വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് ഞാൻ ഒന്നും പറഞ്ഞിട്ടില്ല, എന്റെ വാക്കുകൾ വളച്ചൊടിച്ചു: ലക്ഷ്മി

'ഞാൻ വിജയ്‌യുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഒരു പരാമർശവും നടത്തിയിട്ടില്ല'

വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് ഞാൻ ഒന്നും പറഞ്ഞിട്ടില്ല, എന്റെ വാക്കുകൾ വളച്ചൊടിച്ചു: ലക്ഷ്മി
dot image

വിജയ്‌യുടെ വ്യക്തിജീവിതത്തെ കുറിച്ച് താൻ ഒരു പരാമർശവും നടത്തിയിട്ടില്ലെന്ന് നടിയും അവതാരകയുമായ ലക്ഷ്മി രാമകൃഷ്ണൻ. തന്റെ പ്രസ്താവനകൾ സന്ദർഭത്തിൽ നിന്ന്‌ വളച്ചൊടിച്ചതാണെന്നും അത് വ്യക്തികളെ ലക്ഷ്യമിട്ടുള്ളതായിരുന്നില്ലെന്നും ലക്ഷ്മി എക്‌സിൽ കുറിച്ചു.

'ഞാൻ വിജയ്‌യുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഒരു പരാമർശവും നടത്തിയിട്ടില്ല. അതുപോലെ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചും ഞാൻ ഒന്നും പറഞ്ഞിട്ടില്ല. ബഹുമാനം അർഹിക്കുന്ന ഒരു സഹകലാകാരനായിട്ട് മാത്രമേ അദ്ദേഹത്തെ കണ്ടിട്ടുള്ളു. അദ്ദേഹത്തിന്റെ അമ്മയോട് എനിക്ക് എപ്പോഴും ആഴത്തിലുള്ള ബഹുമാനമുണ്ട്. അടുത്തിടെ ഞാൻ ഒരു വേദിയിൽ പറഞ്ഞ കാര്യങ്ങൾ തെറ്റിദ്ധരിക്കപ്പെടുകയും അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനവുമായും ഇപ്പോൾ അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യങ്ങളുമായും തെറ്റായി കൂട്ടിവായിക്കുകയുമായിരുന്നു', ലക്ഷ്മി രാമകൃഷ്ണൻ പറഞ്ഞു.

ഒരു രാഷ്ട്രീയ നേതാവ് എങ്ങനെയായിരിക്കണം എന്നതിനെ കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാടാണ് ലക്ഷ്മി അടുത്തിടെ സംസാരിച്ചത്. വ്യക്തിപരമായ ആഗ്രഹത്താൽ മാത്രം രാഷ്ട്രീയം പാടില്ലെന്നും ജനങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് പൂർണ്ണ അറിവോടെയായിരിക്കണം രാഷ്ട്രീയത്തിൽ ഇറങ്ങേണ്ടതെന്നും ലക്ഷ്മി പറഞ്ഞിരുന്നു. ഒരു പ്രതിസന്ധി ഘട്ടത്തിൽ ജനങ്ങളെ സഹായിക്കാൻ നമുക്ക് ഒരു നേതാവ് ആവശ്യമുണ്ടെങ്കിൽ അയാൾ അതിനായി പരിശീലനം നേടിയ ഒരാളായിരിക്കണമെന്നും ലക്ഷ്മി വ്യക്തമാക്കിയിരുന്നു. ഇതാണ് വിവാദങ്ങൾക്ക് കാരണമായത്. വിജയ്‌യും ഭാര്യ സംഗീതയും തമ്മിലുള്ള വിവാഹമോചന വാർത്ത പുറത്തുവന്നതിന് പിന്നാലെയായിരുന്നു ഈ പരാമർശം എന്നതും ചർച്ചകൾക്ക് കാരണമായി.

അതേസമയം, ജനനായകൻ ആണ് ഇനി പുറത്തിറങ്ങാനുള്ള വിജയ് ചിത്രം. വിജയ്‌യുടെ വെറും ഒരു ചിത്രം മാത്രമല്ല ജനനായകൻ, രാഷ്ട്രീയ പ്രവേശത്തിലേക്ക് കടക്കുന്ന നടന്റെ അവസാന ചിത്രമാണ്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ജനനായകൻ ആദ്യ ദിനം വലിയ കളക്ഷൻ നേടുമെന്നാണ് കണക്കുകൂട്ടൽ. തെലുങ്കിൽ ബാലയ്യ നായകനായ ഭഗവന്ത് കേസരി എന്ന ചിത്രത്തിന്റെ റീമേക്കാണ് ജനനനായകൻ എന്നാണ് ഇതുവരെയുള്ള വിവരം.

Also Read:

ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ജനനായകനിൽ അണിനിരക്കുന്നത്. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് നാരായണ നിർമിക്കുന്ന ചിത്രത്തിന് ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം. സിനിമ ജനുവരി 9ന് പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്തുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ ബോർഡ് വിസമ്മതിക്കുകയും തുടർന്ന് സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലാവുകയും ചെയ്തു. സിനിമയ്ക്ക് 'യു/എ' സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു.

Content Highlights: Lakshmi Ramakrishnan explains about her comments of actor Vijay and his political entry

dot image
To advertise here,contact us
dot image