Top

'തിലകൻ ചേട്ടൻ തിരിച്ചു വന്നിരിക്കുന്നു'; 'പാപ്പനി'ലെ ഷമ്മി തിലകന്റെ പ്രകടനം എന്നും മനസിലുണ്ടാകും എന്ന് വിനോദ് ഗുരുവായൂർ

2 Aug 2022 2:06 AM GMT
ഫിൽമി റിപ്പോർട്ടർ

തിലകൻ ചേട്ടൻ തിരിച്ചു വന്നിരിക്കുന്നു; പാപ്പനിലെ ഷമ്മി തിലകന്റെ പ്രകടനം എന്നും മനസിലുണ്ടാകും എന്ന് വിനോദ് ഗുരുവായൂർ
X

സുരേഷ് ഗോപി-ജോഷി കൂട്ടുക്കെട്ടിന്റെ 'പാപ്പൻ' തിയേറ്ററിൽ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. സിനിമയിൽ ഇരുട്ടൻ ചാക്കോ എന്ന ശ്രദ്ധേയ കഥാപാത്രത്തെ ഷമ്മി തിലകനും അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പ്രകടനത്തെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് സംവിധായകൻ വിനോദ് ഗുരുവായൂർ.

ഷമ്മി തിലകനിലൂടെ തിരിച്ചു വന്നിരിക്കുകയാണ് എന്നാണ് വിനോദ് ഗുരുവായൂർ പറയുന്നത്. ജോഷിയുടെ 'കൗരവർ' എന്ന സിനിമയിലെ തിലകന്റെ കഥാപാത്രത്തെ പ്രേക്ഷകർ ഇന്നും മനസിൽ സൂക്ഷിച്ചിട്ടുണ്ട്. അതുപോലെ ചാക്കോയും വർഷങ്ങൾ കഴിഞ്ഞാലും മനസിലുണ്ടാകും. ഭാവിയിൽ തിലകന് മുകളിൽ നിൽക്കുന്ന മകനെ മലയാള സിനിമ ഉപയോഗിക്കട്ടെ എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

'നമുക്ക് നഷ്ടമായ തിലകൻ ചേട്ടൻ തിരിച്ചു വന്നിരിക്കുന്നു, അദ്ദേഹത്തിന്റെ മകനിലൂടെ, പാപ്പനിൽ. അധികം സീനിലൊന്നും ചാക്കോ എന്ന ഷമ്മി ചേട്ടൻ ഇല്ലെങ്കിൽ കൂടി, സിനിമ യിൽ നിറഞ്ഞു നിൽപ്പുണ്ട് ചാക്കോ. ജോഷി സാർ ലോഹിതദാസ് സാർ ടീം ഒരുക്കിയ കൗരവർ എന്ന സിനിമയിലെ തിലകൻ ചേട്ടനെ ഇന്നും മനസിൽ സൂക്ഷിച്ചിട്ടുണ്ട്. അതുപോലെ ചാക്കോ വർഷങ്ങൾ കഴിഞ്ഞാലും നമ്മുടെ മനസിലുണ്ടാകും. തിലകൻ ചേട്ടനോളം എന്നല്ല. എന്നാലും അദ്ദേഹം ചെയ്തിരുന്ന വേഷങ്ങൾ നമുക്ക് ധൈര്യമായി ഇദ്ദേഹത്തെ ഏൽപ്പിക്കാം, മോശമാക്കില്ല. ഭാവിയിൽ തിലകൻ ചേട്ടന് മുകളിൽ നിൽക്കുന്ന മകനെ മലയാള സിനിമ ഉപയോഗിക്കട്ടെ. ജോഷി സാർ പല നടന്മാരുടെയും, അവരുടെ ബെസ്റ്റ് നമുക്ക് കാണിച്ചു തന്നിട്ടുണ്ട്, ഇപ്പോൾ ഷമ്മി തിലകന്റെ ഇരുട്ടൻ ചാക്കോയും', വിനോദ് ഗുരുവായൂർ കുറിച്ചു.

കഴിഞ്ഞ ദിവസം 'പാപ്പനി'ൽ തനിക്ക് ഒരു മികച്ച കഥാപാത്രം അവതരിപ്പിക്കാൻ അവസരം നൽകിയതിന് ജോഷിയ്ക്ക് നന്ദി പറഞ്ഞ് ഷമ്മി തിലകനും എത്തിയിരുന്നു. തന്നെ പരിഗണിക്കുന്നതിനും വിശ്വസിക്കുന്നതിനും കരുതലിനും നന്ദിയെന്നാണ് ഷമ്മി തിലകന്‍ സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചത്. ചിത്രത്തിലെ ക്യാരക്ടർ പോസ്റ്ററും പങ്കുവെച്ചിരുന്നു.

story highlights: vinod guruvayoor praises the perfomance of shammi thilakan in pappan movie

Next Story