
ഉലകനായകൻ... സ്വയം പരീക്ഷണങ്ങള്ക്ക് വിധേയനാവുകയും നവീകരിക്കുകയും ചെയ്ത നടൻ. അഭിനയവും ആക്ഷനുമെല്ലാം ഇത്രമേൽ വഴങ്ങുന്ന ഒരു നായക നടനെ ലോക സിനിമയിൽ കണ്ടെത്തുക പ്രയാസമാണ്. അതുകൊണ്ട് തന്നെയാണ് അദ്ദേഹം ഉലകനായകനായകനാകുന്നതും. അഞ്ച് പതിറ്റാണ്ട് കാലത്തിനുമപ്പുറം സിനിമാസ്വാദകരെ അത്ഭുതപ്പെടുത്തിയ കമൽ ഹാസന്റെ ഇഷ്ട ചിത്രം ഏതെന്ന് ചോദിച്ചാൽ അത് കണ്ടെത്തുക ഒരു ആരാധകനെ സംബന്ധിച്ചിടത്തോളം പ്രയാസമാണ്. 69-ന്റെ നിറവിൽ നിറഞ്ഞു നിൽക്കുന്ന ഉലക നായകന്റെ ഭാവ-വേഷപ്പകര്ച്ചകളെ അടയാളപ്പെടുത്തിയ ചില ചിത്രങ്ങൾ ഒടിടിയിൽ ആസ്വദിക്കാം..
അപൂർവ രാഗങ്കൾ (1975)
കമൽ ഹാസന്റെ കരിയറിലെ ക്ലാസിക്ക് സിനിമകളിൽ ഒന്നാണ് 'അപൂർവ രാഗങ്കൾ'. 1975-ൽ പുറത്തിറങ്ങിയ ചിത്രത്തിൽ രജനികാന്തും ശ്രീവിദ്യയുമാണ് മറ്റ് പ്രധാന താരങ്ങൾ. രജനീകാന്ത് അഭിനയിക്കുന്ന ആദ്യത്തെ ചിത്രമാണിത്. പ്രണയവും വിരഹവും നിറഞ്ഞ അപൂർവ രാഗങ്കളിൽ പ്രസന്ന എന്ന കഥാപാത്രത്തെയാണ് കമൽ ഹാസൻ അവതരിപ്പിച്ചത്. കെ ബാലചന്ദർ ആണ് സംവിധാനം. വ്യത്യസ്ത പ്രായക്കാർ തമ്മിലുള്ള പ്രണയബന്ധം അവതരിപ്പിച്ചതിന്റെ പേരിൽ ചിത്രം ചില വിവാദങ്ങളിൽപെട്ടിരുന്നു. അപൂർവ രാഗങ്കൾ ആമസോൺ പ്രൈമിൽ ലഭ്യമാണ്.
നായകൻ (1987 )
മണിരത്നത്തിന്റെ സംവിധാനത്തിൽ കമൽഹാസൻ നായകനായ ചിത്രം. വേലു നായ്ക്കറിന്റെ ജീവിതത്തിലൂടെയുള്ള അത്യന്തം സങ്കീർണമായ കഥയാണ് നായകൻ. ബോംബെ അധോലോക നായകൻ വരദരാജൻ മുതലിയാരുടെ ജീവിതത്തെയും അമേരിക്കൻ ചിത്രമായ 'ദ ഗോഡ്ഫാദറെ'യും അടിസ്ഥാനമാക്കിയാണ് നായകൻ ഒരുക്കിയിരിക്കുന്നത്. ചിത്രം ആമസോൺ പ്രൈമിൽ ലഭ്യമാണ്.
അപൂർവ സഗോധരാർഗൾ (1989)
ശ്രീനിവാസ റാവുവിന്റെ സംവിധാനത്തിലൊരുങ്ങിയ കമൽഹാസന്റെ ആദ്യകാല ചിത്രങ്ങളിലൊന്നാണ് 'അപൂർവ സഗോധരാർഗൾ'. 1989ല് പുറത്തിറങ്ങിയ ചിത്രത്തില് മൂന്ന് വേഷത്തിലാണ് കമല് അഭിനയിച്ചത്. അതില് അപ്പു എന്ന കഥാപാത്രത്തിന് പൊക്കക്കുറവാണ്. സാങ്കേതിക വിദ്യയുടെ സാധ്യത വളെര കുറവായിരുന്നു ആ കാലത്ത് പൊക്കം കുറഞ്ഞ കഥാപാത്രത്തെ കമൽ ഹാസൻ എങ്ങനെ അവതരിപ്പിച്ചു എന്നത് ഒരുതരത്തിൽ പറഞ്ഞാൽ അത്ഭുതമാണ്. അപൂർവ സഗോധരാർഗൾ ആമസോൺ പ്രൈമിൽ ലഭ്യമാണ്.
