ഹൊററിന്റെ മറ്റൊരു അധ്യായം കൂടി വരുന്നു; 'ദി കോൺജറിങ്: ലാസ്റ്റ് റൈറ്റ്‌സി'ന്റെ ട്രെയ്‌ലർ പുറത്ത്

ചിത്രം സെപ്റ്റംബർ അഞ്ചിനാണ് തിയേറ്ററുകളിലെത്തുക

dot image

ഹൊറർ സിനിമയുടെ ആരാധകർക്കിടയിൽ പ്രത്യേക ഫാൻബേസുള്ള ചിത്രങ്ങളാണ് കോൺജറിങ് ഫ്രാഞ്ചൈസിയിലേത്. 2013 ൽ ആരംഭിച്ച സീരീസിന്റെ അവസാന ഭാഗമായ 'ദി കോൺജറിങ്: ലാസ്റ്റ് റൈറ്റ്‌സി'ന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. എഡ് വാറനും ലോറെയ്ൻ വാറനും നടത്തുന്ന പുതിയ സൂപ്പർനാച്ചുറൽ അന്വേഷണമാണ് ട്രെയ്‌ലറിൽ കാണാൻ കഴിയുന്നത്.

'ഓരോ കേസും വ്യത്യസ്തമാണ്. ഓരോ കുടുംബവും വ്യത്യസ്തമാണ്. ഒരിക്കൽ തുടങ്ങിയാൽ പിന്നെ ഒരു തിരിച്ചുപോക്കില്ല. എന്തും സംഭവിക്കാം,' എന്ന് എഡ് പറയുന്നിടത്താണ് ട്രെയ്‌ലർ ആരംഭിക്കുന്നത്. തുടർന്ന് ഇരുവരും നേരിട്ടിട്ടുള്ളതിൽ തന്നെ ഏറ്റവും അപകടം നിറഞ്ഞ കേസുകളിൽ ഒന്നായിരിക്കും ഇത് എന്നതിന്റെ സൂചനകളും ട്രെയ്‌ലർ നൽകുന്നുണ്ട്. ചിത്രം സെപ്റ്റംബർ അഞ്ചിനാണ് തിയേറ്ററുകളിലെത്തുക. ഐമാക്സ് ഫോർമാറ്റിലായിരിക്കും ചിത്രം റിലീസ് ചെയ്യുക.

2013 ജൂലൈ 19 ന് ജെയിംസ് വാന്റെ സംവിധാനത്തിലാണ് ഫ്രാഞ്ചൈസിയിലെ ആദ്യ സിനിമയായ ദി കോൺജറിങ് റിലീസ് ചെയ്തത്. ഹൊറർ സിനിമകളിൽ തന്നെ ഒരു നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സിനിമ ആഗോളതലത്തിൽ രണ്ട് ബില്യണിലധികം രൂപ നേടിയിരുന്നു. പിന്നാലെ കോൺജറിങ് 2, ദി കോൺജറിങ്: ദി ഡെവിൾ മേഡ് മി ഡൂ ഇറ്റ് എന്നീ സിനിമകളും അന്നബെല്ലെ, അന്നബെല്ലെ ക്രിയേഷൻ, അന്നബെല്ലെ കംസ് ഹോം, ദി നൺ, നൺ 2 എന്നീ സ്പിൻ ഓഫുകളും പുറത്തിറങ്ങിയിരുന്നു. പാട്രിക് വിൽസണും വെരാ ഫാർമിഗയും അവതരിപ്പിച്ച എഡ്, ലോറെയ്ൻ വാറൻ എന്നിവരുടെ സൂപ്പർനാച്ചുറൽ അന്വേഷണങ്ങളെ കേന്ദ്രീകരിച്ചാണ് കോൺജറിങ് സിനിമകൾ കഥ പറയുന്നത്.

Content Highlights: The Conjuring: Last Rites Trailer Out

dot image
To advertise here,contact us
dot image