

യുഎഇയിലെ താമസക്കാർക്ക് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സന്ദർശന വിസയിൽ കൊണ്ടുവരുന്നതിനുള്ള സ്പോൺസർഷിപ്പ് നിയമങ്ങൾ വ്യക്തമാക്കി ജിഡിആർഎഫ്എ. സ്പോൺസറുടെ ശമ്പളവും ബന്ധവും അനുസരിച്ചാണ് പുതിയ യോഗ്യത മാനദണ്ഡങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. യാത്രക്കാരുടെ സൗകര്യമനുസരിച്ച് 30, 60, 90 ദിവസത്തെ സിംഗിൾ അല്ലെങ്കിൽ മൾട്ടിപ്പിൾ എൻട്രി വിസകൾ തെരഞ്ഞെടുക്കാം.
പ്രവാസികൾക്ക് തങ്ങളുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും യുഎഇയിലേക്ക് കൊണ്ടുവരാൻ ആവശ്യമായ ശമ്പള വിവരങ്ങൾ ഇങ്ങനെയാണ്. ഭാര്യ, ഭർത്താവ്, മക്കൾ, മാതാപിതാക്കൾ എന്നിവരെ കൊണ്ടുവരാൻ പ്രവാസികൾക്ക് കുറഞ്ഞത് 4,000 ദിർഹം ശമ്പളം ഉണ്ടായിരിക്കണം. എന്നാൽ സഹോദരങ്ങൾ, മുത്തശ്ശീ-മുത്തശ്ശൻ, അമ്മാവൻ അമ്മായി എന്നിവരെയാണ് കൊണ്ടുവരുന്നതെങ്കിൽ 8,000 ദിർഹമെങ്കിലും ശമ്പളം വേണം. ഇനി സുഹൃത്തുക്കളെയാണ് സ്പോൺസർ ചെയ്യുന്നതെങ്കിൽ കുറഞ്ഞത് 15,000 ദിർഹം പ്രതിമാസ ശമ്പളം ഉണ്ടായിരിക്കണം.
വിസ നിരക്കുകൾ രണ്ട് രീതിയിലാണ് നിശ്ചയിച്ചിരിക്കുന്നത്. ഒരു തവണ മാത്രം വരാവുന്ന സിംഗിൾ എൻട്രി വിസയ്ക്ക് ദിവസങ്ങളുടെ അടിസ്ഥാനത്തിൽ 200 മുതൽ 400 ദിർഹം വരെയാണ് ഫീസ്. ഇതിനൊപ്പം പിന്നീട് തിരികെ ലഭിക്കുന്ന 1,000 ദിർഹം ഡെപ്പോസിറ്റും നൽകണം. എന്നാൽ പലതവണ വന്നുപോകാവുന്ന മൾട്ടിപ്പിൾ എൻട്രി വിസകൾക്ക് 300 മുതൽ 700 ദിർഹം വരെയാണ് ചാർജ്. ഈ വിഭാഗത്തിൽ 2,000 ദിർഹമാണ് ഡെപ്പോസിറ്റ് തുകയായി നൽകേണ്ടത്.
സ്പോൺസറുടെ എമിറേറ്റ്സ് ഐഡി, ജോലി കരാർ, ശമ്പള സർട്ടിഫിക്കറ്റ്, സന്ദർശകന്റെ പാസ്‌പോർട്ട് കോപ്പി, താമസ രേഖകൾ എന്നിവയാണ് അപേക്ഷിക്കാൻ വേണ്ടത്. ജിഡിആർഎഫ്എ വെബ്‌സൈറ്റ്, മൊബൈൽ ആപ്പ് അല്ലെങ്കിൽ ആമർ സെന്ററുകൾ വഴി യുഎഇ പാസ് ഉപയോഗിച്ച് ഓൺലൈനായി എളുപ്പത്തിൽ അപേക്ഷിക്കാം. 48 മണിക്കൂറിനുള്ളിൽ വിസ നടപടികൾ പൂർത്തിയാകും. ഓൺലൈൻ സംവിധാനം ലളിതമായതോടെ ഈ വർഷം ആദ്യ പകുതിയിൽ മാത്രം 29,000-ത്തിലധികം വിസകളാണ് ഈ വിഭാഗത്തിൽ അനുവദിച്ചത്.
Content Highlights: The UAE has updated the rules governing visit visas for family members and friends. The revised regulations clarify eligibility, sponsorship requirements, visa validity, and other important conditions for visitors.