

ബെംഗളൂരു: വിഖ്യാത ഗായിക എസ് ജാനകി (88) വിടവാങ്ങി. മൈസൂരുവിലാണ് അന്ത്യം. പതിനേഴ് ഭാഷകളിലായി ആയിരക്കണക്കിന് ഗാനങ്ങള്‍ ആലപിച്ച സംഗീത പ്രതിഭയാണ് വിടവാങ്ങിയത്. അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കൊച്ചുമകള്‍ അപ്‌സരയാണ് സോഷ്യല്‍മീഡിയയിലൂടെ വിയോഗവിവരം പങ്കുവെച്ചത്. കുടുംബം കടുത്ത ദുഃഖത്തിലൂടെയാണ് കടന്നുപോകുന്നതെന്നും പ്രയാസകരമായ സമയത്ത്, തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.
തലമുറകളെ താരാട്ടുപാടിയുറക്കിയ, പ്രണയരാവുകള്‍ക്ക് കൂട്ടിരുന്ന വാനമ്പാടിയാണ് വിട വാങ്ങിയിരിക്കുന്നത്. 1956ല്‍ ആകാശവാണി നടത്തിയ അഖിലേന്ത്യാ സംഗീതമത്സരത്തില്‍ ലഭിച്ച രണ്ടാംസ്ഥാനത്തോടെയാണ് ജാനകിയമ്മയുടെ സംഗീതജീവിതം തുടങ്ങിയത്. 'വിധിയിന്‍ വിളയാട്ട്' എന്ന തമിഴ് ചിത്രത്തില്‍ പാടിയായിരുന്നു ചലച്ചിത്ര സംഗീതലോകത്തേക്കുള്ള കടന്നുവരവ്. 1957ല്‍ പുറത്തിറങ്ങിയ 'മിന്നുന്നതെല്ലാം പൊന്നല്ല' എന്ന ചിത്രത്തിലെ 'ഇരുള്‍ മൂടുകയോ എന്‍ വഴിയില്‍' എന്ന ഗാനമാണ് മലയാളത്തില്‍ ആദ്യമായി പാടിയത്.

തളിരിട്ട കിനാക്കള്‍തന്‍' (മൂടുപടം), 'അഞ്ജന കണ്ണെഴുതീ' (തച്ചോളി ഒതേനന്‍), 'സൂര്യകാന്തീ..' (കാട്ടുപൂവ്), 'ഒരു കൊച്ചു സ്വപ്നത്തിന്‍' (തറവാട്ടമ്മ), 'താമര കുമ്പിളിലല്ലോ മമഹൃദയം' (അന്വേഷിച്ചു കണ്ടെത്തിയില്ല) അങ്ങനെ നീളുന്നു ആ കോംബിനേഷനില്‍ പിറന്ന ഹിറ്റ് ഗാനങ്ങള്‍. മികച്ച ഗായികയ്ക്കുള്ള നാല് ദേശീയ പുരസ്‌കാരമടക്കം നേടി. മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് നാലു തവണയാണ് എസ്ജാനകിക്ക് ലഭിച്ചത്. 1977-ല്‍ പതിനാറു വയതിനിലേ' എന്ന തമിഴ് ചിത്രത്തിലെ 'സിന്ദൂര പൂവേ...' എന്നു തുടങ്ങുന്ന ഗാനത്തിനാണ് ആദ്യമായി ദേശീയപുരസ്‌കാരം ലഭിച്ചത്. 1980-ല്‍ 'ഓപ്പോള്‍' എന്ന മലയാളചിത്രത്തിലെ 'ഏറ്റുമാനൂര്‍ അമ്പലത്തില്‍...' എന്ന ഗാനത്തിനും 1984-ല്‍ തെലുങ്കു ചിത്രമായസിതാര'യില്‍ വെന്നല്ലോ 'ഗോദാരി ആനന്ദം…' എന്നു തുടങ്ങുന്ന ഗാനത്തിനും 1992-ല്‍ തമിഴ് ചിത്രമായ `തേവര്‍മകനില്‍' ഇഞ്ചി ഇടിപ്പഴകാ… എന്ന ഗാനത്തിനുമാണ് ദേശീയ അവാര്‍ഡുകള്‍ ലഭിച്ചത്.

മികച്ച പിന്നണിഗായികയ്ക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് 14 തവണ ലഭിച്ചു. 2013ല്‍ പത്മഭൂഷണ്‍ ലഭിച്ചെങ്കിലും നിരസിക്കുകയായിരുന്നു. പ്രണയം, വിരഹം, ഭക്തി, വാത്സല്യം, കുട്ടിത്തം എന്നിങ്ങനെ ജാനകിക്ക് വഴങ്ങാത്ത ഭാവങ്ങളുണ്ടായിരുന്നില്ല. മൗനം പോലും മധുരമാക്കിയ ശബ്ദം.
1938-ൽ ഏപ്രിൽ 23-ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ ജനിച്ച ജാനകി മൂന്നാം വയസിൽതന്നെ സംഗീതത്തോട് ആഭിമുഖ്യ പ്രകടിപ്പിച്ചുതുടങ്ങിയിരുന്നു. പത്താം വയസിൽ പൈതി സ്വാമിയുടെ കീഴിൽ ശാസ്‌ത്രീയ സംഗീത പഠനം ആരംഭിച്ചു. ജാനകിയുടെ സംഗീത വാസന വളർത്തുന്നതിൽ അമ്മാവൻ ഡോ. ചന്ദ്രശേഖർ നിർണായക പങ്കു വഹിച്ചിരുന്നു. അദ്ദേഹത്തിൻറെ നിർദ്ദേശപ്രകാരമാണ് സംഗീത പഠനത്തിനായി പിൽക്കാലത്ത് മദ്രാസിലെത്തിയത്.
Content Highlights: Veteran playback singer S Janaki Passed away