

മലയാളത്തിലെ എല്ലാ അഭിനേതാക്കളെയും അണിനിരത്തി ജോഷി ഒരുക്കിയ മൾട്ടിസ്റ്റാർ ചിത്രമാണ് ട്വന്റി 20. മികച്ച അഭിപ്രായങ്ങൾ നേടിയ സിനിമ ബോക്സ് ഓഫീസിലും വലിയ വിജയമായിരുന്നു. എന്നാൽ സിനിമയുടെ ക്ലൈമാക്സിലെ ഒരു ഷോട്ടിനെ സംബന്ധിച്ചുള്ള ചർച്ചകൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ തുടരുകയാണ്. ചിത്രത്തിന്റെ ക്ലൈമാക്സ് ഫൈറ്റിന് ശേഷം സൂപ്പർതാരങ്ങൾ ഒരുമിച്ച് നടന്നു വരുന്ന മാസ്സ് രംഗത്തിൽ നടൻ ജയറാം എന്തുകൊണ്ട് ഉണ്ടായിരുന്നില്ല എന്ന ചോദ്യത്തിന് താരം പല അഭിമുഖങ്ങളിൽ നൽകിയ വ്യത്യസ്ത മറുപടികളാണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നത്.
ഇപ്പോൾ തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ താൻ ദീപാവലിക്കായി വീട്ടിൽ പോയതിനാലാണ് താൻ ക്ലൈമാക്സിൽ ഇല്ലാതിരുന്നത് എന്നാണ് ജയറാം പറയുന്നത്. എന്നാൽ മുൻപ് ഒരു മലയാളം ചാനലിന് നൽകിയ അഭിമുഖത്തിൽ ശബരിമലയ്ക്ക് പോകാൻ ഡേറ്റ് ബുക്ക് ചെയ്തതിനാലാണ് താൻ ക്ലൈമാക്സ് ഷൂട്ടിന് നിൽക്കാതെ പോയതെന്നാണ് ജയറാം പറയുന്നത്. 'ഒന്നുകൂടി കണ്ടു നോക്കൂ, അവസാനം ഈ ഒരാൾ മാത്രം അതിൽ ഉണ്ടാകില്ല. എന്താണെന്നാൽ, അതിന്റെ ക്ലൈമാക്സ് ഷൂട്ട് ചെയ്തുകൊണ്ടിരിക്കുമ്പോൾ എന്റെ പോർഷൻ ഫൈറ്റ് ഒക്കെ കഴിഞ്ഞു.

അവസാനം ഈ അഞ്ചു പേരും ചേർന്ന് നടന്നു വരുന്ന ഒരു ഷോട്ട് മാത്രം എടുക്കാനുണ്ട്. ജോഷി സാറാണ് ഡയറക്ടർ അതെന്തായാലും ഈ ഫൈറ്റ് ഒക്കെ കഴിഞ്ഞ് എങ്ങനെ വരുമെന്ന് നോക്കിയിട്ടേ എടുക്കാൻ പറ്റൂ എന്ന് പറഞ്ഞു. ഇനി രണ്ടു ദിവസം കൂടിയുണ്ടെന്ന് പറഞ്ഞു. കറക്റ്റ് ദീപാവലി സമയം. സർ എനിക്ക് വീട്ടിൽ പോകണം, ചെന്നൈയിൽ പോകണം.‘നിനക്ക് ദീപാവലിയാണോ വലുത്? അതോ അവസാനം എല്ലാവരും നടന്നു വരുന്ന ഷോട്ടാണോ വലുത്?’ എന്ന് സർ ചോദിച്ചു. ഞാൻ ആലോചിച്ചു. ‘സർ, എനിക്ക് ദീപാവലിയാണ് പ്രധാനം’. ‘എങ്കിൽ പൊയ്ക്കോ’ എന്ന് അദ്ദേഹം പറഞ്ഞു', എന്നാണ് ജയറാം തമിഴ് ചാനലിനോട് പറയുന്നത്.
എന്റെ സീൻ ഒക്കെ കഴിഞ്ഞു, ആ ഫൈറ്റിന്റെയൊക്കെ കഴിഞ്ഞു. ‘വെയ്റ്റ് ചെയ്യെടാ, നിങ്ങളഞ്ചുപേരും കൂടി നടന്നു വരുന്ന ആ ഷോട്ടും കൂടി എടുത്താല്‍…' എന്ന് അദ്ദേഹം പറയും. വൈകുന്നേരത്തിനുള്ളിൽ എടുക്കാം എന്ന് അദ്ദേഹം പറഞ്ഞു. അന്ന് വൈകുന്നേരം ആയിട്ടും എടുക്കാൻ പറ്റിയില്ല. അപ്പൊ അടുത്ത ദിവസമായി, രാവിലെ തൊട്ട് ഞാൻ പറഞ്ഞു, ‘സർ ഇത് എടുക്ക്’, ‘ഇപ്പൊ എടുക്കാം, ഇപ്പൊ എടുക്കാം’' എന്ന് പറഞ്ഞ് പറഞ്ഞ് അന്നും എടുക്കാൻ പറ്റിയില്ല. തീരുമാനം പിന്നെ എന്റെയാണ് എടുക്കേണ്ടത്. എനിക്ക് അതിന് ശബരിമലയ്ക്ക് പോകണം. അത് വേണ്ടെന്നു വച്ചിട്ട് ഈ അഞ്ചുപേരിൽ നടന്നു വരുന്നതാണോ ഏതാണ് വലുത് എന്ന് ചിന്തിച്ചപ്പോ എനിക്ക് അതാണ് വലുതെന്ന് തോന്നി', എന്നാണ് മലയാളം അഭിമുഖത്തിലെ ജയറാമിന്റെ വാക്കുകൾ.
Content Highlights: Actor Jayaram has gone viral after sharing a witty response regarding the climax scene of Twenty20. Recalling the memorable sequence, he humorously remarked, "That day it was Sabarimala, today it's Deepavali," sparking nostalgia and laughter among fans of the blockbuster film.