

ടി ദാമോദരന്റെ തിരക്കഥയിൽ ഐ വി ശശി ഒരുക്കിയ ആക്ഷൻ ചിത്രമാണ് വാർത്ത. മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ചെത്തിയ സിനിമ ബോക്സ് ഓഫീസിലും വലിയ വിജയമായിരുന്നു. സിനിമയുടെ ക്ലൈമാക്സ് സീനിനെക്കുറിച്ച് മനസുതുറക്കുകയാണ് സംവിധായകൻ ബിജോയ് നമ്പ്യാർ. ആയിരം തവണയിൽ കൂടുതൽ താൻ ആ ക്ലൈമാക്സ് കണ്ടിട്ടുണ്ടെന്നും ഗംഭീരമായി സ്റ്റേജ് ചെയ്ത ആക്ഷൻ സീനാണ് അതെന്നും ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ ബിജോയ് നമ്പ്യാർ പറഞ്ഞു.
'വാർത്തയുടെ ക്ലൈമാക്സ് ഏതാണ്ട് ആയിരം തവണയിൽ കൂടുതൽ ഞാൻ കണ്ടിട്ടുണ്ട്. അതിഗംഭീരമായി സെറ്റ് ചെയ്തുവെച്ച ഒരു സീൻ ആണത്. മമ്മൂക്കയുടെ കഥാപാത്രം പെട്ടിയുമായി പോകുമ്പോൾ സീമ തടയുകയാണ്. സീമയെ തള്ളിയിട്ട ശേഷം മമ്മൂക്കയുടെ ഒരു ലെങ്ങ്തി ഡയലോഗ് ഉണ്ട്. അതിഗംഭീര മോണോലോഗ് ആണ് അത്. ഇംഗ്ലീഷും മലയാളവും മിക്സ് ചെയ്തുകൊണ്ടുള്ള ആ ഡയലോഗ് സിനിമയെ കൂടുതൽ സ്ട്രോങ്ങ് ആക്കി. പിന്നീട് മമ്മൂക്ക ആ പെട്ടിയുമായി സ്ഥലം വിടുമ്പോൾ അദ്ദേഹത്തിന് പിന്നിൽ നിന്ന് വെടിയേൽക്കുകയാണ്. പിന്നീട് ആ വണ്ടിയും പൊട്ടിത്തെറിക്കും. തീപിടിച്ച വണ്ടിയിൽ നിന്ന് റഹ്മാൻ പെട്ടിയെടുക്കുന്ന സീൻ ഗംഭീരമാണ്. അതിഗംഭീരമായി സ്റ്റേജ് ചെയ്ത ആക്ഷൻ സീൻ ആണത്', ബിജോയ് നമ്പ്യാരുടെ വാക്കുകൾ.

ദുൽഖറിനെ നായകനാക്കി ഒരുക്കിയ സോളോയുടെ പരാജയത്തെക്കുറിച്ചും അദ്ദേഹം മനസുതുറന്നു. ഇന്നത്തേത് പോലെ സജീവമല്ല അന്ന് സോഷ്യല്‍ മീഡിയ. അതിനാല്‍ സിനിമയിറങ്ങും മുമ്പ് പ്രേക്ഷകരുമായി ഇത് നാല് കഥയാണ്, ദുല്‍ഖര്‍ നാല് വേറെ വേറെ കഥാപാത്രങ്ങളായാണ് വരുന്നത് എന്നൊന്നും കമ്യൂണിക്കേറ്റ് ചെയ്യാനായില്ല. എന്താണ് വരുന്നതെന്ന് അവര്‍ക്ക് മനസിലായിരുന്നില്ല. ഞങ്ങള്‍ക്കത് കമ്യൂണിക്കേറ്റ് ചെയ്യാനായില്ല. അവര്‍ കരുതിയത് ദുല്‍ഖറിന്റെ മാസ് സിനിമയാകുമെന്നാണ്.
മ്യൂസിക് നല്ല ശ്രദ്ധ നേടി. ഞങ്ങള്‍ക്ക് നല്ല പ്രതീക്ഷയായിരുന്നു. എന്നാൽ അത് ബോക്‌സ് ഓഫീസ് വിജയമായി മാറിയില്ല. അത് ഞങ്ങളെ നിരാശപ്പെടുത്തി. ഇന്ന് ഒരുപാട് സ്‌നേഹത്തോടെയാണ് ആളുകള്‍ ആ സിനിമയെക്കുറിച്ച് സംസാരിക്കുന്നത്. എന്നാല്‍ അന്ന് അത് ഹൃദയഭേദകമായിരുന്നു. ഞങ്ങള്‍ പുതിയൊരു കാര്യത്തിനായി ശ്രമിക്കുകയായിരുന്നു. ദുല്‍ഖറിനെപ്പോലൊരു വലിയ താരം അതിന് തയ്യാറായെന്നതില്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നു. ഞാന്‍ വീണ്ടുമൊരു മലയാളം സിനിമ ചെയ്യാതിരിക്കുന്നതിന് കാരണം സോളോയില്‍ നിന്നുണ്ടായ ഹൃദയവേദനയാണ്. എന്റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന സിനിമയായിരുന്നു സോളോ'.
ധൻസിക, നേഹ ശർമ്മ, നാസർ, സുഹാസിനി, മനോജ് കെ ജയൻ, സൗബിൻ തുടങ്ങി നിരവധി താരങ്ങൾ സിനിമയിൽ അണിനിരന്നു. ഗിരീഷ് ഗംഗാധരൻ, മധു നീലകണ്ഠൻ, സേജൽ ഷാ എന്നിവരായിരുന്നു സിനിമയ്ക്കായി കാമറ ചലിപ്പിച്ചത്. തമിഴിലും മലയാളത്തിലും പുറത്തിറങ്ങിയ സിനിമ നിർമിച്ചത് എബ്രഹാം മാത്യു, ഷെരീഷ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, ബിജോയ് നമ്പ്യാർ ചേർന്നാണ്.
Content Highlights: Bejoy nambiar says he has watched mammootty-mohanlal film vartha climax more than 1000 times