

ബോക്‌സ് ഓഫീസുകളുടെ തമ്പുരാനാണ് മോഹൻലാൽ എന്നതിൽ മലയാള സിനിമയിൽ ഒരു തർക്കവും ഒരു കാലത്തും ഉണ്ടായിട്ടില്ല. ഓരോ വർഷം കഴിയുംതോറും തന്റെ ആ കസേര വീണ്ടും വീണ്ടും ഉറപ്പിക്കുകയാണ് മോഹൻലാൽ. ഇക്കഴിഞ്ഞ ഒരു വർഷം മാത്രമെടുത്താൽ കോടി ക്ലബുകളിലേക്ക് അതിവേഗമാണ് ഓരോ മോഹൻലാൽ ചിത്രവും ഓടിക്കയറുന്നത്.
50 കോടിയും 100 കോടിയും എന്നുവേണ്ട 200 കോടി പോലും മോഹൻലാൽ ചിത്രങ്ങളെ സംബന്ധിച്ചിടത്തോളം സാധാരണ കാര്യമായി മാറിക്കഴിഞ്ഞു. കഴിഞ്ഞ 14 മാസത്തെ കണക്ക് മാത്രമെടുത്താൽ വെറും നാല് സിനിമകൾ കൊണ്ട് 800 കോടിയ്ക്കും മുകളിലാണ് മോഹൻലാൽ ബോക്‌സ് ഓഫീസിൽ നിന്നും വാരിയെടുത്തത്.
2025 മാർച്ചിൽ പുറത്തിറങ്ങിയ എമ്പുരാൻ, പിന്നാലെ ഏപ്രിലിൽ എത്തിയ തുടരം, ഓണം റിലീസായിരുന്ന ഹൃദയപൂർവ്വം, 2026 മെയ് 21ന് എത്തിയ ദൃശ്യം 3 - ഈ സിനിമകളിലൂടെയാണ് മോഹൻലാൽ മറ്റ് അനവധി റെക്കോർഡുകൾക്കൊപ്പം 800 കോടിയെന്ന മാജിക് നമ്പറും കേരളത്തിന് സമ്മാനിച്ചത്.

എമ്പുരാൻ 266 കോടിയാണ് ആഗോള കളക്ഷൻ നേടിയത്. തുടരും 234 കോടിയും ഹൃദയപൂർവ്വം 75 കോടിയും സ്വന്തമാക്കി. ഇപ്പോൾ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ദൃശ്യം 3 ഇതിനോടകം 233 കോടി നേടിക്കഴിഞ്ഞു. റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോഴും ചിത്രം മികച്ച തിയേറ്റർ ഒക്യുപെൻസിയാണ് നേടുന്നത്.
അണിയറയിലും മികച്ച പ്രോജക്ടുകളാണ് മോഹൻലാലിന്റേതായി ഒരുങ്ങുന്നത്. തുടരുമിന് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം ആണ് ഇതിലൊന്ന്. മോഹൻലാൽ ഏറെ നാളുകൾക്ക് ശേഷം പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തെ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ചിദംബരം, ദിലീഷ് പോത്തൻ എന്നിവർ സംവിധായകരാകുന്ന ചിത്രങ്ങളം വൈകാതെ വർക്ക് തുടങ്ങും എന്നാണ് റിപ്പോർട്ടുകൾ.
ഇത് കൂടാതെ ജയിലർ 2, ഖലീഫ, തുടക്കം എന്നീ ചിത്രങ്ങളിലും മോഹൻലാലിന്റെ കാമിയോ സാന്നിധ്യം ഉണ്ടാകും. കത്തനാരിലും മാർ ആബോ എന്ന കഥാപാത്രമായി മോഹൻലാൽ അതിഥി വേഷത്തിലെത്തും എന്നും റിപ്പോർട്ടുകളുണ്ട്.
Content Highlights: Mohanlal gathers 800 crores in box office with 4 movies in 14 months. This is milestone achievement in Malayalam cinema