
അമിതമായാല്‍ അമൃതും വിഷം എന്ന് പറയുന്നതുപോലെയാണ് പ്രണയം തലയ്ക്ക് പിടിച്ചാല്‍ വിനയാകും എന്ന് പറയുന്നതും. എന്ത് കാര്യവും അധികമായാല്‍ ദോഷം ചെയ്യും എന്ന് പറയുന്നതുപോലെയാണ് സ്‌നേഹത്തിന്റെ കാര്യവും. പങ്കാളിയോടുള്ള സ്‌നേഹമായാലും പ്രണയമായാലും അതിരുകടന്നാല്‍ അത് ബന്ധത്തെ ദോഷകരമായി ബാധിക്കും. സ്‌നേഹം എപ്പോഴും ബാലന്‍സായി കൊണ്ടുപോകേണ്ട ഒരു കാര്യമാണ്. അതില്‍ കുറവ് വന്നാലും കൂടുതലായാലും പ്രശ്‌നമാണ്. പ്രണയത്തിന്റെ ആദ്യകാലത്ത് തന്റെയോ പങ്കാളിയുടെയോ സ്‌നേഹം അതിരു കടന്നതാണോ എന്ന് തിരിച്ചറിയാന്‍ സാധിക്കില്ല. മുന്നോട്ട് പോകുമ്പോഴാണ് സ്‌നേഹത്തിലെ ശ്വാസംമുട്ടല്‍ തിരിച്ചറിയാന്‍ കഴിയുന്നത്.
ചില ആളുകളെ കണ്ടിട്ടില്ലേ… പങ്കാളിയുടെ പിറകെ കാണും. അവര്‍ തന്നോട് മാത്രമേ സംസാരിക്കാന്‍ പാടുള്ളൂ. തന്നെക്കാള്‍ സ്‌നേഹം ആരോടും ഉണ്ടാവരുത്, പങ്കാളിയോട് മറ്റാരും അടുക്കരുത്. താന്‍ എടുത്തുകൊടുക്കുന്ന വസ്ത്രം മാത്രമേ ധരിക്കാവൂ.എവിടെ പോയാലും വിളിച്ചുകൊണ്ടിരിക്കണം തുടങ്ങി നിങ്ങള്‍ക്ക് അനങ്ങാനും തിരിയാനും പോലും വയ്യാത്ത അവസ്ഥയായിരിക്കും. ഒടുവില്‍ സഹികെട്ട് ഒരാള്‍ പ്രതികരിക്കും. ആദ്യം ഇതൊന്നും ശരിയല്ലെന്ന് മുന്നറിയിപ്പ് കൊടുക്കും. പിന്നെ ഗത്യന്തരമില്ലാതെ വന്ന് പൊട്ടിത്തെറിച്ചേക്കാം, ഏറ്റവും ഒടുവില്‍ സഹികെട്ട് ബന്ധത്തില്‍നിന്ന് ഇറങ്ങി പോവുകയും ചെയ്തുവെന്ന് വരാം. അങ്ങനെ സംഭവിക്കാതിരിക്കണമെങ്കില്‍ സ്‌നേഹം എന്ന വികാരത്തെ കൂടാതെയും കുറയാതെയും ബാലന്‍സ് ചെയ്ത് നിര്‍ത്തണം.
ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അത് ആരോഗ്യകരമായ ബന്ധമല്ലെന്ന് തിരിച്ചറിയുകയും സ്വയം മാറ്റമുണ്ടാക്കുകയും ചെയ്യേണ്ടതാണ്.
Content Highlights : It's like the saying that too much of anything can be harmful, and so is the case with love