
ചാംപ്യൻസ് ലീഗിൽ ബാഴ്‌സലോണയെ തോൽപ്പിച്ച് ഇന്റർമിലാൻ. ഇന്ന് നടന്ന രണ്ടാം പാദ മത്സരത്തിൽ ഇന്റർമിലാൻ ബാഴ്‌സയെ മൂന്നിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ചു. ഒന്നാം പാദ മത്സരം 3-3 സമനിലയിൽ പിരിഞ്ഞിരുന്നു. ഇതോടെ അഗ്രിഗേറ്റിൽ 7-6 എന്ന സ്‌കോറിൽ ഇറ്റാലിയൻ ക്ലബ് ജയിച്ചു.
കളിയുടെ 21-ാം മിനിറ്റിൽ ഡംഫ്രീസിന്റെ ക്രോസിൽ ലൗട്ടരോ മാർട്ടിനെസ് ഇന്ററിനെ മുന്നിലെത്തിച്ചു. ആദ്യ പകുതിയുടെ അവസാന മിനിറ്റിൽ ഹക്കാൻ ചാഹനോഗ്ലു പെനാൽറ്റിയിലൂടെ ഗോൾ നേടിയതോടെ ഇന്റർ രണ്ട് ഗോളിന്റെ ലീഡിലെത്തി. എന്നാൽ രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചുവന്ന ബാഴ്‌സ 54-ാം മിനിറ്റിൽ എറിക് ഗാർസിയയുടെ തകർപ്പൻ വോളിയിലൂടെ ഒരു ഗോൾ മടക്കി. ആറ് മിനിറ്റുകൾക്ക് ശേഷം ഡാനി ഓൾമയിലൂടെ രണ്ടാമത്തെ ഗോളും ബാഴ്‌സ മടക്കുന്നു.
ശേഷം 87-ാം മിനിറ്റിൽ റാഫിഞ്ഞ റീ ബൗണ്ട് ഗോളിലൂടെ ബാഴ്‌സയെ മുന്നിലെത്തിച്ചു, സ്കോർ 3-2. എന്നാൽ ഇഞ്ചുറി ടൈമിൽ ഫ്രാൻസെസ്കോയുടെ തകർപ്പൻ ഗോളിലൂടെ ഇന്റർ അവിശ്വസനീയമായി തിരിച്ചുവന്നു. സ്കോർ 3-3 ആയതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങി. 99 -ാം മിനിറ്റിൽ ഡേവിഡ് ഫ്രട്ടേസി ഇന്ററിനായി വിജയഗോൾ നേടി. ശേഷം സമനിലക്ക് വേണ്ടി ബാഴ്‌സ കിണഞ്ഞുശ്രമിച്ചെങ്കിലും ഗോൾ വര ഭേദിക്കാനായില്ല.
Content Highlights: Inter Milan vs Barcelona 4-3 UEFA Champions League