
പഞ്ചസാര ശരീര ആരോഗ്യത്തിന് അത്ര ഗുണകരമല്ലെന്ന് നമുക്കറിയാം. പൊണ്ണത്തടി മുതല്‍ മാനസികാരോഗ്യത്തെ വരെ അമിതമായി മധുരം കഴിക്കുന്നത് ബാധിക്കാന്‍ സാധ്യത കൂടുതലാണ്. വെറും മുപ്പതുദിവസം ഭക്ഷണത്തില്‍ നിന്ന് മധുരം മാറ്റിനിര്‍ത്തിയാല്‍ ഉണ്ടാകുന്ന ഗുണഗണങ്ങള്‍ ഇതൊക്കെയാണ്.
മുഖത്തെ കൊഴുപ്പ് കുറയും
മധുരം കുറയ്ക്കുന്നത് മുഖം ചീര്‍ക്കുന്നതിനും വാട്ടര്‍ റിടെന്‍ഷന്‍ കുറയ്ക്കുന്നതിനും സഹായിക്കുന്നു. അതിന്റെ ഫലമായി മുഖം പെട്ടെന്ന് മെലിയുന്നതായി കാണാനാകും.
കണ്ണുകള്‍ വീര്‍ത്തിരിക്കുന്നതും കാലുകളിലെ നീരും
മധുരം അമിതമായി കഴിക്കുന്നത് ശരീരത്തില്‍ നീരുണ്ടാകുന്നതിന് കാരണമാകും. കണ്ണു വീര്‍ത്തിരിക്കുന്നതും കാലില്‍ കാണുന്ന നീരുമെല്ലാം ശരീരത്തില്‍ കൊഴുപ്പ് നിലനിര്‍ത്താന്‍ മധുരം പ്രേരിപ്പിക്കുന്നത് കൊണ്ടാണ്. മധുരം കഴിക്കുന്നത് കുറച്ചാല്‍ സ്വഭാവികമായും ഇത്തരത്തിലുള്ള നീര്‍വീക്കങ്ങള്‍ തടയാനാകും.
അരക്കെട്ടിലെ കൊഴുപ്പ് കുറയ്ക്കാം
സ്ത്രീകളെ സംബന്ധിച്ചിടത്തോളം കൊഴുപ്പ് അടിഞ്ഞുകൂടുന്ന സ്ഥലമാണ് അരക്കെട്ട്. ഭക്ഷണത്തില്‍ നിന്ന് മധുരം കുറച്ചാല്‍ അത് വയറിലെ കൊഴുപ്പും കരളിലെ കൊഴുപ്പും കുറയ്ക്കാന്‍ സഹായിക്കും. മധുരം കുറച്ചാല്‍ ക്രേവിങ്‌സ് കുറയും കാലറി ഇന്‍ടേക്കും കുറയും അത് ഭാരം കുറയുന്നതിനും ഭാരം വര്‍ധിക്കുന്നത് തടയാനും സഹായിക്കും.
കുടലിന്റെ ആരോഗ്യം
മധുരം ഉപേക്ഷിക്കുന്നത് കുടലിലെ ബാക്ടീരിയയെ തുലനം ചെയ്യാന്‍ സഹായിക്കും. ദഹനത്തെ സഹായിക്കും, നീര്‍വീക്കം കുറയ്ക്കും.
ആരോഗ്യമുള്ള ചര്‍മം
മുഖക്കുരുകൊണ്ട് ബുദ്ധിമുട്ടുകയാണെങ്കില്‍ മധുരം കുറയ്ക്കുന്നത് നിങ്ങളെ സഹായിക്കും. ആരോഗ്യമുള്ള ചര്‍മം പതിയെ നിങ്ങള്‍ക്ക് ലഭ്യമാകും.
എങ്ങനെ മധുരം കുറയ്ക്കാം
പല ഭക്ഷണ പദാര്‍ഥങ്ങളിലും മധുരം പ്രത്യക്ഷത്തിലല്ലാതെ അടങ്ങിയിട്ടുണ്ട്. കഴിക്കുന്നതിന് മുന്‍പായി ലേബല്‍ വായിക്കാന്‍ ശ്രമിക്കുക.
പഴം, പച്ചക്കറികള്‍, ധാന്യങ്ങള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
മധുരമില്ലാത്ത ഭക്ഷണം തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക
സോഡ, ഫ്രൂട്ട് ജ്യൂസ്, എനര്‍ജി ഡ്രിങ്കുകള്‍ എന്നിവയില്‍ പഞ്ചസാര ധാരാളം അടങ്ങിയിട്ടുണ്ട്. അത് കുറയ്ക്കാനായി ശ്രമിക്കുക.
ധാരാളമായി പഞ്ചസാര ഉപയോഗിക്കുന്ന വ്യക്തിയാണെങ്കില്‍ പതുക്കെ പതുക്കെ അത് കുറച്ചുകൊണ്ടുവരുന്നതിനുള്ള ശ്രമം നടത്തണം.
മധുരം കഴിക്കാന്‍ വല്ലാതെ തോന്നുമ്പോള്‍ ഡാര്‍ക്ക് ചോക്ലേറ്റ്, വീട്ടിലുണ്ടാക്കിയ സ്‌നാക്‌സ്, പഴങ്ങള്‍ എന്നിവ കഴിക്കുക.
Content Highlights: 30 Days Without Sugar: Here's What Happens To Your Body