ആണവ ശക്തികൾ ഏറ്റുമുട്ടുമ്പോൾ; സൈനിക കരുത്തിൽ ഇന്ത്യ പാകിസ്താനെക്കാൾ ബഹുദൂരം മുന്നിൽ

2025ൽ പുറത്തിറങ്ങിയ അന്താരാഷ്ട്ര സൈനിക ശേഷി പട്ടിക പ്രകാരം ലോകത്തെ നാലാമത്തെ സൈനിക ശക്തിയാണ് ഇന്ത്യ. പാകിസ്താൻ 12-ാം സ്ഥാനത്താണ്

dot image

2025ൽ പുറത്തിറങ്ങിയ അന്താരാഷ്ട്ര സൈനിക ശേഷി പട്ടിക പ്രകാരം ലോകത്തെ നാലാമത്തെ സൈനിക ശക്തിയാണ് ഇന്ത്യ. പാകിസ്താൻ 12-ാം സ്ഥാനത്താണ്. പാകിസ്താൻ സൈന്യവുമായി താരതമ്യം ചെയ്യുമ്പോൾ സൈനികരുടെ എണ്ണത്തിൽ മൂന്നിരട്ടി അംഗബലമുണ്ട് ഇന്ത്യൻ സൈന്യത്തിന്. 2024ലെ കണക്ക് അനുസരിച്ച് ഇന്ത്യൻ കരസേനാം​ഗങ്ങളുടെ എണ്ണം 12,40,000 ആണെങ്കിൽ പാകിസ്താൻ്റേത് 6,60,000 ആണ്. ഇന്ത്യൻ വ്യോമസേനയുടെ അം​ഗബലം 1,49,000 ആണെങ്കിൽ പാകിസ്താൻ്റേത് 70,000 ആണ്. ഇന്ത്യൻ നാവിക സേനയുടെ കരുത്ത് 75,500 ആണെങ്കിൽ പാകിസ്താൻ്റേത് 30,000 മാത്രമാണ്.

സൈനിക വിമാനങ്ങളുടെ കാര്യത്തിൽ ഇന്ത്യയുടെ ശേഷി പാകിസ്താനുള്ളതിന്റെ രണ്ടിരട്ടിയാണ്. 2229 സൈനിക വിമാനങ്ങൾ ഇന്ത്യയ്ക്ക് ഉള്ളപ്പോൾ പാകിസ്താനുള്ളത് 1399 സൈനിക വിമാനങ്ങളാണ്. യുദ്ധവിമാനങ്ങളുടെ എണ്ണത്തിലും ഇന്ത്യയ്ക്കാണ് മുൻതൂക്കം. ഇന്ത്യയുടെ കൈവശം 513 യുദ്ധവിമാനങ്ങൾ ഉള്ളപ്പോൾ പാകിസ്താനുള്ളത് 328 യുദ്ധ വിമാനങ്ങൾ മാത്രമാണ് ഉള്ളത്. ഹെലികോപ്ടറുകളുടെ എണ്ണത്തിലും ആക്രമണം നടത്താൻ ശേഷിയുള്ള ഹെലികോപ്ടറുകളുടെ എണ്ണത്തിലും ഇന്ത്യ പാകിസ്താനെക്കാൾ ബഹുദൂരം മുന്നിലാണ്. ഇന്ത്യയ്ക്ക് 899 ഹെലികോപ്ടറുകൾ ഉള്ളപ്പോൾ പാകിസ്താൻ്റെ കൈവശം ഉള്ളത് 373 എണ്ണമാണ്. ലോജിസ്റ്റിക്സ് മൂവ്മെൻ്റിനായി ഉപയോ​ഗിക്കാവുന്ന വിമാനത്താവളങ്ങളുടെ എണ്ണത്തിലും ഇന്ത്യയ്ക്ക് മുൻതൂക്കമുണ്ട്. ഇന്ത്യയ്ക്ക് 311 വിമാനത്താവളങ്ങൾ ഉള്ളപ്പോൾ പാകിസ്താന് ഉള്ളത് 116 എണ്ണം മാത്രമാണ്.

