന്നമായ പാരമ്പര്യമുണ്ട്. രണ്ട് നൂറ്റാണ്ട് ബ്രിട്ടീഷുകാര്‍ ഭരിച്ചിട്ടും ഒരു ബഹുസ്വര രാഷ്ട്രമെന്ന ഇന്ത്യയുടെ നിലനില്‍പ്പിനെ പലരും അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്. ബഹുസ്വരത ഒരു രാജ്യത്തിന്റെ യഥാര്‍ത്ഥ സ്വഭാവത്തില്‍ നിന്ന് ഉയര്‍ന്നുവരുന്നതാണ്. അത്തരത്തില്‍ ബഹുസ്വരത, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന മനോഭാവം എന്നിവ എക്കാലവും ഇന്ത്യയുടെ ആശയമാണ്.
നമ്മുടെ നാഗരികത സഹസ്രാബ്ദങ്ങളായി നിലനില്‍ക്കുന്നതാണ് എന്നും എല്ലാ മതസ്ഥര്‍ക്കും സ്വാതന്ത്ര്യം നല്‍കുന്നതാണെന്നും ടാഗോര്‍ പറഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ ഉദയം അത്തരത്തില്‍ ഒരു കാലത്തിന്റെ ഉദയമായിരുന്നുവെന്ന് പറയേണ്ടിവരും. നമ്മള്‍ ഒരു ബഹുസ്വര സമൂഹമായി എന്നും നിലനിന്നിട്ടുണ്ട്.
ആഗോളവത്കരണത്തിന്റെ സമയത്തും നമ്മളായിരുന്നു മുമ്പില്‍. ഇന്ത്യയുടെ എല്ലാതരം സാംസ്‌കാരിക കൈമാറ്റങ്ങള്‍ക്കും ഏഷ്യയുടെ പല ഭാഗങ്ങളും വേദിയായിട്ടുണ്ട്. സോഫ്റ്റ് പവര്‍ എന്ന പദം ഉപയോഗിക്കുന്നതിന് മുമ്പായിത്തന്നെ ഈ രാജ്യം അതിന്റെ സ്വാധീനം വ്യാപിപ്പിച്ചുകൊണ്ടിരുന്നു. റോമിന് ഗ്രീസ് എന്തായിരുന്നുവോ, അതുപോലെയായിരുന്നു ലോക രാജ്യങ്ങള്‍ക്ക് അന്ന് ഇന്ത്യ. ഇന്ത്യക്കാര്‍ എല്ലാ മേഖലകളിലും ഇപ്പോള്‍ ശോഭിക്കുകയാണ്.
ഇന്ത്യന്‍ വംശജയുടെ മകന്‍ ഇപ്പോള്‍ അമേരിക്കന്‍ മേയര്‍ സ്ഥാനത്തേയ്ക്ക് മത്സരിക്കുകയാണ്. രാജ്യത്തെ പ്രതിനിധീകരിച്ച് യുഎസിലുള്ള സമയത്ത് വാഷിംഗ്ടണ്‍ പോസ്റ്റിന് വേണ്ടി എന്റെ മകന്‍ എന്നോട് ചോദ്യം ചോദിക്കുകയാണ്. നമ്മുടെ രാജ്യം നേടിയെടുത്ത മനുഷ്യ ആഗോളവത്കരണം എന്ന് ഇവയെ വിശേഷിപ്പിക്കാം.
പല പല ജാതികള്‍, പല പല മതങ്ങള്‍, സംസ്‌കാരങ്ങള്‍, നിറം, വര്‍ഗം എന്നിവയെല്ലാം പരസ്പരം നിലനില്‍ക്കുന്ന, ജനാധിപത്യപരമായ ഒരു രാജ്യമാണ് നമ്മുടേത്. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഇന്ത്യയിലെ ജനങ്ങള്‍ എന്നും ഒറ്റക്കെട്ടായാണ് നിന്നിട്ടുള്ളത്. പഹല്‍ഗാമിന് ശേഷവും നമ്മള്‍ കാണിച്ച ഐക്യം മറ്റൊരിടത്തും പ്രകടമായിരുന്നില്ല. നമ്മള്‍ക്കിടയില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ വളര്‍ത്താന്‍ പദ്ധതിയുണ്ടായി. എന്നാല്‍ ആ ലക്ഷ്യം നമ്മള്‍ തകര്‍ത്തു. ശേഷം പാകിസ്താനിലെ ഭീകരകേന്ദ്രങ്ങളെ നമ്മള്‍ തകര്‍ത്തു. തിരിച്ചടിയുടെ കാര്യങ്ങള്‍ വിവരിച്ചത് രണ്ട് സ്ത്രീകളാണ്, ഒരാള്‍ ഹിന്ദുവും മറ്റൊരാള്‍ മുസ്ലിമും. എന്റെ സഹ പാര്‍ലമെന്റേറിയന്‍ കനിമൊഴി പറഞ്ഞതുപോലെ, നമ്മുടെ ഭാഷ എന്നത് 'നാനാത്വത്തില്‍ ഏകത്വം എന്നത് മാത്രമാണ്.
