'ബിജെപിയുടെ ക്രൈസ്തവ സ്നേഹം കാപട്യം,മുഖംമൂടി അഴിഞ്ഞ് വീണു': കെ വി തോമസ്

പി സി ജോര്‍ജും ഷോണ്‍ ജോര്‍ജും നടത്തിയ പ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ് കെ വി തോമസിന്‍റെ പ്രതികരണം.

'ബിജെപിയുടെ ക്രൈസ്തവ സ്നേഹം കാപട്യം,മുഖംമൂടി അഴിഞ്ഞ് വീണു': കെ വി തോമസ്
dot image

തിരുവനന്തപുരം: കാഞ്ഞിരപള്ളി ബിഷപ്പിനും ക്രൈസ്തവ സഭയ്ക്കുമെതിരായ പിസി ജോർജിൻ്റെയും മകൻ ഷോൺ ജോർജിൻ്റെയും അധിക്ഷേപ പരാമർശത്തിൽ പ്രതികരിച്ച് മുന്‍ കോണ്‍ഗ്രസ് നേതാവും കേരള സര്‍ക്കാരിന്‍റെ ഡൽഹി പ്രത്യേക പ്രതിനിധിയുമായ പ്രൊഫ. കെവി തോമസ്. ബിജെപിയുടെ മുഖംമൂടി അഴിഞ്ഞു വീണെന്നും ബിജെപിയുടെ ക്രൈസ്തവ സ്നേഹം കാപട്യം ആണെന്ന് ഇപ്പോൾ തെളിഞ്ഞെന്നും കെ വി തോമസ് റിപ്പോർട്ടറിനോട് പറഞ്ഞു.

ഷോണിന്റെ പ്രസ്താവന സഭകൾക്ക് നേരെയുള്ള ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയെ സഹായിച്ചാലേ ഗുണമുണ്ടാകൂ എന്ന പ്രസ്താവന വെല്ലുവിളി ഉയർത്തുന്നുണ്ടെന്നും ആർഎസ്എസിനെ ഒരു കാലത്തും സഭകൾ വിശ്വസിക്കില്ലെന്നും കെ വി തോമസ് പറഞ്ഞു. മുഖംമൂടി ധരിച്ച ചെന്നായാണ് ബിജെപിയെന്നും കെവി തോമസ് ആരോപിച്ചു.

കാഞ്ഞിരപ്പള്ളി ബിഷപ്പിനെതിരെയും ദീപിക പത്രത്തിനെതിരെയും പി സി ജോർജും മകൻ ഷോൺ ജോർജും കഴിഞ്ഞ ദിവസം അധിക്ഷേപ പരാമർശം നടത്തിയിരുന്നു. കാഞ്ഞിരപ്പള്ളി ബിഷപ്പ് മഠങ്ങളിലെല്ലാം വിളിച്ച് യുഡിഎഫിന് വോട്ട് ചെയ്യാന്‍ പറഞ്ഞുവെന്നാണ് പി സി ജോർജ് പറഞ്ഞത്. അദ്ദേഹം കാണിച്ചത് മര്യാദ കേടാണെന്നും സഭയ്ക്ക് ഗുണം ലഭിച്ചത് തന്നെ കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ദീപികയിലെ ചില വ്യക്തികള്‍ രാഷ്ട്രീയം കളിക്കുകയാണ് എന്നും നിക്ഷേപകര്‍ക്ക് വേണ്ടി വാര്‍ത്തകള്‍ വളച്ചൊടിക്കുകയാണെന്നുമാണ് ഷോണ്‍ ജോര്‍ജ് പറഞ്ഞത്. ദീപികയില്‍ വരുന്നത് കോണ്‍ഗ്രസ് പരസ്യങ്ങളാണെന്നും പിതാക്കന്മാരുടെ ലേബലില്‍ യുഡിഎഫിന് വേണ്ടി ചിലര്‍ വിടുപണി ചെയ്യുകയാണെന്നും ദീപിക ഇത് നിര്‍ത്തണമെന്നും ഷോണ്‍ ജോര്‍ജ് ആവശ്യപ്പെട്ടിരുന്നു.

Content Highlights: KV Thomas responds to abusive remarks by PC George and his son Shawn George

dot image
To advertise here,contact us
dot image