

ഇലക്ട്രോണിക്ക് ഉപകരണങ്ങളിൽ താന്‍ തൊട്ടാല്‍ കേടാകുമെന്ന് മോഹന്‍ലാല്‍ റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് വലിയ വൈറലായിരുന്നു. തന്റെ ഫോണും ടെലിവിഷനും കേടായി എന്നും എന്തോ സ്റ്റാറ്റിക് ഇലക്ട്രിസിറ്റി ആകാം എന്നുമായിരുന്നു മോഹൻലാൽ അഭിമുഖത്തിൽ പറഞ്ഞത്. ഇപ്പോഴിതാ മോഹൻലാൽ ഈ പറഞ്ഞതിനെ അടിസ്ഥാനമാക്കി ഒരു എഐ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
കയ്യില്‍ വൈദ്യുതിയുമായി മോഹന്‍ലാല്‍ ഫോണില്‍ തൊടുമ്പോള്‍ ഫോണ്‍ കേടാകുന്നു, ടിവിയില്‍ തൊടുമ്പോള്‍ ടിവി കേടാവുന്നു, ഫ്രിഡ്ജും അടിച്ചുപോകുന്നു. അവസാനം മോഹന്‍ലാല്‍ വീടിന്‍റെ ലൈറ്റ് സ്വിച്ച് ഓഫാക്കുമ്പോള്‍ ലോകത്തിലെ മൊത്തം വൈദ്യുതിയും അടിച്ചുപോകുന്നതായിട്ടാണ് റീല്‍ ആരംഭിക്കുന്നത്. IHafix എന്ന ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് ഈ വീഡിയോ പുറത്തുവന്നിരിക്കുന്നത്. മമ്മൂട്ടിയുടെ താരാദാസിനെയും സുരേഷ് ഗോപിയുടെ ഭരത്ചന്ദ്രൻ ഐപിഎസിനേയുമെല്ലാം വീഡിയോയിൽ കാണാവുന്നതാണ്. വൈദ്യുതി ഇല്ലാതാകുന്നതോടെ ഇലോണ്‍ മസ്കും, സുന്ദര്‍ പിച്ചൈയും, മാര്‍ക്ക് സക്കര്‍ബെര്‍ഗുമെല്ലാം കരയുന്നതും വീഡിയോയിൽ കാണാം. മെഴുകുതിരി കത്തിച്ചിരുന്ന് ട്രംപും കിം ജോങ് ഉന്നും ഫോണില്‍ തര്‍ക്കിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
ഇതിനോടകം വൈറലായ റീല്‍ ഒട്ടേറെപ്പേരാണ് റീഷെയര്‍ ചെയ്തിരിക്കുന്നത്. അതേസമയം, ദൃശ്യം 3 ആണ് അവസാനമായി പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം. ചിത്രം 330 കോടി ആഗോള ബിസിനസ് നേടിയിരുന്നു. ബോക്സ് ഓഫീസ് കളക്ഷന് പുറമേ ഒ.ടി.ടി- സാറ്റ്ലൈറ്റ് ബിസിനസ് ഉള്‍പ്പെടെയാണ് ചിത്രം 330 കോടി നേടിയത്.സിനിമ തീയേറ്ററിലെത്തി വെറും 58 മണിക്കൂറുകള്‍ കൊണ്ടാണ് 100 കോടി ക്ലബിലെത്തുന്നത്. റീലീസ് ചെയ്ത് 7 ദിവസം കൊണ്ടാണ് ചിത്രം 200 കോടിയുടെ നേട്ടം ഉണ്ടാക്കിയത്. ഇപ്പോഴിതാ 30ാം ദിവസത്തിലേക്ക് എത്തിയപ്പോഴേക്കും 330 കോടി അടിച്ചിരിക്കുകയാണ്.

ഏറ്റവും കൂടുതല്‍ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ചിത്രം കൂടിയാണ് ദൃശ്യം. ദൃശ്യം 3യുടെ ആഗോള തിയേറ്ററിക്കല്‍ റൈറ്റ്സ് ഉള്‍പ്പെടെ എല്ലാ അവകാശങ്ങളും സിനിമ തീയേറ്ററില്‍ എത്തും മുന്‍പ് തന്നെ വിറ്റുപോയിരുന്നു. പെന്‍ സ്റ്റുഡിയോസുമായി ചേര്‍ന്ന് പനോരമ സ്റ്റുഡിയോസ് ആണ് ചിത്രത്തിന്റെ അവകാശങ്ങള്‍ സ്വന്തമാക്കിയത്. 'ദൃശ്യം' പരമ്പര ഹിന്ദിയില്‍ നിര്‍മിച്ചത് പനോരമയാണ്.
Content Highlights: Minnal Murali Gets a Worthy Rival! Mohanlal AI Video Featuring Tharadas and Bharatchandran Goes Viral