

മലയാളത്തില്‍ ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ച ബാനറായ ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്സ് ജയസൂര്യയെ നായകനാക്കി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ 'ഓപ്പറേഷൻ ത്രാൾ' ഒഫീഷ്യൽ ടൈറ്റിൽ പുറത്ത്. മലയാളത്തിന്‍റെ പ്രിയ താരം മോഹൻലാലിന്‍റെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ടൈറ്റിൽ പുറത്തിറക്കിയിരിക്കുന്നത്. സംഗീത സംവിധായകൻ രതീഷ് വേഗ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം ഗുഡ്‌വിൽ എൻ്റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ജോബി ജോർജ് തടത്തിൽ നിർമ്മിക്കുന്നു. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രം ജമ്മു കശ്മീരിലെ ത്രാളില്‍ ഇന്ത്യൻ സൈന്യവും തീവ്രവാദികളുമായി നടന്ന ശ്രദ്ധേയമായ ഏറ്റുമുട്ടൽ പ്രമേയമായാണ് എത്തുന്നതെന്നാണ് സൂചന. പാൻ ഇന്ത്യൻ സിനിമയായി ഒരുങ്ങുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ 5 ഭാഷകളിലാണ് വേൾഡ് വൈഡ് റിലീസിനായി ഒരുങ്ങുന്നത്. ഈ വർഷം ക്രിസ്മസ് റിലീസായാണ് ചിത്രമെത്തുന്നത്.
അതിർത്തിയിൽ ഒരു ബസ്, ചില തീവ്രവാദ ശക്തികളാൽ ആക്രമിക്കപ്പെടുന്നതും സഹായത്തിനായി മിലിറ്ററി ക്യാംപിൽ നിന്ന് ബാക്ക് അപ്പ് ടീമിനോട് എത്താൻ ആവശ്യപ്പെടുന്നതുമായ വയർലെസ് സന്ദേശവുമായി എത്തിയിരിക്കുന്ന ഉദ്വേഗഭരിതമായ ഒഫീഷ്യൽ ടൈറ്റിൽ ടീസർ അത്യന്തം ആകാംക്ഷ ജനിപ്പിക്കുന്നതാണ്. രാജ്യത്തെ സുരക്ഷാ ഏജൻസികളുടെ അതീവ രഹസ്യസ്വഭാവമുള്ള പ്രവർത്തനങ്ങളും അവരുടെ പ്രധാന വെല്ലുവിളികളുമൊക്കെ ചർച്ചയാകുന്ന ഒരു ഹൈ-ഒക്ടേൻ ആക്ഷൻ ത്രില്ലറായെത്തുന്ന ചിത്രം ജയസൂര്യയുടെ കരിയറിലെ തന്നെ ഏറെ കരുത്തുറ്റ വേഷമാകും എന്നാണ് ലഭിക്കുന്ന സൂചനകള്‍.
സംഗീത സംവിധായകൻ രതീഷ് വേഗ ആദ്യമായി സംവിധായകനാകുന്ന സിനിമയാണ് 'ഓപ്പറേഷൻ ത്രാൾ'. മലയാളത്തിലെ ശ്രദ്ധേയരായ ടെക്നീഷ്യന്മാർ ഒന്നിക്കുന്ന ചിത്രത്തിൽ വലിയൊരു താരനിര തന്നെയാണ് ഒരുമിക്കുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങളുടെ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും. ജമ്മു, പുൽവാമ, ലഡാക്ക്, ഉത്തരാഖണ്ഡ്, നൈനിറ്റാൾ, ഡെറാഡൂൺ, കശ്മീർ, ഡൽഹി, കോയമ്പത്തൂർ, കൊച്ചി, മലപ്പുറം, പൊന്നാനി, പാലക്കാട് ഭാഗങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം.
ഛായാഗ്രഹണം: നജോസ്, എഡിറ്റർ: ഷഫീഖ് വി.ബി, സംഗീതം, പശ്ചാത്തലസംഗീതം: രതീഷ് വേഗ, പ്രോജക്ട് ഡിസൈനർ: നോബിൾ ജേക്കബ്, ആർട്ട് ഡയറക്ടർ: സജീഷ് താമരശ്ശേരി, കോസ്റ്റ്യൂം: സമീറ സനീഷ്, സരിത ജയസൂര്യ, മേക്കപ്പ്: റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഉല്ലാസ് കൃഷ്ണ, സൗണ്ട് മിക്സിംഗ്: എം.ആർ. രാജകൃഷ്ണൻ, സൗണ്ട് ഡിസൈൻ: വിക്കി (റെസൊണൻസ് ഓഡിയോസ്), പബ്ലിസിറ്റി ഡിസൈൻസ്: ടെൻപോയിൻ്റ് മീഡിയ, മാർക്കറ്റിംഗ്: സ്നേക്ക്പ്ലാൻ്റ് എൽ.എൽ.പി, പി.ആർ.ഒ: ആതിര ദിൽജിത്ത്.
Content Highlights: jayasurya starring operation tral announcement video out now