

ഫിഫ ലോകകപ്പ് ഫൈനലിൽ അർജന്റീനയും സ്പെയിനും നേർക്കുനേർ പോരാടാനിരിക്കെ, കായികപ്രേമികൾക്ക് കർശന മുന്നറിയിപ്പുമായി യുഎഇ. ഫൈനൽ മത്സരം നിയമവിരുദ്ധമായ ലിങ്കുകൾ വഴിയോ അനധികൃത ആപ്പുകൾ വഴിയോ കാണുന്നത് കനത്ത പിഴയ്ക്കും ജയിൽ ശിക്ഷയ്ക്കും കാരണമാകുമെന്ന് അധികൃതർ വ്യക്തമാക്കി. ലൈസൻസുള്ള ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിലൂടെ മാത്രം മത്സരം കാണണമെന്ന് യുഎഇ മന്ത്രാലയവും ഡിജിറ്റൽ ദുബായും സംയുക്തമായി അറിയിച്ചു.
അമേരിക്കയിലെ ന്യൂയോർക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ആവേശകരമായ ഫൈനലിൽ കിരീടം നിലനിർത്താൻ അർജന്റീനയും രണ്ടാമത്തെ കിരീടത്തിനായി സ്പെയിനും ഇറങ്ങുമ്പോൾ ലോകമെങ്ങും ഫുട്ബോൾ ലഹരിയിലാണ്. എന്നാൽ ഔദ്യോഗിക അനുമതിയില്ലാതെ മത്സരങ്ങളുടെ ലിങ്കുകളോ, ലൈവ് സ്ട്രീമുകളോ സോഷ്യൽ മീഡിയ വഴി പങ്കുവെക്കുന്നത് യുഎഇയിൽ കർശനമായി നിരോധിച്ചിട്ടുണ്ട്. സൗജന്യമായി കളി കാണാം എന്ന് പറഞ്ഞ് വരുന്ന വ്യാജ ലിങ്കുകൾ പലപ്പോഴും ബാങ്ക് വിവരങ്ങൾ ചോർത്തുന്ന സൈബർ കെണികളാണെന്നും ദുബായ് ഡിജിറ്റൽ അതോറിറ്റി മുന്നറിയിപ്പ് നൽകുന്നു.
അനധികൃതമായി ഡിജിറ്റൽ ഉള്ളടക്കങ്ങൾ വിതരണം ചെയ്യുന്ന പൈറസി മാഫിയക്കെതിരെ ദുബായ് പൊലീസ് നടപടി ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം ഇത്തരത്തിൽ വ്യാജ സബ്‌സ്‌ക്രിപ്ഷൻ പാക്കേജുകൾ വിറ്റിരുന്ന ഒരു വലിയ ശൃംഖലയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇത്തരം വ്യാജ സേവനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കളും വലിയ നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് പൊലീസ് ഓർമ്മിപ്പിച്ചു.
മിഡിൽ ഈസ്റ്റ് മേഖലയിൽ ഫിഫ ലോകകപ്പ് സംപ്രേക്ഷണം ചെയ്യാനുള്ള ഔദ്യോഗിക അവകാശം ബിഇൻ സ്പോർട്സിനാണ്. യുഎഇയിലെ ആരാധകർക്ക് ലൈസൻസുള്ള ടെലിവിഷൻ ചാനലുകൾ വഴിയോ, ഔദ്യോഗിക ഓൺലൈൻ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളായ ടിഒഡി, ബിഇൻ കണക്റ്റ് എന്നിവ വഴിയോ നിയമപരമായി ഫൈനൽ മത്സരം തത്സമയം കാണാം. നിയമപരമായ മാർഗ്ഗങ്ങൾ മാത്രം സ്വീകരിച്ച് ഉത്തരവാദിത്തത്തോടെ ലോകകപ്പ് ആഘോഷമാക്കാനാണ് അധികൃതരുടെ അഭ്യർത്ഥന.
Content Highlights: Ahead of the FIFA World Cup final, UAE authorities have urged residents not to use unauthorized streaming websites or illegal links to watch the match. Officials warned that such platforms may violate copyright laws and expose users to cyber threats, malware, and data theft.