ടാങ്കുകളുടെ എണ്ണത്തിലും ഇന്ത്യയാണ് കരുത്തർ. ഇന്ത്യയുടെ കൈവശം 4201 ടാങ്കുകൾ ഉള്ളപ്പോൾ പാകിസ്താൻ്റെ കൈവശം ഉള്ളത് 2627 ടാങ്കുകൾ മാത്രമാണ്. കവചിത യുദ്ധ വാഹനങ്ങളുടെ എണ്ണത്തിലും ഇന്ത്യ കരുത്തരാണ്. കവചിത യുദ്ധ വാഹനങ്ങളുടെ കരുത്തിൽ ലോകത്ത് അമേരിക്കയ്ക്ക് പിന്നിൽ രണ്ടാമത്തെ ശക്തിയാണ് ഇന്ത്യ. 1,48,594 ആണ് ഇന്ത്യയുടെ കൈവശമുള്ള കവചിത യുദ്ധ വാഹനങ്ങളുടെ എണ്ണം. എന്നാൽ പാകിസ്താൻ്റെ കൈവശമുള്ളത് 17,516 കവചിത യുദ്ധവാഹനങ്ങൾ മാത്രമാണ് ഉള്ളത്. സ്വയം ഓടിക്കുന്ന പീരങ്കികളുടെ എണ്ണത്തിൽ പാകിസ്ഥാന് മുൻതൂക്കമുണ്ടെങ്കിൽ വലിച്ചിഴച്ച് കൊണ്ടു പോകാവുന്ന പീരങ്കികളുടെ എണ്ണത്തിൽ ഇന്ത്യയ്ക്കാണ് മുൻതൂക്കം.

നേവി ഫ്ലീറ്റിൻ്റെ കരുത്തിലും ഇന്ത്യയ്ക്കാണ് മുൻതൂക്കം. ലോകത്ത് തന്നെ നേവി ഫ്ലീറ്റ് കരുത്തിൽ ആറാമതാണ് ഇന്ത്യ. പാകിസ്താൻ 27-ാം സ്ഥാനത്താണ്. ഇന്ത്യയ്ക്ക് 293 നേവി ഫ്ലീറ്റുകളുള്ളപ്പോൾ പാകിസ്താൻ്റെ കൈവശം ഉള്ളത് 121 എണ്ണമാണ്. വിമാനവാഹിനി കപ്പലുകളുടെ എണ്ണത്തിൽ പാകിസ്താൻ പാടെ ദുർബലരാണ്. ഇന്ത്യയുടെ കൈവശം രണ്ട് വിമാനവാഹിനി കപ്പലുകൾ ഉള്ളപ്പോൾ പാകിസ്താന് ഒരെണ്ണം പോലുമില്ല. അന്തർവാഹിനി കപ്പലുകളുടെ എണ്ണത്തിലും ഇന്ത്യയ്ക്ക് മുൻതൂക്കമുണ്ട്. ഇന്ത്യയ്ക്ക് 18 അന്തർവാഹിനികളുള്ളപ്പോൾ പാകിസ്താൻ്റെ കൈവശമുള്ളത് എട്ടെണ്ണം മാത്രമാണ്. ഡിസ്ട്രോയർ ഫ്ലീറ്റുകളുടെ എണ്ണത്തിലും ഇന്ത്യയാണ് കരുത്തർ. ഇന്ത്യയുടെ കൈവശം 13 ഡിസ്റ്റോയർ ഫ്ലീറ്റുകൾ ഉള്ളപ്പോൾ പാകിസ്താൻ്റെ കൈവശം ഒരെണ്ണം പോലുമില്ല. യുദ്ധകപ്പലുകളുടെ എണ്ണത്തിലും ഇന്ത്യയ്ക്ക് തന്നെയാണ് മുൻതൂക്കം. ഇന്ത്യയുടെ കൈവശം 14 യുദ്ധക്കപ്പലുകൾ ഉള്ളപ്പോൾ പാകിസ്താനുള്ളത് ഒൻപതെണ്ണം മാത്രമാണ്. നാവിക കോർവെറ്റ് ഫ്ലീറ്റുകളുടെ എണ്ണത്തിൽ പാകിസ്താൻ്റെ ഇരട്ടിയാണ് ഇന്ത്യയുടെ കരുത്ത്. ഇന്ത്യയ്ക്ക് 18 നാവിക കോർവെറ്റ് ഫ്ലീറ്റുകൾ ഉള്ളപ്പോൾ പാകിസ്താൻ്റെ കൈവശം ഉള്ളത് ഒൻപത് എണ്ണമാണ്. ഓഫ്‌ഷോർ പട്രോൾ വെസ്സൽ ഫ്ലീറ്റുകളുടെ എണ്ണത്തിലും ഇന്ത്യയ്ക്ക് മുൻതൂക്കമുണ്ട്. ഇന്ത്യയുടെ കൈവശം 135 ഓഫ്‌ഷോർ പട്രോൾ വെസ്സൽ ഫ്ലീറ്റുകൾ ഉള്ളപ്പോൾ പാകിസ്താൻ്റെ കൈവശം ഉള്ളത് 69 എണ്ണമാണ്. മൈൻ വാർഫെയർ ഫ്ലീറ്റുകളുടെ എണ്ണത്തിൽ പാകിസ്താന് മുൻതൂക്കമുണ്ട്. പാകിസ്താൻ്റെ കൈവശം 3 മൈൻ വാർഫെയർ ഫ്ലീറ്റുകൾ ഉള്ളപ്പോൾ ഇന്ത്യയുടെ കൈവശം ഒരെണ്ണം പോലുമില്ല.

