

സംവിധായകൻ ലാൽജോസിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് സിനിമകളിൽ ഒന്നാണ് ക്ലാസ്സ്‌മേറ്റ്സ്. മികച്ച പ്രതികരണം നേടിയ സിനിമ മലയാളത്തിലെ ഏറ്റവും മികച്ച ക്യാമ്പസ് സിനിമകളിൽ ഒന്നായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഇപ്പോഴിതാ സിനിമ ഉണ്ടായതിനെക്കുറിച്ചുള്ള കഥ പറയുകയാണ് ലാൽ ജോസ്. വനിതയോട് മനസുതുറക്കുകയായിരുന്നു ലാൽ ജോസ്.
രസികൻ എന്ന സിനിമയുടെ പരാജയത്തിൽ നിരാശനായി കൊച്ചിയിലെ കസിന്റെ ഫ്ലാറ്റിൽ ഒളിവിൽ താമസിക്കുന്ന കാലം. ജെയിംസ് ആൽബർട്ടിന് ഒരു കഥ പറയാൻ താൽപര്യമുണ്ടെന്നറിയിച്ചതു നടൻ സാദിഖാണ്. സത്യത്തിൽ കഥ കേൾക്കാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല. എങ്കിലും ജെയിംസ് വന്നു. രണ്ടേമുക്കാൽ മണിക്കൂർ എടുത്ത് ആ സിനിമയുടെ കഥ പറഞ്ഞു. അത് ഇന്നത്തെ ക്ലാസ്മേറ്റ്സ് ആയിരുന്നില്ല. ബെംഗളൂരുവിൽ നടക്കുന്ന ക്യാംപസ് സ്റ്റോറിയായിരുന്നു. അതിലും റസിയയും മുരളിയും ഉണ്ടായിരുന്നു. ആ കഥ സിനിമയാക്കാൻ തീരുമാനിച്ചു. മുരളിയായി കുഞ്ചാക്കോ ബോബനെ തീരുമാനിച്ചു. താരങ്ങളുടെ ഡേറ്റുകൾ ബുക്ക് ചെയ്തു. ഷൂട്ട് തുടങ്ങാൻ തയാറായി നിൽക്കുമ്പോഴാണ് ഡിസ്ട്രിബ്യൂഷന് വേണ്ടി ലാൽ ക്രിയേഷൻസിനെ സമീപിച്ചത്.
കഥ കേട്ടു കഴിഞ്ഞ് ലാലേട്ടൻ(സംവിധായകന്‍ ലാൽ) പറഞ്ഞു, 'സിനിമ ഒക്കെ ആണ്. പക്ഷേ, ലാലു ചെയ്യുമ്പോൾ കുറച്ചു കൂടി റിയലിസ്റ്റിക് പരിപാടിയല്ലേ ആളുകൾ പ്രതീക്ഷിക്കുക'. ആ രാത്രി കൊതുകുകടിയും കൊണ്ടു ഞാനും ജെയിംസും ഉറങ്ങാതെ കിടക്കുകയാണ്. സിനിമ വിജയിക്കില്ലെന്ന തോന്നൽ മനസ്സിൽ നിറഞ്ഞു. ഒടുവിൽ ആ തീരുമാനമെടുത്തു- ഈ സിനിമ ഉപേക്ഷിക്കുന്നു. അതു കേൾക്കാൻ കാത്തു നിന്നെന്ന പോലെ ജെയിംസ് പറഞ്ഞു, ‘ഞാനും അത് പറയാൻ നിൽക്കുകയാണ്'. പിന്നെയും ആശങ്കയായി. താരങ്ങളുടെ ഡേറ്റ് വാങ്ങിയതാണ്. സിനിമ മാറ്റിവയ്ക്കാൻ പറ്റുമോ? സംസാരം ഞങ്ങളുടെ ക്യാംപസ് കാലത്തെക്കുറിച്ചായി. ജെയിംസ് കൊല്ലം ഫാത്തിമ മാതാ കോളജിനെക്കുറിച്ചും ഞാൻ ഒറ്റപ്പാലം എൻഎസ്എസ് കാലത്തെക്കുറിച്ചും പറഞ്ഞു തുടങ്ങി. അപ്പോഴാണു മനസ്സിലായത്, യഥാർഥ പ്രശ്നം ഞങ്ങൾക്ക് പരിചയമില്ലാത്ത ബെംഗളൂരുവിലെ ക്യാംപസാണ്. നാട്ടിലേക്കു കഥയെ പറിച്ചു നട്ടു. സീനുകൾ അടിമുടി മാറ്റി. ഷൂട്ട് മാറിയപ്പോൾ ചാക്കോച്ചന്റെ ഡേറ്റിന് പ്രശ്നമായി. അങ്ങനെ ‘മുരളി’ നരേനിലേക്ക് എത്തി.

എല്ലാ കഥാപാത്രങ്ങളും മലയാളിക്ക് അത്ര പരിചിതമായിരുന്നു. അതൊടെ സിനിമ വലിയ ഹിറ്റായി. എന്റെ കരിയറിൽ എല്ലാ കളക്ഷൻ റെക്കോർഡുകളും തകർത്ത രണ്ട് സിനിമയാണുള്ളത്- മീശമാധവനും ക്ലാസ്മേറ്റ്സും. അതിനേക്കാൾ മികച്ച ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ട് എങ്കിലും ഈ സിനിമകളുടെ പേരിലാണ് ഞാനറിയപ്പെടുന്നത്. ചിത്രത്തിൽ മുരളിയും റസിയയും വിവാഹിതരായെങ്കിൽ എന്നൊരിക്കലും ഞാൻ ആലോചിക്കില്ല. കാരണം, മുരളി മരിച്ചേ പറ്റൂ, എങ്കിലേ ക്ലാസ്മേറ്റ്സ് ഉണ്ടാവുകയുള്ളൂ. ആ പ്രണയം എന്നും നിലനിൽക്കുകയുള്ളൂ', ലാൽജോസിന്റെ വാക്കുകൾ.
Content Highlights: Lal jose talks about Classmates movie and its characters