
ജക്കാർത്ത: ഫിഫ അണ്ടർ 17 ലോകകപ്പിൽ അർജന്റീനയെ കീഴടക്കി ജർമ്മനി ഫൈനലിൽ. പെനാൽട്ടി ഷൂട്ടൗട്ട് വരെ നീണ്ടു നിന്ന ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് ജർമ്മനി ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. നിശ്ചിത സമയത്ത് ഇരു ടീമുകളും മൂന്നു ഗോൾ വീതം നേടി സമനില പാലിച്ചതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കടക്കുകയായിരുന്നു. ഷൂട്ടൗട്ടിൽ രണ്ട് അർജന്റീന താരങ്ങൾ പെനാൽറ്റി നഷ്ടപ്പെടുത്തിയതോടെയാണ് ( 2 -4 ) ഫ്രാൻസ് വിജയം സ്വന്തമാക്കിയത്. മാലി-ഫ്രാൻസ് രണ്ടാം സെമിയിലെ വിജയിയെയാണ് ജർമ്മനി ഫൈനലിൽ നേരിടുക.
ഇന്തോനേഷ്യയിലെ സുറക്കാര്ത്തയിലെ മനാഹന് സ്റ്റേഡിയത്തില് നടന്ന സെമിഫൈനൽ അർജന്റീനയുടെ മുന്നേറ്റത്തോടെയാണ് ആരംഭിച്ചതെങ്കിലും ജർമ്മനിയാണ് ആദ്യ ഗോൾ നേടിയത്. ഒൻപതാം മിനിറ്റിൽ പാരിസ് ബ്രണ്ണർ ആണ് ജർമ്മനിക്ക് വേണ്ടി ഗോൾ നേടിയത്. എന്നാൽ 36-ാം മിനിറ്റിൽ അഗസ്റ്റിൻ റൂബർട്ടോയിലൂടെ അർജന്റീന സമനില പിടിച്ചു. ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ വലതു വിങ്ങിൽ നിന്നും ലഭിച്ച പാസിൽ നിന്നും റൂബർട്ടോ വീണ്ടും ഗോളടിച്ചതോടെ അർജന്റീന ലീഡെടുത്തു.
രണ്ടാം പകുതിയിലും അർജന്റീന ആക്രമണം തുടർന്നു. എന്നാൽ 58-ാം മിനിറ്റിൽ ജർമ്മനി വീണ്ടും ഒപ്പമെത്തി. ബോക്സിന് പുറത്ത് നിന്നുമുള്ള മികച്ചൊരു ഷോട്ടിലൂടെ പാരീസ് ബ്രണ്ണറാണ് ജർമനിയുടെ രണ്ടാം ഗോൾ നേടിയത്. 69-ാം മിനിറ്റിൽ മാക്സ് മോർസ്റ്റെഡ് നേടിയ ഗോളിൽ ജർമ്മനി ലീഡ് നേടി. മത്സരം അവസാന പത്ത് മിനിറ്റിലേക്ക് കടന്നതോടെ സമനില ഗോളിനായി അര്ജന്റീന കഠിനമായ ശ്രമിച്ചു കൊണ്ടേയിരുന്നു. രണ്ടാം പകുതിയിലെ അധിക സമയത്ത് അർജന്റീന സമനില ഗോൾ നേടി. ക്ലോഡിയോ എച്ചെവേരി കൊടുത്താൽ പാസിൽ നിന്ന് അഗസ്റ്റിൻ റൂബർട്ടോയാണ് അർജന്റീനക്ക് വേണ്ടി ഗോൾ നേടിയത്. ഇതോടെ താരം മത്സരത്തിൽ ഹാട്രിക്ക് പൂർത്തിയാക്കുകയും ചെയ്തു. ഇരുടീമുകളും മൂന്ന് വീതം ഗോളുകളടിച്ച് സമനിലയിലെത്തിയതോടെ മത്സരം പെനാല്റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഷൂട്ടൗട്ടിൽ 2-4ന്റെ വിജയം ജർമ്മനി കൈവരിച്ചു.