

അഭിനയം പോലെ തന്നെ യാത്രകളോടും കാറുകളോടും റേസിങ്ങിനോടുമുള്ള നടൻ അജിത്കുമാറിന്റെ ഇഷ്ടം എല്ലാവർക്കും സുപരിചിതമാണ്. സ്വന്തമായി റേസിംഗ് ടീം പ്രഖ്യാപിച്ച നടൻ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് മുഴുവൻ റേസിങ്ങിൽ ആണ്. നടന്റെ മോട്ടോർസ്പോർട്സ് രംഗത്തെ അസാധാരണ യാത്ര പ്രമേയമാക്കുന്ന ഡോക്യുമെന്ററി ‘ഗ്ലാഡിയേറ്റേഴ്സ് – ഇൻ പേഴ്സ്യൂട്ട് ഓഫ് ചാലഞ്ചസ്’ന്റെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്. ട്രെയിലറിൽ ശാലിനിയും മക്കളും സംസാരിക്കുന്നതും കാണാം.
'എല്ലാവർക്കും അദ്ദേഹത്തെ ഒരു നടനായി അറിയാം. പക്ഷെ അടുത്തറിയുന്നവർക്ക് മാത്രമേ സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും നിരന്തരം പിന്തുടരുന്ന ഒരു മനുഷ്യനായി അദ്ദേഹത്തെ അറിയൂ' എന്നാണ് ശാലിനി പറയുന്നത്. 'വിജയം ഒറ്റരാത്രികൊണ്ട് വരുമെന്ന് അദ്ദേഹം ഒരിക്കലും പ്രതീക്ഷിക്കുന്നില്ല. അതുപോലെ, പരാജയത്തെ അദ്ദേഹം ഭയപ്പെടുന്നത് ഞാൻ കണ്ടിട്ടില്ല. ട്രോഫിക്ക് വേണ്ടിയല്ല, ഒന്നും അസാധ്യമല്ലെന്ന് തോന്നുന്ന ആ കുറച്ച് നിമിഷങ്ങൾക്ക് വേണ്ടിയാണ് അജിത് എൻഡുറൻസ് റേസിംഗിലേക്ക് തിരിച്ചെത്തിയത്. ട്രാക്കിൽ ഭർത്താവ് ഉള്ളപ്പോഴെല്ലാം തനിക്ക് പരിഭ്രാന്തി തോന്നാറുണ്ടെന്നും എന്നാൽ സ്വപ്നങ്ങൾ ഇത്രയധികം ആവേശത്തോടെ ജീവിക്കുന്നത് കാണുമ്പോൾ പിന്തുണക്കാൻ തന്നെ തോന്നുമെന്നും ശാലിനി പുഞ്ചിരിയോടെ പറയുന്നു.
'ആദ്യമായി അച്ഛന്റെ ഒപ്പം കാറിൽ ഇരിക്കാൻ അവസരം കിട്ടിയത് ഓർക്കുന്നു. അദ്ദേഹം അതിനുള്ളിൽ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് കണ്ട് ഞാൻ ശരിക്കും അത്ഭുതപ്പെട്ടു 'എന്നാണ് അജിത്തിന്‍റെ മകൻ ആദ്വിക് പറഞ്ഞത്. അച്ഛന്‍റെ റേസിങ്ങും അഭിനയവും എന്നതിനേക്കാൾ, അദ്ദേഹം എങ്ങനെയുള്ള വ്യക്തിയാണ്, എന്നെ വളർത്തിയ മൂല്യങ്ങൾ എന്നതിനെയാണ് ഞാൻ കൂടുതൽ ആരാധിക്കുന്നത് എന്നാണ് മകൾ അനുഷ്കയും പറയുന്നു.
അതേസമയം, കഴിഞ്ഞ വർഷമാണ് അജിത്തിന്റെ സിനിമ തിയേറ്ററിൽ എത്തിയത്. ആദ്യം, മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി' ഫെബ്രുവരിയിൽ റിലീസ് ചെയ്തു. എന്നാൽ, ചിത്രം പ്രതീക്ഷകൾക്ക് ഒത്ത് ഉയർന്നില്ല. അതിനുശേഷം ഏപ്രിലിൽ, ആദിക്ക് രവിചന്ദ്രൻ സംവിധാനം ചെയ്ത 'ഗുഡ് ബാഡ് അഗ്ലി' എന്ന ചിത്രത്തിലൂടെ അജിത്ത് വലിയ വിജയത്തോടെ തിരിച്ചെത്തി. ഈ രണ്ട് ചിത്രങ്ങളിലും നായികയായിരുന്നത് തൃഷയാണ്.
Content Highlights: The trailer for Ajith Kumar's racing documentary 'Gladiators' has been released. The documentary highlights the actor's passion for motorsports, while his family shares their thoughts about his journey and personality.