

കെ ജി എഫ് ചാപ്റ്റർ 1 എന്ന സിനിമയ്ക്കൊപ്പം തന്നെ ഹിറ്റായിരുന്നു ചിത്രത്തിലെ പാട്ടുകളും. സിനിമയുടെ പശ്ചാത്തല സംഗീതവും . സലാം റോക്കി ഭായ് എന്ന ട്രാക്ക് ആരും മറന്നുകാണില്ല. ഇതിന് പിന്നിൽ സംഗീത സംവിധായകൻ രവി ബസ്രൂർ ആയിരുന്നു. ഇന്ന് കയ്യി നിറയെ സിനിമകളാണ് അദ്ദേഹത്തിനുള്ളത്. എന്നാൽ 18-ാം വയസിൽ രണ്ട് തവണ താൻ ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായി പറയുകയാണ് രവി ബസ്രൂർ.
കഴിഞ്ഞ ദിവസം തെലുങ്ക് ചിത്രമായ 'കൾട്ടി'ന്റെ ടീസർ ലോഞ്ച് വേദിയിലാണ് രവി ഇക്കാര്യം തുറന്ന് പറഞ്ഞത്. മാധ്യമങ്ങൾക്ക് മുന്നിൽവെച്ച് സംവിധായകൻ വിശ്വക് സെൻ, രവിക്ക് ഒരു റോളക്‌സ് വാച്ച് സമ്മാനിച്ചു. ഇത് രവിയെ വല്ലാതെ വികാരാധീനനാക്കി. അതിനു പിന്നാലെയാണ് തന്റെ പോയകാലത്തെ കുറിച്ച് അദ്ദേഹം ഓർത്തത്.
'എനിക്ക് 25 വർഷക്കാലത്തെ അനുഭവപരിചയമുണ്ട്. നല്ലയാളുകളിലേക്ക് നല്ല സംഗീതം എത്തിക്കാനാണ് ഞാൻ എല്ലായ്പ്പോഴും ശ്രമിച്ചത്. ഇന്ന് ഈ ബഹുമതിയിലൂടെ അദ്ദേഹം എന്റെ ആത്മാവിനെയാണ് അംഗീകരിച്ചിരിക്കുന്നത്. സംഗീതത്തോടുള്ള എന്റെ സമർപ്പണത്തെ അദ്ദേഹം അഭിനന്ദിച്ചു. ഇതൊരു വാച്ച് മാത്രമല്ല, സംഗീതജ്ഞർക്കുള്ള അംഗീകാരം കൂടിയാണ്.
18-ാം വയസിൽ രണ്ട് തവണ ഞാൻ ആത്മഹത്യക്ക് ശ്രമിച്ചു. ഞാൻ ഈ ജീവിതം ആഗ്രഹിച്ചിരുന്നില്ല. എന്നാൽ രണ്ട് തവണയും ഞാൻ രക്ഷപ്പെട്ടു. രണ്ടാമത്തെ തവണ എന്നെ രക്ഷിച്ചയാൾ എന്‍റെ സംഗീതം കേട്ടു, എനിക്ക് ഒരു കീബോർഡ് വാങ്ങിത്തന്നു, എനിക്ക് 35000 രൂപ തന്നു. അന്ന് ഞാൻ എന്റെ പേര് രവി എന്നാക്കി മാറ്റി. എന്‍റെ ജീവിതം രക്ഷിച്ചയാളുടെ പേര്,' രവി പറഞ്ഞു.
അതേസമയം, ചെറുപ്പത്തിൽ തന്നെ സിനിമയോടുള്ള അടങ്ങാത്ത ആഗ്രഹം കാരണം വീടുവിട്ടയാളാണ് രവി. ഇതിനെക്കുറിച്ച് അദ്ദേഹം പലപ്പോഴും തുറന്നു പറഞ്ഞിട്ടുമുണ്ട്. അദ്ദേഹത്തിന്റെ കൈയിൽ പണമില്ലായിരുന്നു. മൂന്നുദിവസം വെള്ളം മാത്രം കുടിച്ചു. ചില ദിവസങ്ങളിൽ ക്ഷേത്രങ്ങളിലെ പ്രസാദം കഴിച്ചാണ് ജീവിച്ചത്. അതിനിടയിലാണ് ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുന്നത്. രക്ഷിച്ചയാളോട് കീബോർഡ് വാങ്ങാനുള്ള പണം ചോദിച്ചു. അദ്ദേഹം കീബോർഡും പണവും കൊടുത്തു. അതിനുശേഷമാണ് കിരൺ എന്ന പേരുമാറ്റി രവി എന്ന് പേരിടുന്നത്.
Content Highlights: Ravi Basrur revealed that he attempted suicide twice at the age of 18 during a difficult phase in his life. He described feeling directionless and overwhelmed before finding purpose in music. Basrur emotionally acknowledged the person who intervened and saved him, saying he still remembers that name with gratitude.