കഴിഞ്ഞ 78 വര്‍ഷങ്ങളില്‍ നമ്മുടെ രാജ്യം പല പരിണാമങ്ങളിലൂടെയും കടന്നുപോയിട്ടുണ്ട്. ഫ്യൂഡല്‍, ജാതി വ്യവസ്ഥകള്‍ നിലനിന്നിരുന്ന ഇടത്തുനിന്ന് ആധുനികതയിലൂന്നിയ, അവകാശസമത്വമുള്ള ഒരു രാജ്യമായി നമ്മള്‍ മാറി. ആഗോളവത്കരണ, ഉദാരവത്കരണ, സ്വകാര്യവത്കരണ നയങ്ങളിലേക്ക് നമ്മള്‍ കടന്നു. ചേരിചേരാ നയത്തില്‍ നിന്ന് നമ്മള്‍ മാറി. മധ്യ, ഇടതുപക്ഷ രാഷ്ട്രീയത്തില്‍ നിന്ന് ബിജെപിയുടെ ദേശീയതയിലൂന്നിയ രാഷ്ട്രീയത്തിലേക്ക് നമ്മള്‍ കടന്നു. കരിഷ്മാറ്റിക് നേതൃത്വത്തിലേക്കും ശക്തമായ കേന്ദ്രീകൃത ഭരണത്തിലേക്കും മാറി. മറ്റ് രാജ്യങ്ങളില്‍ ഒരുപക്ഷെ കലാപത്തിന് കാരണമായേക്കാവുന്ന സന്ദര്‍ഭങ്ങളെ, ഇന്ത്യയിലെ ജനാധിപത്യം അവയൊന്നുമില്ലാതെ മനോഹരമായി ഉള്‍ക്കൊണ്ടു. 2047ലേക്ക് നോക്കുമ്പോള്‍ ഇനിയെന്ത് എന്ന ചോദ്യമാണ് ബാക്കിയുള്ളത്.
നമ്മള്‍ മുന്നോട്ടുപോകുമ്പോള്‍ എല്ലാ ഇന്ത്യക്കാരനും മാന്യമായ ഒരു ജീവിതം ജീവിക്കുന്നു എന്നുറപ്പാക്കേണ്ടതുണ്ട്. ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ഇപ്പോഴും മൂന്ന് നേരം ഭക്ഷണം ലഭിക്കുന്നില്ല. കുടിവെള്ളം, ശുദ്ധജലം പോലുള്ള അടിസ്ഥാന സൗകര്യങ്ങളും ഇല്ല. നമുക്ക് ഈ യാഥാര്‍ഥ്യത്തെ അവഗണിക്കാന്‍ കഴിയില്ല. 129 മില്യണ്‍ ഇന്ത്യക്കാര്‍ ഇപ്പോഴും കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വീടുകള്‍ ലഭിക്കാത്തവരുണ്ട്, കൃത്യമായ ഭക്ഷണം ലഭിക്കാത്തവരുണ്ട്. ഇവ ആഡംബരങ്ങളല്ല, അന്തസ്സും മാന്യതയും നിറഞ്ഞ ജീവിതത്തിന് അത്യാവശ്യമായി വേണ്ടതാണ്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ നമ്മള്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കി. ആരോഗ്യമേഖലയ്ക്ക് വേണ്ടി നമ്മള്‍ നീക്കിവെക്കുന്നത് ആഗോള മാനദണ്ഡമായ 4 മുതല്‍ 5 ശതമാനത്തേക്കാള്‍ താഴെ തുക മാത്രമാണ്. മറ്റ് ബ്രിക്‌സ് രാജ്യങ്ങള്‍ പോലും നമ്മളെക്കാള്‍ കൂടുതല്‍ മാറ്റിവെക്കുകയാണ്. ഇന്നത്തെ കാലത്ത് ഒരു കാൻസർ വന്നാല്‍ പോലും ഒരു കുടുംബത്തിന്റെ സാമ്പത്തികാവസ്ഥ താളംതെറ്റും. കയ്യിലുള്ളതെല്ലാം വില്‍ക്കുകയാണ് എല്ലാവരും ആ സമയത്ത് ചെയ്യുക. ഇപ്പോഴും ഓരോ വര്‍ഷവും നിരവധി ജനങ്ങളാണ് ഇത്തരത്തില്‍ ദാരിദ്ര്യത്തിലേക്ക് വഴുതിവീഴുന്നത്.