സൈനിക ബജറ്റായി ഇന്ത്യ കഴിഞ്ഞ വർഷം ചെലവഴിച്ചത് 86 ബില്യൺ ഡോളറാണെന്നാണ് കണക്കാക്കുന്നത്. എന്നാൽ കഴിഞ്ഞ വർഷം പാകിസ്താൻ്റെ സൈനിക ബജറ്റ് 10.2 ബില്യൺ ഡോളറാണ്.

ആണവ പോർമുനകൾ വഹിക്കുന്ന മിസൈലുകളുടെ ശേഷിയിൽ അടക്കം ആണവ ആയുധങ്ങളുടെ കരുത്തിലും ഇന്ത്യയാണ് മുന്നിൽ. ഇന്ത്യ ആദ്യത്തെ ആണവപരീക്ഷണം നടത്തുന്നത് 1972 മെയ് മാസത്തിലാണ്. പിന്നീട് കാൽനൂറ്റാണ്ടിന് ശേഷം 1998 മെയ് മാസത്തിൽ ഇന്ത്യ വീണ്ടും ആണവപരീക്ഷണം ആവർത്തിച്ചു. ഇതിന് പിന്നാലെ ഇന്ത്യ ഒരു ആണവരാജ്യമാണെന്ന് അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പെയ് പ്രഖ്യാപിച്ചു. ഇന്ത്യ രണ്ടാമത് ആണവ പരീക്ഷണം നടത്തിയതിന് പിന്നാലെ 1998 മെയ് മാസത്തിൽ തന്നെ പാകിസ്ഥാനും ആണവ പരീക്ഷണം നടത്തി. അതിന് പിന്നാലെ ആണവ ആയുധം കൈവശമുള്ള രാജ്യങ്ങളുടെ പട്ടികയിൽ പാകിസ്താനും ഇടംപിടിച്ചു. നിലവിലെ കണക്കുകൾ പ്രകാരം ഇന്ത്യയുടെ കൈവശം ആണവ പോർമുനകൾ വഹിക്കുന്ന 180 മിസൈലുകളാണ് ഉള്ളത്. എന്നാൽ പാകിസ്താൻ്റെ കൈവശം ഏതാണ്ട് 170 ഓളം ആണവ മിസൈലുകൾ ഉണ്ടെന്നാണ് കണക്ക്.

അ​ഗ്നി-5 എന്ന ഭൂഖണ്ഡാന്തര ബാലസ്റ്റിക് മിസൈൽ ആണ് ഇന്ത്യയുടെ ആണവ മിസൈൽ ശേഖരത്തിലെ ഏറ്റവും കരുത്തൻ. 5000 കിലോമീറ്റർ മുതൽ 8000 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഈ മിസൈലുകൾക്ക് ശേഷിയുണ്ട്. പാകിസ്താൻ്റെ ഏറ്റവും കരുത്തുള്ള മിസൈൽ ആയി വിശേഷിപ്പിക്കപ്പെടുന്ന ഷഹീൻ 3 ആണ്. 2750 കിലോമീറ്റർ ദൂരം വരെ ഈ മിസൈലിന് സഞ്ചരിക്കാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്. ഇന്ത്യയിൽ എവിടെയും എത്താനുള്ള ശേഷി ഷഹീൻ 3ന് ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

ആദ്യം ആണവായുധം പ്രയോ​ഗിക്കില്ലായെന്നത് ആണാവായുധം സംബന്ധിച്ച ഇന്ത്യയുടെ പ്രഖ്യാപിത നിലപാട്. എന്നാൽ പാകിസ്താൻ ആണവ ഭീഷണി മുഴക്കിയതിന് പിന്നാലെ ഇന്ത്യയുടെ ആണവായുധങ്ങൾ മ്യൂസിയത്തിൽ സൂക്ഷിക്കാനല്ലെന്ന പ്രതികരണം ഇന്ത്യൻ ഭാ​ഗത്ത് നിന്ന് വന്നിരുന്നു.

(കണക്കുകൾക്ക് ആധാരം ​ഗ്ലോബൽ ഫയർപവർ പ്രസിദ്ധീകരിച്ച ഡേറ്റകൾ)

Content Highlights: When nuclear powers clash India is far ahead of Pakistan in military strength

dot image
To advertise here,contact us
dot image