മഹാനദി (1994)
ഒരു ക്രൈം ഡ്രാമ ചിത്രമാണ് കമൽ ഹാസന്റെ 'മഹാനദി'. ചെയ്യാത്ത കുറ്റത്തിന് ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുന്ന നായകനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. ഇളയരാജയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. മഹാനദിയുടെ കഥയൊരുക്കിയിരിക്കുന്നത് കമൽഹാസൻ തന്നെയാണ്. ചിത്രം ആമസോൺ പ്രൈമിൽ ലഭ്യമാണ്.
ഇന്ത്യൻ (1996)
എസ് ശങ്കർ സംവിധാനം ചെയ്ത് 1996-ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമാണ് കമൽ ഹാസൻ ഇരട്ടവേഷത്തിൽ തകർത്താടിയ 'ഇന്ത്യൻ'. അഴിമതിക്കാരായ ഗവൺമെന്റ് അധികൃതരെ തിരഞ്ഞു പിടിച്ച് കൊല്ലുന്ന സ്വാതന്ത്ര സമര സേനാനിയും വയോധികനായ വിജിലന്റുമായ സേനാപതിയുടെ കഥയാണ് ഇന്ത്യൻ. തന്റെ മകനും അഴിമതിക്കാരനായ ഒരു ഉദ്യോഗസ്ഥനാണെന്ന് തിരിച്ചറിയുന്നെങ്കിലും സേനാപതിയ്ക്ക് തന്റെ ദേശസംരക്ഷണ ദൗത്യത്തിൽ നിന്ന് പിൻമാറാൻ കഴിയുന്നില്ല. ചിത്രത്തിന്റെ തുടർച്ച, 'ഇന്ത്യൻ 2' റിലീസിനൊരുങ്ങുകയാണ്. ഇന്ത്യൻ 2 റിലീസിന് മുൻപേ ആദ്യ ഭാഗം ആഹ എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെ കാണാം.
വിരുമാണ്ടി (2004)
കമൽഹാസൻ തന്നെ രചനയും സംവിധാനവും നിർവ്വഹിച്ച് 2004-ൽ പുറത്തിറങ്ങിയ ചിത്രമാണ് 'വിരുമാണ്ടി'. അദ്ദേഹം തന്റെ സഹോദരനായ ചന്ദ്രഹാസനുമായി ചേർന്നാണ് ചിത്രത്തിന്റെ എഡിറ്റിംഗും നിർമ്മാണവും നിർവ്വഹിച്ചിരിക്കുന്നത്. കമൽ ഹാസന്റെ കരിയറിലെ നിരവധി ചിത്രങ്ങളിൽ ഒഴിവാക്കാനാകാത്ത ചിത്രമാണിത് എന്ന് വിരുമാണ്ടിയെ വിശേഷിപ്പിക്കാം. നിരൂപകശ്രദ്ധ നേടിയ വിരുമാണ്ടി ആമസോൺ പ്രൈമിലാണ് സ്ട്രീം ചെയ്യുന്നത്.
വേട്ടയാട് വിളയാട് (2006)
കമൽഹാസനൊപ്പം ജ്യോതിക പ്രധാന കഥാപാത്രമായെത്തിയ ക്രൈംത്രില്ലർ ചിത്രമാണ് 'വേട്ടയാട് വിളയാട്'. പൊലീസ് ഓഫീസറുടെ വേഷത്തിൽ പ്രേക്ഷകർ കമൽഹാസനെ ഏറ്റവും കൂടുതൽ ഏറ്റെടുത്ത ചിത്രം. 2006-ൽ പുറത്തിറങ്ങിയ ചിത്രത്തിലെ കമൽഹാസന്റെ ആക്ഷൻ രംഗങ്ങളും ശ്രദ്ധേയമാണ്. രാഘവൻ എന്നാണ് നടന്റെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തിലെ ഹാരിസ് ജയരാജ് ചിട്ടപ്പെടുത്തിയ ഗാനങ്ങളും എവർഗ്രീൻ ഹിറ്റാണ്. വേട്ടയാട് വിളയാട് സോണി ലിവിൽ കാണാവുന്നതാണ്.
