റിയാദിൽ താമസ കേന്ദ്രങ്ങളില്‍ വാഹന പാര്‍ക്കിംഗ് നിയന്ത്രണം ശക്തമാക്കുന്നു; നടപടികളുമായി അധികൃതർ

പദ്ധതി ആരംഭിച്ചത് മുതല്‍ അനിയന്ത്രിത പാര്‍ക്കിംഗ് ഗണ്യമായി കുറഞ്ഞതായും ഉള്‍വഴികളിലേക്കുള്ള വാഹനങ്ങളുടെ തിരക്ക് നിയന്ത്രിക്കാനായതായും റിയാദ് പാര്‍കിംഗ് അധികൃതര്‍ വ്യക്തമാക്കി

റിയാദിൽ താമസ കേന്ദ്രങ്ങളില്‍ വാഹന പാര്‍ക്കിംഗ് നിയന്ത്രണം ശക്തമാക്കുന്നു; നടപടികളുമായി അധികൃതർ
dot image

റിയാദ് നഗരത്തിലെ താമസ കേന്ദ്രങ്ങളില്‍ വാഹനങ്ങളുടെ പാര്‍ക്കിംഗ് നിയന്ത്രണം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ''റിയാദ് പാര്‍ക്കിംഗ്'' പദ്ധതി രണ്ട് പ്രദേശങ്ങളില്‍ കൂടി വ്യാപിപ്പിച്ചു. തഅാവുന്‍, അല്‍ ഇസ്ഹിദാര്‍ എന്നീ മേഖലകളില്‍ കൂടി നടപ്പിലാക്കുന്ന പദ്ധതി അടുത്ത ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.

വ്യാപാരശാലകള്‍ക്ക് സമീപമുള്ള റോഡുകളില്‍ നിന്ന്, വാഹനങ്ങള്‍ താമസമേഖലകളിലേക്ക് അനിയന്ത്രിതമായി പ്രവേശിക്കുന്നതു മൂലം പ്രദേശവാസികള്‍ക്ക് ഉണ്ടാകുന്ന തടസ്സങ്ങള്‍ കുറയ്ക്കുവാനും ഇത് വഴി താമസക്കാരുടെ പാര്‍ക്കിംഗ് സൗകര്യം സംരക്ഷിക്കുവാനും ലക്ഷ്യമിട്ട് കൊണ്ടാണ് റിയാദ് പാര്‍ക്കിംഗ്'' പദ്ധതി നടപ്പിലാക്കി വരുന്നത്. നേരത്തെ അല്‍ വർദ്, അല്‍ റഹ്‌മാനിയ, അല്‍ മുറൂജ്, അല്‍ ഉലയ്യ, അല്‍ സുലൈമാനിയ, അല്‍ മുഹമ്മദിയ, കിംഗ് അബ്ദുല്ല, കിംഗ് സല്‍മാന്‍, അല്‍ മുസൈഫ്, അല്‍ മുര്‍സലാത്ത്, അല്‍ ഖുദ്‌സ്, കിംഗ് ഫഹദ്, അല്‍ മഗ്‌റസാത്ത്, അല്‍ നുസ്ഹ തുടങ്ങിയ പ്രദേശങ്ങളില്‍ പദ്ധതി നടപ്പാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് രണ്ട് പ്രദേശങ്ങളില്‍ കൂടി പദ്ധതി വ്യാപിപ്പിക്കുന്നത്. ഇതോടെ നിയന്ത്രിത സൗജന്യ പാര്‍ക്കിംഗ് നിലവില്‍ വരുന്ന പ്രദേശങ്ങളുടെ എണ്ണം 17 ആയി ഉയര്‍ന്നു.

പദ്ധതി ആരംഭിച്ചത് മുതല്‍ അനിയന്ത്രിത പാര്‍ക്കിംഗ് ഗണ്യമായി കുറഞ്ഞതായും ഉള്‍വഴികളിലേക്കുള്ള വാഹനങ്ങളുടെ തിരക്ക് നിയന്ത്രിക്കാനായതായും റിയാദ് പാര്‍കിംഗ് അധികൃതര്‍ വ്യക്തമാക്കി. ഇതേതുടര്‍ന്ന് പ്രദേശവാസികള്‍ക്കും അവരുടെ സന്ദര്‍ശകര്‍ക്കും മുന്‍ഗണനാപൂര്‍വം പാര്‍ക്കിംഗ് സൗകര്യം ഉറപ്പാക്കുന്നതിന് പദ്ധതി ഏറെ സഹായകമായി. പാര്‍ക്കിംഗ് നിയന്ത്രണ സംവിധാനത്തിന് പൊതു ജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 90,000ത്തില്‍ പരം അനുമതി പത്രങ്ങളാണ് ഇതിനകം വിതരണം ചെയ്തത്. റിയാദ് പാര്‍ക്കിംഗ് ആപ്പ് സംവിധാനം വഴി പ്രദേശവാസികള്‍ക്ക് ഒരു വര്‍ഷത്തേക്ക് പൂര്‍ണ്ണമായും സൗജന്യമായി റെസിഡന്‍ഷ്യല്‍ പാര്‍ക്കിംഗ് പെര്‍മിറ്റുകള്‍ ലഭ്യമാകും. കുടുംബാംഗങ്ങള്‍ക്കും സന്ദര്‍ശകര്‍ക്കുമായി പ്രത്യേക അനുമതികള്‍ കൂടി ലഭ്യമാണെന്നും റിയാദ് പാര്‍കിംഗ് അധികൃതര്‍ അറിയിച്ചു.

Content Highlights: Riyadh authorities have intensified parking regulations in residential areas to address congestion and illegal parking issues. Strict monitoring and enforcement actions will be implemented to ensure smoother traffic movement and better organization within housing zones.

dot image
To advertise here,contact us
dot image