

ചെന്നൈ: തമിഴ്നാട്ടിലെ വിവരസാങ്കേതിക-വ്യവസായ മേഖലകൾക്ക് പുത്തൻ ഉണർവ്വേകി പ്രമുഖ ആഗോള ബ്രാൻഡുകൾ ചെന്നൈയിലേക്ക് എത്തുന്നു. പ്രമുഖ കോഫി ശൃംഖലയായ സ്റ്റാർബക്സ് തങ്ങളുടെ പുതിയ സാങ്കേതിക കേന്ദ്രവും അമേരിക്കൻ ഹെൽത്ത്കെയർ ഫാർമസി ഭീമനായ വാൽഗ്രീൻസ് ഗ്ലോബൽ കേപ്പബിലിറ്റി സെന്ററും (GCC) നഗരത്തിൽ സജ്ജമാകും. ഈ രണ്ട് വലിയ പദ്ധതികളിലൂടെ സംസ്ഥാനത്ത് ആയിരത്തിലധികം ഉയർന്ന ശമ്പളമുള്ള തൊഴിലവസരങ്ങളാണ് പുതുതായി സൃഷ്ടിക്കപ്പെടുന്നത്.
മുഖ്യമന്ത്രി സി. ജോസഫ് വിജയിന്റെ സാന്നിധ്യത്തിൽ തമിഴ്നാട് വ്യവസായ, നിക്ഷേപ പ്രോത്സാഹന വാണിജ്യ വകുപ്പും സ്റ്റാർബക്സും തമ്മിലുള്ള ധാരണാപത്രത്തിൽ (MoU) ഒപ്പുവെച്ചു. തുടക്കത്തിൽ തന്നെ 800-ലധികം ഐടി പ്രൊഫഷണലുകൾക്ക് മികച്ച തൊഴിലവസരങ്ങൾ നൽകുന്നതായിരിക്കും ഈ പദ്ധതി. ഇന്ത്യയിൽ ടാറ്റാ കൺസ്യൂമർ പ്രൊഡക്ട്സുമായി സഹകരിച്ചു പ്രവർത്തിക്കുന്ന സ്റ്റാർബക്സിന്റെ റീട്ടെയിൽ ഔട്ട്ലെറ്റ് ശൃംഖലകളിൽ നിന്നും പൂർണ്ണമായും സ്വതന്ത്രമായാണ് ചെന്നൈയിലെ പുതിയ സെന്റർ പ്രവർത്തിക്കുകയെന്ന് കമ്പനി വ്യക്തമാക്കി. മികച്ച സാങ്കേതിക വൈദഗ്ധ്യമുള്ള ജീവനക്കാരുടെ ലഭ്യതയും മറ്റ് കമ്പനികളിലേക്ക് മാറുന്ന നിരക്ക് (Attrition Rate) ചെന്നൈയിൽ കുറവാണെന്നതും ഈ നഗരം തിരഞ്ഞെടുക്കാൻ കാരണമായെന്ന് സ്റ്റാർബക്സ് ചീഫ് ടെക്നോളജി ഓഫീസർ തിരു ആനന്ദ് വരദരാജൻ പറഞ്ഞു.
സ്റ്റാർബക്സിന് തൊട്ടുപിന്നാലെയാണ് യുഎസ് ഹെൽത്ത് കെയർ രംഗത്തെ മുൻനിരക്കാരായ വാൽഗ്രീൻസും ചെന്നൈയിലെ പദ്ധതി പ്രഖ്യാപിച്ചത്. താരാമണിയിലുള്ള ഡിഎൽഎഫ് ഡൗൺടൗൺ കോംപ്ലക്സിൽ ആരംഭിക്കുന്ന വാൽഗ്രീൻസിന്റെ ആദ്യ ഇന്ത്യൻ സെന്ററിലൂടെ ആദ്യവർഷം തന്നെ 250-ലധികം പേർക്ക് ജോലി ലഭിക്കും.
ആഗോള കമ്പനികൾക്ക് സംരംഭങ്ങൾ വികസിപ്പിക്കാനും നൂതന ആശയങ്ങൾ നടപ്പിലാക്കാനും ഏറ്റവും അനുയോജ്യമായ ആഗോള കേന്ദ്രമായി ചെന്നൈ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്ന് വ്യവസായ നിക്ഷേപ പ്രോത്സാഹന വകുപ്പ് മന്ത്രി സെൽവി എസ്. കീർത്തന വ്യക്തമാക്കി.
Content Highlights:Starbucks is set to establish a new technology centre in Chennai. The centre is expected to create more than 800 high-paying jobs initially. Starbucks has signed an MoU with the Tamil Nadu government for the project.