ദശാവതാരം (2008)
പേര് പോല തന്നെ കമൽഹാസന്റെ പത്ത് ഭാവങ്ങൾ, പത്ത് കഥാപത്രങ്ങളടങ്ങിയ ചിത്രം. ഒരുപക്ഷെ ഒരു സിനിമയ്ക്ക് വേണ്ടി ഇത്രയധികം മേക്കോവർ ചെയ്ത് പത്ത് കഥാപത്രങ്ങളെ അവതരിപ്പിച്ച ഒരു നടൻ ലോകത്ത് വേറെ കാണില്ല. കമൽഹാസന്റെ വമ്പൻ തിരിച്ചുവരവ് കൂടിയായിരുന്ന 'ദശാവതാരം'. രംഗരാജ നമ്പി എന്ന വിഷ്ണു ഭക്തൻ, ഗോവിന്ദ് രാമസ്വാമി എന്ന സൈന്റിസ്റ്റ്, ക്രിസ്റ്റ്യൻ ഫ്ലെച്ചർ എന്ന വിദേശി, അവതാർ സിംഗ് എന്ന പഞ്ചാബി ഗായകൻ, കൃഷ്ണവേണി എന്ന അഗ്രഹാരത്തിലെ വൃദ്ധ, ഖലീഫുള്ള ഖാൻ എന്ന പൊക്കമുള്ളയാൾ, ഷിംഗ്ഹെൻ നരഹസി എന്ന കുംഫു മാസ്റ്റർ, യു എസ് പ്രസിഡന്റ്, ബൽറാം എന്ന അന്വേഷണ ഉദ്യോഗസ്ഥൻ , വിൻസെന്റ് പൂവരാഗൻ എന്നീ കഥാപാത്രങ്ങളെയാണ് കമൽ ഹാസൻ അവതരിപ്പിച്ചത്. കെ എസ് രവികുമാർ സംവിധാനം ചെയ്ത ദശാവതാരം ജിയോ സിനിമയിൽ ആസ്വദിക്കാം.
വിശ്വരൂപം (2013)
കമൽഹാസൻ തന്നെ സംവിധാനം ചെയ്ത 'വിശ്വരൂപം'. കർണാട്ടിക് നൃത്തവും ഒപ്പം ആക്ഷനും ഫൈറ്റും ചേർന്ന ഒരു ത്രില്ലർ ചിത്രമാണ് വിശ്വരൂപം. 2013-ലാണ് ചിത്രം റിലീസ് ചെയ്തത്. വിശ്വരൂപത്തിന് രണ്ടാം ഭാഗവും പുറത്തിറങ്ങിയിരുന്നു. ആഗോള തീവ്രവാദവും ദേശീയതയും മതവിശ്വാസവും അടക്കമുള്ള വിഷയങ്ങളിൽ കമൽഹാസന്റെ നിലപാടുകൾ വിശ്വരൂപത്തിലെ സംഭാഷണങ്ങളിൽ പ്രകടമാണ്. ഡ്യൂപ്പിനെ വയ്ക്കാതെയാണ് മിക്ക സംഘട്ടന രംഗങ്ങളിലും കമൽഹാസൻ അഭിനയിച്ചത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ചിത്രം ഇപ്പോൾ ആസ്വദിക്കാം.
വിക്രം (2022)
500 കോടിയുമായി തമിഴകത്തെ എല്ലാ കളക്ഷന് റെക്കോര്ഡുകളും തകർത്ത ചിത്രമാണ് കമലിന്റെ വമ്പൻ തിരിച്ചുവരവറിയച്ച വിക്രം. ലോകേഷ് കനകരാജ് സംവിധാനത്തിലൊരുങ്ങിയ ചിത്രം തിയേറ്ററുകൾ ഇളിക്കി മറിക്കുന്ന സ്ഥിതിയാണ് റിലീസ് മുതൽ കാണാൻ കഴിഞ്ഞത്. കമൽഹാസന്റെ മാസ് പെർഫോമൻസുകളും ആക്ഷനും ഡയലോഗുമൊക്കെയായി ഒരു ത്രില്ലിംഗ് ഫീസ്റ്റ് തന്നെയായിരുന്നു ആരാധകർക്ക് വിക്രം നൽകിയത്. ബോക്സ് ഓഫീസിൽ ചരിത്രം സൃഷ്ടിച്ച ചിത്രം തിയേറ്റർ ഓട്ടത്തിന് ശേഷം ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് എത്തിയത്.