

ആരാധകര്‍ കാത്തിരുന്ന അല്ലു അര്‍ജുന്‍-അറ്റ്‌ലി ചിത്രത്തിന്റെ ഒഫീഷ്യല്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. രാക്ക എന്നാണ് സിനിമയുടെ പേര്. മൊട്ടത്തലയും ദേഹമാസകലം രോമവും കൂര്‍ത്ത നഖങ്ങളും കത്തിമൂര്‍ച്ചയുള്ള നോട്ടവുമായുള്ള അല്ലുവിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. ഇപ്പോഴിതാ സിനിമയിലെ അല്ലുവിൻ്റെ പ്രതിഫലം ആണ് ചർച്ചയാകുന്നത്.
റിപ്പോർട്ടുകൾ പ്രകാരം 175 കോടി രൂപയാണ് അല്ലു അർജുൻ ഈ സിനിമയ്ക്കായി വാങ്ങുന്നത്. അല്ലുവിൻ്റെ കരിയറിലെ ഏറ്റവും മുതല്മുടക്കുള്ള സിനിമയും ഇതുതന്നെ. നായിക ദീപിക പദുകോണിന് ലഭിക്കുന്നതിനേക്കാൾ ഏഴിരട്ടിയിലധികം പ്രതിഫലമാണ് അല്ലു അർജുൻ ഈ ചിത്രത്തിനായി വാങ്ങുന്നത്. നായികയായ ദീപികയ്ക്ക് ലഭിക്കുന്നത് 25 കോടി ആണെന്നാണ് റിപ്പോർട്ട്. രശ്മിക മന്ദാനയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. രശ്മികയ്ക്ക് ഏകദേശം 5 മുതൽ 7 കോടി രൂപ വരെയാണ് പ്രതിഫലമായി ലഭിക്കുകയെന്നാണ് സൂചന. സണ്‍ പിക്ചേഴ്സ് വന്‍ ബജറ്റില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം, കഥ പറച്ചിലിലും സാങ്കേതിക വിദ്യയിലും പുതിയ വിപ്ലവം സൃഷ്ടിക്കാന്‍ ഒരുങ്ങുന്ന ഒരു ബ്രഹ്‌മാണ്ഡ വിസ്മയമായാണ് വിലയിരുത്തപ്പെടുന്നത്.
കൂടുതല്‍ വിശദീകരണങ്ങളില്ലാതെ പുറത്തുവിട്ട പോസ്റ്റര്‍ ഇതിനോടകം തന്നെ നിരവധി ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. പ്രേക്ഷകരുടെ ആകാംക്ഷയും ഭാവനയും ഉണര്‍ത്താനാണ് അണിയറപ്രവര്‍ത്തകര്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നത്. സണ്‍ പിക്ചേഴ്സ്, ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്‍ജുന്‍, ബ്ലോക്ക്ബസ്റ്റര്‍ സംവിധായകന്‍ അറ്റ്ലി എന്നിവര്‍ ഒന്നിക്കുന്ന ഈ ചിത്രം ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ സഹകരണങ്ങളിലൊന്നാണ്. ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന രീതിയിലാണ് ഈ പ്രോജക്റ്റ് വിഭാവനം ചെയ്തിരിക്കുന്നത്.

രാജാ റാണി, തെരി, മെര്‍സല്‍, ബിഗില്‍ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് തമിഴ് ചിത്രങ്ങള്‍ക്കും ജവാന്‍ എന്ന ബ്ലോക്ബസ്റ്റര്‍ ബോളിവുഡ് ചിത്രത്തിനും ശേഷം അറ്റ്‌ലി ഒരുക്കുന്നതാണ് ചിത്രം. ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള സംവിധായകനും നായകനും ഒന്നിക്കുന്ന ചിത്രം സയന്‍സ് ഫിക്ഷന്‍ ഗണത്തില്‍പെടുന്ന സിനിമയായാണ് ഒരുങ്ങുന്നത് എന്നാണ് വിവരം. അറ്റ്‌ലീ ഇതുവരെ ചെയ്തിട്ടുള്ള ജോണറുകളില്‍ വ്യത്യസ്തമായെത്തുന്ന ചിത്രത്തില്‍ സൂപ്പര്‍ഹീറോയായാണ് അല്ലു എത്തുന്നതെന്നുമുള്ള റിപ്പോര്‍ട്ടുകളുണ്ട്. അല്ലു അര്‍ജുന്റെ ഇരുപത്തിരണ്ടാമത്തെ ചിത്രവും അറ്റ്‌ലിയുടെ ആറാമത്തെ ചിത്രവുമാണ് ഈ പാന്‍-ഇന്ത്യന്‍ സയന്‍സ് ഫിക്ഷന്‍ ചിത്രം. പിആര്‍ഒ: ആതിര ദില്‍ജിത്ത്.
Content Highlights: Allu Arjun to get record salary for his role in Raaka