
സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ പങ്കെടുക്കാൻ ഒരുങ്ങുമ്പോൾ ജഹീർ ഖാന്റെയും അർഷാദ് അലിയുടെയും മനസ്സിൽ നിറയെ മണിപ്പൂരിലെ കലാപത്തിന്റെ ഞെട്ടിക്കുന്ന കാഴ്ചകളും അനുഭവങ്ങളുമാണ്. പാലക്കാട് മണ്ണാർക്കാട് കല്ലടി എച്ച്എസ്എസ്സിലെ വിദ്യാർത്ഥികളാണ് ഇംഫാൽ സ്വദേശികളായ ജഹീർ ഖാനും അർഷാദ് അലിയും. ഇരുവരും അവധിയ്ക്ക് നാട്ടിൽ പോയപ്പോഴായിരുന്നു അപ്രതീക്ഷിതമായി കലാപം ഉണ്ടായത്. സംഘർഷത്തിനിടയിലാണ് ഇവർ കേരളത്തിൽ തിരിച്ചെത്തിയതും പരിശീലനം നേടിയതും.
സുഹൃത്തുകൾക്കൊപ്പം അവധി ആഘോഷിക്കാനായിരുന്ന ഇവർ മണിപ്പൂരിലേക്ക് തിരിച്ചത്. ഇതിന് പിന്നാലെ കലാപം പൊട്ടിപ്പുറപ്പെടുകയായിരുന്നു. പഠനത്തിനും പരിശീലനത്തിനുമായി കേരളത്തിലേക്ക് തിരിച്ചെത്താൻ സ്കൂളിൽ നിന്ന് വിളിയെത്തിയെങ്കിലും മണിപ്പൂരിലെ സംഘർഷം യാത്രയ്ക്ക് പ്രതിസന്ധിയായി. പിന്നീട് കല്ലടി സ്കൂളിലെ അധ്യാപകർ ചേർന്ന് നടത്തിയ പരിശ്രമത്തിൽ ജഹീർ ഖാനും അർഷാദ് അലിയും ഉൾപ്പെടെ മൂന്ന് പേരെ തിരിച്ചെത്തിക്കുകയായിരുന്നു. കലാപത്തിന്റെ നടുക്കുന്ന അനുഭവങ്ങളിൽ മാനസികമായി തളർന്നിരുന്ന ഇരുവരെയും ചിട്ടയോടെയുള്ള പരിശീലനത്തിലൂടെ അധ്യാപകർ വീണ്ടും ട്രാക്കിലെത്തിക്കുകയായിരുന്നു.
കഴിഞ്ഞ വർഷത്തെ സ്വർണ മെഡൽ ജേതാക്കളാണ് ജഹീർ ഖാനും അർഷാദ് അലിയും. സബ് ജില്ലാ, ജില്ലാ മേളകളിൽ മിന്നും പ്രകടനം നടത്തിയതോടെ കഴിഞ്ഞ തവണത്തെ സുവർണ നേട്ടം ഇത്തവണയും സംസ്ഥാന കായിക മേളയിലും ആവർത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇരുവരും. സബ് ജൂനിയർ വിഭാഗത്തിൽ 400, 600 മീറ്ററുകളിൽ അർഷാദ് അലി മത്സരിക്കുമ്പോൾ, റിലേയിലും 100 മീറ്റർ മത്സരത്തിനുമാണ് ജഹീർ ഖാൻ ട്രാക്കിലിറങ്ങുക.
സന്തോഷത്തോടെ പരിശീലനത്തിന് ഇറങ്ങുമ്പോളും ജഹീർ ഖാന്റെയും അർഷാദ് അലിയുടെയും ഉള്ളിൽ മണിപ്പൂരിലുള്ള കുടുംബത്തെ കുറിച്ചുള്ള ആശങ്കകൾ തീരുന്നില്ല. നാട്ടിലെ പ്രശ്നങ്ങൾ മൂലം കുടുംബം വളരെ ബുദ്ധിമുട്ടിലാണ്. സ്കൂളിലെ കായികധ്യാപകൻ നവാസ് ഉൾപെടെയുള്ളവർ നൽകിയ പ്രോത്സാഹനവും പിന്തുണയുമാണ് ട്രാക്കിലോടാൻ ആവേശമെന്ന് അർഷാദ് റിപ്പോർട്ടർ ടിവിയോട് പറഞ്ഞു. രണ്ടാം തവണയും സംസ്ഥാന മീറ്റിന് ഇറങ്ങുമ്പോൾ സ്വർണത്തിൽ കുറഞ്ഞ മെഡലുകളൊന്നും പരിശീലകനും സഹതാരങ്ങളും ഇരുവരിൽ നിന്നും പ്രതീക്ഷിക്കുന്നില്ല.