
അഹമ്മദാബാദ്: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ കേന്ദ്രം നടപടി കടുപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ഗുജറാത്തിലെ അഹമ്മദാബാദില്‍ മതിയായ രേഖകളില്ലെന്ന് ചൂണ്ടിക്കാട്ടി ഇത്തരത്തില്‍ 78 ഓളം പേരെ ഇന്ത്യന്‍ സൈന്യത്തിന്റെ വിമാനത്തില്‍ ബംഗ്ലാദേശിലേയ്ക്ക് നാടുകടത്തിയതായി ദേശീയ മാധ്യമം സ്ക്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.അതേ സമയം പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ അഹമ്മദാബാദില്‍ നിന്ന് പൊലീസ് പിടിച്ചുകൊണ്ടുപോയ മാനസിക വെല്ലുവിളി നേരിടുന്ന 51കാരനുവേണ്ടി നിയമപോരാട്ടത്തിലാണ് ഒരു കുടുംബം. ഉത്തര്‍പ്രദേശ് സ്വദേശിയായ ലിയാഖത്ത് അലിയെ കാണാനില്ലെന്ന് കാണിച്ച് കുടുംബം നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളിയതോടെ കുടുംബം സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ അലിയെ ഗുജറാത്ത് സര്‍ക്കാര്‍ നാട് കടത്തിയോ എന്നാണ് കുടുംബം ഭയക്കുന്നത്.
ഉത്തര്‍പ്രദേശിലെ ബാരാബങ്കി ജില്ലയിലെ കൃഷ്ണപുര്‍ സ്വദേശിയാണ് ലിയാഖത്ത് അലി. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മൂത്ത സഹോദരന്‍ മുസഫറലി ഷെയ്ഖിനും കുടുംബത്തിനുമൊപ്പം താമസിക്കുന്നതിനായാണ് അദ്ദേഹം അഹമ്മദാബാദില്‍ എത്തിയത്. മാനസിക വെല്ലുവിളി നേരിട്ടിരുന്നതിനാല്‍ അദ്ദേഹം ജോലിക്ക് പോയിരുന്നില്ല. ഇക്കാരണം ചൂണ്ടിക്കാട്ടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭാര്യ അദ്ദേഹത്തെ വിട്ടുപോയി.. സഹോദരനും കുടുംബത്തിനുമൊപ്പം അഹമ്മദാബാദിലെ ചണ്ഡോള തലാവിലെ ചേരി പ്രദേശത്തായിരുന്നു താമസം. ഇക്കഴിഞ്ഞ ഏപ്രില്‍ 22ന് ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ അലിയെ തേടി ഗുജറാത്ത് പൊലീസ് വീട്ടിലെത്തി. ഏപ്രില്‍ 26ന് പുലര്‍ച്ചെ നാല് മണിക്കായിരുന്നു സംഭവം. അലിക്കൊപ്പം കുടുംബാംഗങ്ങളെ പുറത്തിറക്കിയ പൊലീസ് തങ്ങള്‍ക്കൊപ്പം സമീപത്തെ ഫുട്‌ബോള്‍ ഗ്രൗണ്ടിലേയ്ക്ക് വരാന്‍ ആവശ്യപ്പെട്ടു. അലിയും സഹോദരനും കുടുംബാംഗങ്ങളും അവിടെ എത്തുമ്പോള്‍ നൂറോളം വരുന്ന ആളുകള്‍ അവിടെയുണ്ടായിരുന്നു. അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ പ്രദേശവാസികളെ പൊലീസ് അവിടേയ്ക്ക് വിളിച്ചുവരുത്തുകയായിരുന്നു. എട്ട് മണിയായപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന സ്ത്രീകളോട് തിരികെ പോകാന്‍ ആവശ്യപ്പെട്ട പൊലീസ് അലി അടക്കമുള്ള ഏതാനും പുരുഷന്മാരുമായി മൂന്ന് കിലോമീറ്റര്‍ അകലെയുള്ള പൊലീസ് സ്റ്റേഷനിലേക്ക് നടന്നു. ആ ദിവസമാണ് അലിയെ കുടുംബാംഗങ്ങള്‍ അവസാനമായി കാണുന്നത്.
