'ഞങ്ങളില്‍ ഒരാള്‍ മരിക്കുന്നതു വരെ, പരസ്പരം വിശ്വസ്തരായി തുടരും'; സൗഭാഗ്യ വെങ്കിടേഷ്

സോഷ്യല്‍ മീഡിയയില്‍ വന്ന വിവാദങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു താരം

'ഞങ്ങളില്‍ ഒരാള്‍ മരിക്കുന്നതു വരെ, പരസ്പരം വിശ്വസ്തരായി തുടരും'; സൗഭാഗ്യ വെങ്കിടേഷ്
dot image

തന്റെയും ഭര്‍ത്താവ് അര്‍ജുന്റെയും ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടെന്ന് പ്രചരിപ്പിച്ചവര്‍ക്കുള്ള മറുപടിയുമായി നര്‍ത്തകിയും യൂട്യൂബറുമായ സൗഭാഗ്യ വെങ്കിടേഷ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് താരത്തിന്റെ പ്രതികരണം.

'ഞങ്ങളില്‍ ഒരാള്‍ മരിക്കുന്നതു വരെ, ജീവിതകാലം മുഴുവന്‍ വിവാഹിതരായി പരസ്പരം വിശ്വസ്തരായി തുടരുമെന്ന് ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. പ്രിയപ്പെട്ട മഞ്ഞപത്രം….ക്ഷമിക്കണം…'- എന്നാണ് സൗഭാഗ്യ കുറിച്ചിരിക്കുന്നത്. തങ്ങള്‍ക്കിടയില്‍ ദാമ്പത്യ പ്രശ്‌നങ്ങളോ വിവാഹമോചനമോ ഉള്ളതായി വരുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് വ്യക്തമാക്കുന്നതാണ് സൗഭാഗ്യയുടെ പോസ്റ്റ്.

അടുത്തിടെ ശരീരഭാരം കുറച്ച് എല്ലാവരെയും സൗഭാഗ്യ ഞെട്ടിച്ചിരുന്നു. ഇഞ്ചക്ഷന്‍ എടുത്തും ഒപ്പം കൃത്യമായ ഡയറ്റും ജിം വര്‍ക്കൗട്ടുകളും പിന്തുടര്‍ന്നുമാണ് താന്‍ ശരീരഭാരം കുറച്ചതെന്നും സൗഭാഗ്യ പറഞ്ഞിരുന്നു.

അതേസമയം, തന്റെ ബിസിനസ് സംരംഭമായ 'പൂവ്' ബ്രാന്റ് പൂട്ടാന്‍ തീരുമാനിച്ചുവെന്ന് അറിയിച്ച് കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയ സൗഭാഗ്യ വെങ്കിടേഷ് കുറിപ്പ് പങ്കുവച്ചിരുന്നു. ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചുവെന്നാണ് താരം വെളിപ്പെടുത്തിയത്.

'ഹൃദയവേദനയോടെ വിടവാങ്ങുന്നു. പൂവിനെക്കുറിച്ച് ചോദിക്കുന്നവര്‍ക്കായി. ഏറെ വിഷമത്തോടെ ഞാന്‍ ബ്രാന്റ് പൂട്ടാന്‍ തീരുമാനിച്ചിരിക്കുന്നു. സ്വപ്നത്തിലുള്ള എന്റെ വിശ്വാസം നഷ്ടപ്പെട്ടതു കൊണ്ടല്ല. പിന്തുണ ലഭിക്കാത്തതു കൊണ്ടുമല്ല. വഞ്ചനയില്‍ അവസാനിച്ചൊരു പങ്കാളിതമാണ് കാരണം. ഞാന്‍ ഒരാളെ വിശ്വസിച്ചു, ആ വിശ്വാസം പൂര്‍ണമായും തകര്‍ക്കപ്പെട്ടു. ഒരിക്കലും നേരിടേണ്ടി വരുമെന്ന് ഞാന്‍ കരുതാത്ത തീരുമാനങ്ങളുടെ ആഘാതങ്ങളാണ് എനിക്ക് അഭിമുഖീകരിക്കേണ്ടി വരുന്നത്.

ഒരു ബ്രാന്റ് പടുത്തുയര്‍ത്താന്‍ സമയവും സ്‌നേഹവും പണവും എണ്ണമറ്റ ഉറക്കമില്ലാത്ത രാത്രികളും വേണ്ടിവരും. ഒരാള്‍ പറഞ്ഞ വാക്ക് പാലിക്കാത്തതിനാല്‍ അത് അവസാനിപ്പിക്കേണ്ടി വരുന്നത് ഹൃദയഭേദകമാണ്. ഒന്നാമത്തെ ദിവസം മുതല്‍ പൂവിനെ പിന്തുണച്ച എല്ലാവര്‍ ഒരു വിശദീകരണം നല്‍കാന്‍ ഞാന്‍ ബാധ്യസ്ഥ ആണെന്നതിനാലാണ് ഇത് പങ്കുവെക്കുന്നത്.

സത്യസന്ധത, മര്യാദ, വിശ്വാസ്യത തുടങ്ങിയവയ്ക്ക് നിങ്ങള്‍ നല്‍കുന്ന അതേ മൂല്യം എല്ലാവരും നല്‍കുന്നില്ലെന്നതാണ് ചിലപ്പോള്‍ ബിസിനസില്‍ നിന്നും പഠിക്കാനാകുന്ന പ്രയാസമേറിയ പാഠം. എന്റെ സമാധാനം കൈ വിടാതിരിക്കാന്‍ ഈ അധ്യായം ഞാന്‍ അടയ്ക്കുകയാണ്. പൂവില്‍ വിശ്വസിച്ച എല്ലാവര്‍ക്കും നന്ദി. നിങ്ങളുടെ സ്‌നേഹവും പ്രോത്സാഹനവും എനിക്കേറെ വിലപ്പെട്ടതാണ്.

ഒരു സംരംഭക എന്ന നിലയിലുള്ള എന്റെ അവസാനമല്ലിത്. ഒരു അധ്യായം മാത്രമാണ് അവസാനിക്കുന്നത്. കൂടുതല്‍ കരുത്തോടെ, അറിവോടെ ഞാന്‍ തിരികെ വരും. ശരിയായ അടിത്തറയില്‍ അത് പടുത്തുയര്‍ത്തും'- സൗഭാഗ്യ കുറിച്ചു.

Content Highlights: Soubhagya Venkatesh stated that they would remain faithful to each other until one of them passes away. The star was responding to controversies that had surfaced on social media.

dot image
To advertise here,contact us
dot image