

‘ദസറ’യ്ക്കു ശേഷം തെലുങ്ക് സംവിധായകൻ ശ്രീകാന്ത് ഒഡേലയും നാനിയും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ദി പാരഡൈസ്. ഒരു റോ ആക്ഷൻ ചിത്രമാണ് ഇതെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. ചിത്രത്തിന്റെ ആദ്യ ഗ്ലിംപ്സ് നേരത്തെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. മികച്ച പ്രതികരണമാണ് ഗ്ലിംപ്സിന് ലഭിച്ചത്. സിനിമയുടെ നായികയുടെ പോസ്റ്റർ അവതരിപ്പിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.
കയാദു ലോഹർ ആണ് സിനിമയിൽ നായികയായി എത്തുന്നത്. സുബ്ബലക്ഷ്മി എന്നാണ് കഥാപാത്രത്തിന്റെ പേര്. കയാദുവിന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നുണ്ട്. ചിത്രം ആഗസ്റ്റ് 21 ന് തിയേറ്ററിൽ എത്തും. മലയാളം, തെലുങ്ക്, തമിഴ്, സ്പാനിഷ്, ഹിന്ദി ഭാഷകളിൽ സിനിമ പുറത്തിറങ്ങും. മലയാളത്തിൽ ദുൽഖർ ചിത്രം ഐ ആം ഗെയിം തമിഴ് രജനികാന്ത് ചിത്രം ജയിലർ 2 എന്നീ സിനിമകൾക്ക് ഒപ്പമാണ് ദി പാരഡൈസ് റിലീസിനെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. കേരളത്തിലും തമിഴ്നാട്ടിലും നാനി ചിത്രത്തിന് വലിയ ക്ലാഷ് തന്നെ നേരിടേണ്ടി വരുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. സിക്സ് പാക്ക് ഗെറ്റപ്പിൽ പുത്തൻ മേക്കോവറിലാണ് നാനി ചിത്രത്തിലെത്തുന്നത്.അനിരുദ്ധ് രവിചന്ദറാണ് സിനിമയുടെ സംഗീതം നിർവഹിക്കുന്നത്. ജെഴ്സി, ഗ്യാങ്‌ലീഡർ എന്നീ സിനിമകൾക്കു ശേഷം നാനിയും അനിരുദ്ധും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ശ്രീ ലക്ഷ്‍മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ നസുധാകർ ചെറുകുരിയാണ് നിർമാണം.
Finally, #KayaduLohar as Subbu in #TheParadise. pic.twitter.com/FdG1oMeT6u
— Aakashavaani (@TheAakashavaani) April 11, 2026
നാനിയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രങ്ങളിലൊന്നായാണ് 'ദി പാരഡൈസ്' ഒരുങ്ങുന്നത്. ജി.കെ. വിഷ്ണുവാണ് ഛായാഗ്രഹണം. എഡിറ്റിങ് നവീൻ നൂലി. ഹിറ്റ് 3 ആണ് അവസാനമായി തിയേറ്ററിലെത്തിയ നാനി സിനിമ. മെയ് ഒന്നിന് ആഗോള റിലീസായി എത്തിയ ചിത്രം പുറത്തിറങ്ങി നാല് ദിവസം കൊണ്ടാണ് ആഗോള ഗ്രോസ് കളക്ഷനിൽ 101 കോടി പിന്നിട്ടത്. ദസറ, സരിപോദാ ശനിവാരം എന്നീ സിനിമകൾക്ക് ശേഷം 100 കോടി ക്ലബിലെത്തുന്ന നാനി ചിത്രമാണ് ഹിറ്റ് 3. ശൈലേഷ് കോലാനു സംവിധാനം ചെയ്‌ത ഈ ചിത്രം നിർമ്മിച്ചത് വാൾ പോസ്റ്റർ സിനിമയുടെ ബാനറിൽ പ്രശാന്തി തിപിർനേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷൻസും ചേർന്നാണ്.
Content Highlights: Kayadu lohar poster from nani film The Paradise out now