കാനറികളെ കൂട്ടിലാക്കി വെനസ്വേല; അവസാന മിനിറ്റുകളിലെ വണ്ടര്‍ഗോളില്‍ ബ്രസീലിന് സമനിലക്കുരുക്ക്

സൂപ്പര്‍ താരം നെയ്മറിന്റെ അസിസ്റ്റില്‍ ഡിഫന്‍ഡര്‍ ഗബ്രിയേലാണ് ബ്രസീലിന്റെ ഗോള്‍ നേടിയത്
കാനറികളെ കൂട്ടിലാക്കി വെനസ്വേല; അവസാന മിനിറ്റുകളിലെ വണ്ടര്‍ഗോളില്‍ ബ്രസീലിന് സമനിലക്കുരുക്ക്

ബ്രസീലിയ: ലോകകപ്പ് യോഗ്യത മത്സരത്തില്‍ കരുത്തരായ ബ്രസീലിനെ സമനിലയില്‍ തളച്ച് വെനസ്വേല. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. ഗോള്‍ രഹിതമായ ആദ്യപകുതിക്ക് ശേഷമാണ് മത്സരത്തിലെ രണ്ടുഗോളുകളും പിറന്നത്. സൂപ്പര്‍ താരം നെയ്മറിന്റെ അസിസ്റ്റില്‍ ഡിഫന്‍ഡര്‍ ഗബ്രിയേലാണ് ബ്രസീലിന്റെ ഗോള്‍ നേടിയത്. എന്നാല്‍ മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ എഡ്വേര്‍ഡ് ബെല്ലോയാണ് വെനസ്വേലയെ ഒപ്പമെത്തിച്ചത്.

ബ്രസീലിന്റെ മുന്നേറ്റത്തോടെയായിരുന്നു മത്സരം ആരംഭിച്ചത്. വിനീഷ്യസ് ജൂനിയര്‍, നെയ്മര്‍, റോഡ്രിഗോ റിചാലിസണ്‍ എന്നീ സൂപ്പര്‍ താരങ്ങളടങ്ങിയ ശക്തമായ മുന്നേറ്റ നിരയെയാണ് ബ്രസീല്‍ വെനസ്വേലക്കെതിരെ അണിനിരത്തിയത്. 13-ാം മിനിറ്റില്‍ നെയ്മറിന്റെ മികച്ചൊരു ഷോട്ട് ക്രോസ്ബാറിന് മുകളിലൂടെ പോയി. 21-ാം മിനിറ്റില്‍ ബോക്സിന് പുറത്ത് നിന്നും പാസ് സ്വീകരിച്ച് റോഡ്രിഗോ തൊടുത്ത ഷോട്ട് വെനിസ്വേല കീപ്പര്‍ റാഫേല്‍ റോമോ തടഞ്ഞു. ആദ്യ പകുതിയില്‍ മികച്ച ഗോളവസരങ്ങള്‍ സൃഷ്ടിക്കാന്‍ ബ്രസീലിന് സാധിച്ചില്ല.

എന്നാല്‍ രണ്ടാം പകുതിയില്‍ ബ്രസീല്‍ കൂടുതല്‍ ആക്രമിച്ച് കളിക്കാന്‍ ആരംഭിച്ചു. 49-ാം മിനിറ്റില്‍ നെയ്മറിന്റെ മുന്നേറ്റം ഗോള്‍ കീപ്പര്‍ രക്ഷപ്പെടുത്തുകയും കാനറികള്‍ക്ക് അനുകൂലമായി കോര്‍ണര്‍ ലഭിക്കുകയും ചെയ്തു. നെയ്മര്‍ തന്നെയെടുത്ത കോര്‍ണര്‍ കിക്ക് ഡിഫന്‍ഡര്‍ ഗബ്രിയേല്‍ തകര്‍പ്പന്‍ ഹെഡറിലൂടെ വെനസ്വേലയുടെ വലയിലാക്കി. 72-ാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയര്‍ ലക്ഷ്യം കണ്ടെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. തുടര്‍ന്നും ഗോളെന്നുറപ്പിച്ച പല അവസരങ്ങളും ചെറിയ വ്യത്യാസത്തില്‍ അകന്നുപോയി.

വിജയത്തിലേക്ക് അടുത്തുവെന്ന് തോന്നിപ്പിച്ച നിമിഷം കാനറിപ്പടയെ ഞെട്ടിച്ച് വെനസ്വേല ഗോള്‍ തിരിച്ചടിച്ചു. 85-ാം മിനിറ്റില്‍ എഡ്വേര്‍ഡ് ബെല്ലോ ഒരു അക്രോബാറ്റിക് ഫിനിഷിലൂടെയായിരുന്നു വെനസ്വേലയുടെ സമനില ഗോള്‍ കണ്ടെത്തിയത്. ഈ സമനിലയോടെ മൂന്ന് മത്സരങ്ങളില്‍ നിന്ന് ഏഴ് പോയിന്റുമായി ബ്രസീല്‍ യോഗ്യത റൗണ്ടില്‍ രണ്ടാമതാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com