അവിടെ കൊണ്ട് കഴിഞ്ഞില്ല. അലിയെ കാണാതായി രണ്ടാമത്തെ ദിവസം കടുത്ത നടപടിയുമായി അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ രംഗത്തെത്തി. അലിയുടെ സഹോദരന്‍ അടക്കം പ്രദേശത്തെ നൂറോളം വരുന്ന കുടുംബങ്ങളോട് എത്രയും വേഗം സാധനങ്ങളുമായി ഒഴിയാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെ യാതൊരു മുന്നറിയിപ്പുമില്ലാതെ പ്രദേശത്തെ നൂറോളം വീടുകള്‍ അധികൃതര്‍ ഇടിച്ചുനിരത്തി. അലിക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നതിനിടെ കിടപ്പാടം കൂടി നഷ്ടപ്പെട്ടത് മുസഫറലി ഷെയ്ഖിനേയും കുടുംബത്തേയും തകര്‍ത്തു. എന്നാല്‍ സഹോദരന് വേണ്ടിയുടെ പോരാട്ടം തുടരാന്‍ തന്നെ കുടുംബം തീരുമാനിച്ചു. ലിയാഖത്തിന്റേത് അനധികൃത കുടിയേറ്റമല്ലെന്ന് തെളിയിക്കാന്‍ രേഖകള്‍ തരപ്പെടുത്തുകയായിരുന്നു ആദ്യപടി. ഇതിനായി സ്വദേശമായ ബാരാബങ്കിയിലെത്തിയ മുസഫറലി ലിയാഖത്തിന്റെ പേര് ഉള്‍പ്പെടുന്ന റേഷന്‍ കാര്‍ഡും സ്ഥലത്തിന്റെ രേഖകളും തരപ്പെടുത്തി. ഇതുമായി ഗയാക്‌വാദ് ഹവേലി ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിയ മുസഫറലിയോട് അനുഭാവപൂര്‍ണമായ ഇടപെടലായിരുന്നില്ല പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. ക്രൈംബ്രാഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥര്‍ തങ്ങളോട് ജഹാപുര പൊലീസ് സ്റ്റേഷനില്‍ പോകാനാണ് പറഞ്ഞത്. അവിടെ എത്തിയപ്പോള്‍ സഹിബോഗ് പൊലീസ് സ്റ്റേഷനില്‍ പോകാന്‍ ആവശ്യപ്പെട്ടു. ഇത്തരത്തില്‍ ആറോളം പൊലീസ് സ്റ്റേഷനുകള്‍ കുടുംബം കയറിയിറങ്ങി. ഇതിന് ശേഷമാണ് കുടുംബം നിയമനടപടി സ്വീകരിച്ചത്.
മെയ് അഞ്ചാം തീയതി സഹോദരന്‍ ലിയാഖത്ത് അലിയെ കാണാനില്ലെന്ന് കാണിച്ച് മുസഫറലി ഷെയ്ഖ് ഗുജറാത്ത് ഹൈക്കോടതിയില്‍ ഹേബിയസ് ഹോര്‍പ്‌സ് ഹര്‍ജി ഫയല്‍ ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി ഗുജറാത്ത് പൊലീസിനോട് വിശദീകരണം തേടിയിരുന്നു. എന്നാല്‍ അലിയെ അറസ്റ്റ് ചെയ്യുകയോ തടവിലാക്കുകയോ ചെയ്തില്ലെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്. ഇതിനെതിരെ അലിയെ പൊലീസ് പിടികൂടിയതുമായി ബന്ധപ്പെട്ട് ടിവി9 ഗുജറാത്തി ന്യൂസ് ചാനല്‍ സംപ്രേഷണം ചെയ്ത വാര്‍ത്ത കുടുംബാംഗങ്ങള്‍ കോടതിയില്‍ ഹാജരാക്കി. ഇതിനെതിരെ പൊലീസ് വീണ്ടും രംഗത്തെത്തി. അലിയെ പിടികൂടിയെന്ന് കുടുംബം അവകാശപ്പെടുന്ന ഏപ്രില്‍ 26ന് അഞ്ച് ദിവസത്തിനിപ്പുറം മെയ് ഒന്നിന് ഗയാക്‌വാദ് ഹവേലി ക്രൈംബ്രാഞ്ച് ഓഫീസില്‍ നിന്ന് ഒരാള്‍ പുറത്തുപോകുന്ന ദൃശ്യം പൊലീസ് കോടതിയില്‍ ഹാജരാക്കി. ഇത് ലിയാഖത്ത് അലിയാണെന്നായിരുന്നു പൊലീസിന്റെ വാദം. എന്നാല്‍ ഈ വീഡിയോ കുടുംബാംഗങ്ങള്‍ക്ക് നല്‍കാന്‍ പ്രോസിക്യൂഷന്‍ തയ്യാറായിരുന്നില്ല. ഇതിനെതിരെ മുസഫറലി ഷെയ്ഖിന്റെ അഭിഭാഷകന്‍ രംഗത്തെത്തിയെങ്കിലും ഫലമുണ്ടായില്ല. പൊലീസിന്റെ വാദം അംഗീകരിച്ച ഗുജറാത്ത് ഹൈക്കോടതി അലിയുടെ കുടുംബം സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഇക്കഴിഞ്ഞ 24ന് ഗുജറാത്ത് ഹൈക്കോടതി തള്ളുകയായിരുന്നു.
മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് അലി എന്നതുകൊണ്ട് തന്നെ അദ്ദേഹത്തിന് എന്ത് സംഭവിച്ചു എന്നത് കുടുംബത്തെ ഭയപ്പെടുത്തുകയാണ്. പൊലീസ് വിട്ടയച്ചിരുന്നെങ്കില്‍ അദ്ദേഹം തിരികെ വീട്ടില്‍ എത്തുമെന്നാണ് കുടുംബം പറയുന്നത്. എന്നാല്‍ രണ്ട് മാസം പിന്നിട്ടിട്ടും അദ്ദേഹം തിരികെ വീട്ടില്‍ എത്തിയിട്ടില്ല. അനധികൃ കുടിയേറ്റത്തിന്റെ പേരില്‍ അലിയെ ബംഗ്ലാദേശിലേയ്ക്ക് നാടുകടത്തിയോ എന്നാണ് കുടുംബം ഭയപ്പെടുന്നത്. ഗുജറാത്ത് പൊലീസിന്റെ നിയമവിരുദ്ധ നടപടികള്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് അലിയുടെ കുടുംബം. സുപ്രീംകോടതിയില്‍ നിന്ന് നീതിലഭിക്കുമെന്നുള്ള പ്രതീക്ഷയിലാണ് കുടുംബം.
Content Highlights- A UP muslim family search for man who detained by gujarat police two months back