'വിരാട് കോഹ്‍ലിയുടെ എല്ലാ നേട്ടങ്ങളെയും ഞാൻ ആരാധനയോടെ കാണുന്നു': പ്രശംസിച്ച് നൊവാക് ജോക്കോവിച്ച്

ക്രിക്കറ്റിൽ തന്റെ കഴിവുകൾ ഉയർത്തുവാൻ ശ്രമിക്കുന്നുണ്ടെന്നും ജോക്കോവിച്ച് പറഞ്ഞു

dot image

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസ താരം വിരാട് കോഹ്‍ലിയെ പ്രശംസിച്ച് ടെന്നിസ് ഇതിഹാസം നൊവാക് ജോക്കോവിച്ച്. വിംബിൾഡൺ ടെന്നിസ് ടൂർണമെന്റിൽ പ്രീക്വാർട്ടർ മത്സരത്തിന് പിന്നാലെയാണ് കോഹ്‍ലിയെ പ്രശംസിച്ച് ജോക്കോവിച്ച് രം​ഗത്തെത്തിയത്. വിംബിൾഡണിൽ നൊവാക് ജോക്കോവിച്ചിന്റെ മത്സരം കാണുവാൻ വിരാട് കോഹ്‍ലിയും ഭാര്യ അനുഷ്കയും ലണ്ടനിലെത്തിയിരുന്നു. ക്രിക്കറ്റിലെ കോഹ്‍ലിയുടെ എല്ലാ നേട്ടങ്ങളെയും താൻ ബഹുമാനിക്കുന്നുവെന്നാണ് സെർബിയൻ ടെന്നിസ് ഇതിഹാസത്തിന്റെ വാക്കുകൾ.

'വിരാട് കോഹ്‍ലിയും ഞാൻ കുറച്ചു വർഷങ്ങളായി സംസാരിക്കാറുണ്ട്. എന്നാൽ ഞങ്ങൾക്ക് നേരിട്ട് കാണാൻ ഇതുവരെ സാധിച്ചിട്ടില്ല. ഇപ്പോൾ വിരാട് കോഹ്‍ലിയെ കാണാനും സംസാരിക്കാനും സാധിച്ചത് മഹത്തായ കാര്യമാണ്. ക്രിക്കറ്റിലെ വിരാട് കോഹ്‍ലിയുടെ എല്ലാ നേട്ടങ്ങളെയും ഞാൻ ആരാധനയോടെ കാണുന്നു, ബഹുമാനിക്കുന്നു,' നൊവാക് ജോക്കോവിച്ച് പ്രതികരിച്ചു.

ക്രിക്കറ്റിൽ തന്റെ കഴിവുകൾ ഉയർത്തുവാൻ ശ്രമിക്കുന്നുണ്ടെന്നും ജോക്കോവിച്ച് പറഞ്ഞു. 'ഞാൻ ക്രിക്കറ്റ് കളിക്കാൻ തുടങ്ങി. എന്നാൽ ക്രിക്കറ്റ് എനിക്ക് നന്നായി കളിക്കാൻ കഴിയില്ല. തീർച്ചയായും ക്രിക്കറ്റ് ഇന്ത്യയിലും ഓസ്ട്രേലിയയിലും വലിയൊരു വിനോദമാണ്. ഇന്ത്യയിലേക്ക് പോകും മുമ്പ് ക്രിക്കറ്റ് കളിക്കാനുള്ള എന്റെ കഴിവ് മികച്ചതാക്കണം. അല്ലെങ്കിൽ അത് എന്നെ വിഷമിപ്പിക്കും,' ജോക്കോവിച്ച് വ്യക്തമാക്കി.

വിംബിൾഡൺ ടെന്നിസ് ടൂർണമെന്റിൽ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ് ജോക്കോവിച്ച്. പ്രീക്വാർട്ടറിൽ ഓസ്ട്രേലിയൻ താരം അലക്‌സ് ഡി മിനൗറിനെ പരാജയപ്പെടുത്തിയാണ് ജോക്കോവിച്ചിന്റെ ക്വാർട്ടർ പ്രവേശനം. വിംബിൾഡൺ വിജയിച്ചാൽ കരിയറിൽ 25 ​ഗ്രാൻഡ്സ്ലാമെന്ന ചരിത്ര നേട്ടത്തിലെത്താൻ ജോക്കോവിച്ചിന് സാധിക്കും. ടെന്നിസ് ചരിത്രത്തിൽ ഏറ്റവും ഉയർന്ന ​ഗ്രാൻഡ്സ്ലാം കിരീടനേട്ടമെന്ന റെക്കോർഡ് നേട്ടമാണ് ജോക്കോവിച്ചിന് മുന്നിലുള്ളത്. 24 ​ഗ്രാൻഡ്സ്ലാം നേടിയ ഓസ്ട്രേലിയൻ മുൻ വനിത താരം മാർഗരറ്റ് കോർട്ടിന്റെ റെക്കോർഡിന് ഒപ്പമാണ് ഇപ്പോൾ ജോക്കോവിച്ച്.

Content Highlights: Novak Djokovic Lauds Virat Kohli for his achievements

dot image
To advertise here,contact us
dot image