'ആ സ്റ്റേജിൽ എനിക്ക് പാടാൻ കഴിയില്ല'; ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തിന് ശേഷം ഷോ റദ്ദാക്കിയതിൽ വേടൻ

'ഇതിലും വലിയൊരു വേദിയില്‍ ഇതിലും സുരക്ഷാസംവിധാനങ്ങളോടുകൂടി ഞാന്‍ നിങ്ങളുടെ മുന്നില്‍ ഇനിയും വരും'

dot image

സംഗീതനിശയ്ക്കായി എല്‍ഇഡി ഡിസ്‌പ്ലേ വാള്‍ ക്രമീകരിക്കുന്നതിനിടെ ടെക്‌നീഷ്യന്‍ മരിച്ചതിനെ തുടര്‍ന്ന് പരിപാടി റദ്ദാക്കിയ സംഭവത്തിൽ പ്രതികരിച്ച് റാപ്പർ വേടൻ. ഈ സാഹചര്യത്തിൽ വേദിയിൽ വന്ന് പാട്ടുപാടുന്നതിന് തനിക്ക് മാനസികമായ ബുദ്ധിമുട്ടുണ്ട്. താൻ സ്നേഹിക്കുന്ന പ്രേക്ഷകർ ഇത് മനസ്സിലാക്കുമെന്ന് വിശ്വസിക്കുന്നതായും വേടൻ പറഞ്ഞു. സാമൂഹികമാധ്യമങ്ങള്‍ വഴിയാണ് വേടന്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്.

'കിളിമാനൂരില്‍വെച്ച് നടത്താനിരുന്ന എന്റെ പരിപാടിയില്‍ ലിജു എന്നു പറയുന്ന ഒരു സഹോദരന്‍, ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരണപ്പെട്ടിരിക്കുന്നു. അങ്ങനെയൊരു സാഹചര്യത്തില്‍ ആ വേദിയില്‍വന്ന് നിങ്ങളുടെ മുന്നില്‍ പാട്ടുപാടാന്‍ മാനസികമായി ബുദ്ധിമുട്ടുണ്ട്. ഇത് ഞാന്‍ സംഘാടകരുമായും വേണ്ടപ്പെട്ട അധികാരികളുമായും സംസാരിച്ചിട്ടുണ്ട്. എന്നെ കാണാനും കേള്‍ക്കാനും ഒരുപാട് നേരമായി കാത്തിരുന്ന ജനങ്ങളുടെ മുന്നില്‍ വന്ന് ഇതെനിക്ക് മിണ്ടണമെന്നുണ്ടായിരുന്നു. ജനത്തിരക്കും സേഫ്റ്റിയില്ലായ്മയും കാരണം എനിക്ക് നേരിട്ട് നിങ്ങളുടെ മുന്നില്‍ വന്ന് ഇത് പറയാന്‍ പറ്റാത്ത സാഹചര്യമാണ്. എന്റെ പ്രിയപ്പെട്ടവരായ നിങ്ങള്‍ ഇത് മനസിലാക്കുമെന്നും സംയമനം പാലിക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു' എന്ന് വേടൻ പറഞ്ഞു.

'ഇതിലും വലിയൊരു വേദിയില്‍ ഇതിലും സുരക്ഷാസംവിധാനങ്ങളോടുകൂടി ഞാന്‍ നിങ്ങളുടെ മുന്നില്‍ ഇനിയും വരും. നിങ്ങളേക്കാള്‍ കൂടുതല്‍ വിഷമം എനിക്കുണ്ട്. എനിക്ക് പെര്‍ഫോം ചെയ്യാന്‍ പറ്റാത്തതിലും അതിലുപരി എന്റെ ഷോയ്ക്കുവേണ്ടി പണിയെടുക്കാന്‍ വന്നൊരു ചേട്ടന്‍ മരണപ്പെട്ടിരിക്കുകയാണ്. നിങ്ങളിത് മനസിലാക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു,' എന്നും വേടൻ കൂട്ടിച്ചേർത്തു.

സംഗീതനിശയ്ക്കായി എല്‍ഇഡി ഡിസ്‌പ്ലേവാള്‍ ക്രമീകരിക്കുന്നതിനിടെയാണ് ചിറയിന്‍കീഴ് കൂന്തള്ളൂര്‍ നന്ദാവനത്തില്‍ താമസിക്കുന്ന ലിജു ഗോപിനാഥ് (42) മരണപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. വൈദ്യുതാഘാതമേറ്റതിനെത്തുടര്‍ന്നാണ് കുഴഞ്ഞുവീണതെന്നു സംശയിക്കുന്നു.

Content Highlights: Rapper Vedan comments on cancelling the concert

dot image
To advertise here,contact us
dot image