ഗെയിം ഓഫ് ത്രോണ്‍സ് താരം മൈക്കല്‍ പാട്രിക്ക് അന്തരിച്ചു

ഭാര്യ നവോമി ഷീഹനാണ് മരണ വിവരം പുറത്തറിയിച്ചത്

ഗെയിം ഓഫ് ത്രോണ്‍സ് താരം മൈക്കല്‍ പാട്രിക്ക് അന്തരിച്ചു
dot image

ഗെയിം ഓഫ് ത്രോണ്‍സ് താരവും എഴുത്തുകാരനുമായ മൈക്കല്‍ പാട്രിക് (35) അന്തരിച്ചു. മൈക്കല്‍ പാട്രിക്കിന്റെ ഭാര്യ നവോമി ഷീഹനാണ് മരണ വിവരം സമൂഹമാധ്യമങ്ങളിലൂടെ പുറംലോകത്തെ അറിയിച്ചത്. മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് (എംഎന്‍ഡി) ബാധിതനായി ചികിത്സയിലായിരുന്നു പാട്രിക്ക്. പേശികളെ നിയന്ത്രിക്കുന്ന നാഡീകോശങ്ങള്‍ ക്രമേണ ദുര്‍ബലമാകുകയും ചലനശേഷിയെ ഗുരുതരമായി ബാധിക്കുന്ന രോഗമാണ് എംഎന്‍ഡി.

ഹോസ്പീസില്‍ വച്ചായിരുന്നു അന്ത്യം. പത്ത് ദിവസം മുന്‍പാണ് മൈക്കിനെ ഹോസ്പീസില്‍ പ്രവേശിപ്പിച്ചത്. ഗുരുതര രോഗങ്ങള്‍ ബാധിച്ച് ജീവിതത്തിന്റെ അവസാന ഘട്ടത്തിലുള്ളവര്‍ക്ക് പ്രത്യേക പരിചരണം നല്‍കാനുള്ള കേന്ദ്രമാണ് ഹോസ്പീസ്. 2023 ഫെബ്രുവരി ഒന്നിനാണ് അദ്ദേഹത്തിന് മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് സ്ഥിരീകരിച്ചത്. 'ഞങ്ങളുടെ ഹൃദയം എത്രത്തോളം തകര്‍ന്നിരിക്കുകയാണെന്ന് പറയാന്‍ വാക്കുകളില്ല. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഞങ്ങളെ പിന്തുണച്ച ഓരോ വ്യക്തികളോടും ഞങ്ങള്‍ നന്ദി പറയുന്നു'-നവോമി കുറിച്ചു.

വൈല്‍ഡിങ് റൈട്ടര്‍ എന്ന കഥാപാത്രമായാണ് മൈക്കല്‍ പാട്രിക് ഗെയിം ഓഫ് ത്രോണ്‍സില്‍ എത്തിയത്. 'ദി ബ്രോക്കണ്‍ മാന്‍' എന്ന ഏഴാം എപ്പിസോഡിലാണ് അദ്ദേഹം വരുന്നത്. 2020-ല്‍ ബിബിസി സംപ്രേക്ഷണം ചെയ്ത മൈ ലെഫ്റ്റ് നട്ട് എന്ന സീരിസ് രചിച്ചതും മൈക്കല്‍ പാട്രിക്കാണ്.

Content Highlights: Game of Thrones star Michael Patrick dies

dot image
To advertise here,contact us
dot image