ആയുഷ്മാന്‍ ഭാരത് അടക്കമുള്ള പദ്ധതികള്‍ ചില മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും, ഓരോ ഇന്ത്യക്കാരനും അയാളുടെ ചുറ്റുവട്ടത്തുതന്നെ അയാള്‍ക്ക് വേണ്ട ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍, സിസ്റ്റം പരാജയപ്പെടും. 2047ല്‍ നമ്മള്‍ ഉറപ്പാക്കേണ്ടത് അടിസ്ഥാന ആരോഗ്യ സൗകര്യങ്ങള്‍ എല്ലാ ഇന്ത്യക്കാര്‍ക്കും ലഭ്യമാകുന്നു എന്നതാണ്.
നമ്മുടെ കുട്ടികള്‍ക്ക് എന്ത് വിദ്യാഭ്യാസമാണ് നല്‍കേണ്ടത് എന്നും നമ്മള്‍ ചിന്തിക്കേണ്ടതുണ്ട്. മാര്‍ക്കുകള്‍ മാത്രം പോരാ, ഉത്തരവാദിത്വമുള്ള പൗരന്മാരാകാന്‍ നമ്മുടെ ക്ലാസ് മുറികള്‍ കുട്ടികളെ സജ്ജരാക്കണം. നമ്മള്‍ കരിക്കുലം പരിഷ്‌കരിക്കണം. ചെറുപ്പം മുതല്‍ക്കെത്തന്നെ വിമര്‍ശനാത്മകമായി ചിന്തിക്കാന്‍ നമ്മുടെ കുട്ടികള്‍ പ്രാപ്തരാകണം. വിദ്യാഭ്യാസത്തിലൂടെ നമ്മുടെ കുട്ടികളെ രാജ്യത്തിന് വിശിഷ്ട സംഭാവനകള്‍ നല്‍കാനുതകുന്ന മനുഷ്യരാക്കി നമ്മള്‍ മാറ്റണം. നമ്മുടെ രാഷ്ട്ര സ്ഥാപകര്‍ കണ്ട സ്വപ്നവും അതായിരിക്കും.
നമ്മുടെ ആഗോളവത്കരണത്തിന്റെയും ഉദാരവത്കരണത്തിന്റെയും പ്രയോജനങ്ങള്‍ സാധാരണക്കാരിലേക്കെത്തണം. നമ്മള്‍ നേടുന്ന വളര്‍ച്ചയുടെ ഗുണഭോക്താക്കള്‍ നമ്മുടെ ജനസംഖ്യയുടെ ഏറ്റവും താഴെയുള്ള 25 ശതമാനമാകണം എന്ന് നമ്മള്‍ ഉറപ്പാക്കണം. നമ്മളിപ്പോള്‍ എല്ലാ മേഖലയിലും മുന്നേറുകയാണ്. എന്നാല്‍ ഇപ്പോഴും പല ജനങ്ങളും പണ്ടത്തെ കാലത്താണ് ജീവിക്കുന്നത്. ഒരു ജനാധിപത്യ രാജ്യം എന്ന നിലയില്‍ മാത്രമല്ല, സാമ്പത്തിക ശക്തി എന്ന നിലയിലും നമ്മള്‍ മാറണം.
Content Highlights: Congress MP Shashi Tharoor Viral speech at Oxford