എനിക്ക് നീ 'ദൈവത്തിരുമകൾ', കേരളത്തിന് അവയവദാനമെന്നാൽ ഇനിയെന്നും ഈ കുഞ്ഞു മുഖമായിരിക്കും: മീനാക്ഷി

'ഈ കരൾ പിളരും നേരത്ത് കുഞ്ഞുമോളെ നിൻ്റെ അച്ഛനേയും അമ്മയേയും ഞാൻ അത്ഭുതത്തോടെ അതിശയത്തോടെ സർവ്വാദരവോടും കൂടി ഈ സമൂഹത്തിന് വേണ്ടി ഹൃദയം തൊട്ട് നന്ദി പറയുന്നു'

എനിക്ക് നീ 'ദൈവത്തിരുമകൾ', കേരളത്തിന് അവയവദാനമെന്നാൽ ഇനിയെന്നും ഈ കുഞ്ഞു മുഖമായിരിക്കും: മീനാക്ഷി
dot image

മസ്തിഷ്‌ക മരണം സംഭവിച്ചതോടെ അഞ്ച് പേർക്ക് അവയവങ്ങൾ ദാനം ചെയ്ത പത്തുമാസം പ്രായമായ ആലിൻ ഷെറിൻ എബ്രഹാമിനെക്കുറിച്ച് നടി മീനാക്ഷി പങ്കുവെച്ച പോസ്റ്റ് ചർച്ചയാകുന്നു. എനിക്ക് എന്നും നീ ദൈവത്തിരുമകൾ ആയിരിക്കുമെന്നും കേരളത്തിന് അവയവദാനമെന്നാൽ ഇനിയെന്നും ഈ കുഞ്ഞു മുഖമായിരിക്കും എന്നും മീനാക്ഷി കുറിച്ചു.

മീനാക്ഷിയുടെ പോസ്റ്റിന്റെ പൂർണരൂപം:

'ആലിൻ'… നീ എനിക്കൊരു കുഞ്ഞു മാലാഖയാണ് .. എന്തോ നീ എപ്പോഴും എൻ്റെ മനസ്സിലങ്ങനെ വന്നു നില്ക്കുകയാണ് … നീ ഈ ഭൂമിയിൽ ഇപ്പോഴില്ല എന്ന യഥാർത്ഥ്യം.. എന്നെ ഇനി എപ്പോഴും വിഷമിപ്പിക്കും എന്നതും യാഥാർത്ഥ്യം തന്നെയെന്നും ഞാനറിയുന്നു… എനിക്കറിയാത്ത ഏതോ ഒരു സ്ഥലത്ത് ജനിച്ച കുഞ്ഞി മാലാഖേ നീയെനിക്ക് ഏറെ പ്രിയപ്പെട്ടവളാകുന്നു… കുഞ്ഞിമോളെ നീ എത്ര പേരെയാണ് ജീവിപ്പിച്ചത് … എനിക്ക് നീ 'ദൈവത്തിരുമകൾ'… ഈ കരൾ പിളരും നേരത്ത് കുഞ്ഞുമോളെ നിൻ്റെ അച്ഛനേയും അമ്മയേയും ഞാൻ അത്ഭുതത്തോടെ… അതിശയത്തോടെ … സർവ്വാദരവോടും .. കൂടി … ഈ സമൂഹത്തിന് വേണ്ടി ഹൃദയം തൊട്ട് നന്ദി പറയുന്നു .. സത്യമായും എനിക്ക് ഒരിക്കൽ നിങ്ങളെ നേരിൽ കാണണമെന്നുമുണ്ട് … അത് പക്ഷെ ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ഒരു സങ്കടമാവും എനിക്ക് സമ്മാനിക്കുക എന്നതും എന്നെ ഭയപ്പെടുത്തുന്നുണ്ട് .. കുഞ്ഞ് അലിൻ മോളെ .. അവയ ദാനം എന്ന മഹത്തായ ഒന്നിൻ്റെ മുഖമാണിപ്പോൾ നിനക്ക് …

അതെന്നുമായിരിക്കും… അത് ഒരു പക്ഷെ ഈ കേരളത്തിന് അവയവദാനമെന്നാൽ ഇനിയെന്നും ഈ കുഞ്ഞു മുഖമായിരിക്കും.

പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ മകളായ ആലിൻ ഷെറിന് ഒരു റോഡ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മസ്തിഷ്‌ക മരണം സംഭവിച്ചത്. കൊച്ചി അമൃത ആശുപത്രി ജീവനക്കാർ കുഞ്ഞിന് ആദരമായി ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ചാണ് വിട നൽകിയത്. ആലിന്റെ സംസ്കാരം ഇന്ന് നടക്കും. പത്തനംതിട്ട മല്ലപ്പളളി നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സിഎസ്ഐ പള്ളി സെമിത്തേരിയിൽ വെച്ചാണ് സംസ്‌കാരച്ചടങ്ങുകൾ നടക്കുന്നത്.

കരൾ കൂടാതെ ആലിന്റെ വൃക്കകളും നേത്രപടലവും ഹൃദയവാൽവും ദാനം ചെയ്തിട്ടുണ്ട്. എസ്ഐടിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പത്തുവയസുകാരനാണ് ആലിന്റെ വൃക്കകൾ നൽകിയത്. വാൽവ് എസ്ഐടിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൃത്യമായ സ്വീകർത്താവിനെ ലഭിച്ചാൽ അവ നൽകുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ആലിൻ ചികിത്സയിലിരുന്ന അമൃത ആശുപത്രിയിൽ തന്നെയാണ് നേത്രപടലം സൂക്ഷിക്കുന്നത്. ഇത് രണ്ട് പേർക്കായി നൽകാനാണ് തീരുമാനം.

Content Highlights: Meenakshi shared a heartfelt message for 10-month-old Alin.The infant was declared brain dead following a medical condition. Alins organs were donated, helping save five people.

dot image
To advertise here,contact us
dot image