

സൂര്യയും മമിതയും പ്രധാന കഥാപാത്രങ്ങളായി എത്തിയ തമിഴ് ചിത്രം വിശ്വനാഥ് ആന്റ് സൺസ് മികച്ച അഭിപ്രായം നേടുന്നു. ആദ്യ ഷോ പൂർത്തിയാകുമ്പോൾ ചിത്രം മികച്ച ഫാമിലി എന്റർടെയ്‌നർ എന്നാണ് നേടുന്ന പ്രതികരണം.
സൂര്യയുടെയും മമിതയുടെയും രാധികയുടെയും പ്രകടനങ്ങൾക്ക് വലിയ കയ്യടിയാണ് ഉയരുന്നത്. രാധികയും മമിതയും തമ്മിലുള്ള കോമ്പിനേഷൻ സീനുകളെ പ്രശംസിച്ചാണ് നിരവധി പേർ സമൂഹമാധ്യമങ്ങളിൽ അഭിപ്രായം കുറിക്കുന്നത്. സിനിമയിലെ കോമഡി സീനും റൊമാൻസും ആക്ഷൻ സീനുകളുമെല്ലാം അഭിനന്ദനം നേടുന്നുണ്ട്.
ഇമോഷൻസും നല്ല രീതിയിൽ വർക്കാകുന്നു എന്നും ക്ലൈമാക്‌സ് മികച്ച രീതിയിൽ തന്നെ എടുത്തിട്ടുണ്ടെന്നും അഭിപ്രായങ്ങളുണ്ട്. സംവിധായകന്‍ വെങ്കി അറ്റ്‌ലൂരിയെയും ആരാധകർ പ്രശംസയിൽ മൂടുന്നുണ്ട്.
ഓഗസ്റ്റ് 14നാണ് ചിത്രം തിയേറ്ററുകളിലെത്തിയിരിക്കുന്നത്. ഫോർച്യൂൺ ഫോർ സിനിമാസുമായി ചേർന്ന്, സിതാര എന്റർടെയ്ൻമെന്റ്സ് ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് നിർമ്മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്.

ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസാണ്. ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് നെറ്റ്ഫ്‌ലിക്‌സ് ആണ് സ്വന്തമാക്കിയത്. 85 കോടിയോളം രൂപയ്ക്കാണ് ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കിയത്.

സൂര്യയുടെ കരിയറിലെ 46ാം ചിത്രമായി എത്തുന്ന വിശ്വനാഥ് ആൻഡ് സൺസ്, ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ലക്കി ഭാസ്‌കറിന് ശേഷം വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന ചിത്രമാണ്. സംവിധായകൻ വെങ്കി അറ്റ്‌ലൂരി തന്നെയാണ് ചിത്രം രചിച്ചിരിക്കുന്നതും. രവീണ ടണ്ഡൻ, രാധിക ശരത്കുമാർ, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
Content Highlights: Suriya-Mamitha Baiju movie Viswanath and Sons get good response from audience