'ഞങ്ങളുടെ മാലാഖയെ കാണാൻ വന്നതാണ്'; ആലിൻ ഷെറിന് അന്ത്യാഞ്ജലി അർപ്പിച്ച് അവയവം സ്വീകരിച്ച കുഞ്ഞിന്റെ മുത്തച്ഛന്‍

അവയവം സ്വീകരിച്ച ശ്രേയ എന്ന കുഞ്ഞിന്റെ മുത്തച്ഛനായ ചന്ദ്രനാണ് ആലിന്‍റെ സംസ്‌കാരച്ചടങ്ങുകൾക്ക് എത്തിയത്

'ഞങ്ങളുടെ മാലാഖയെ കാണാൻ വന്നതാണ്'; ആലിൻ ഷെറിന് അന്ത്യാഞ്ജലി അർപ്പിച്ച് അവയവം സ്വീകരിച്ച കുഞ്ഞിന്റെ മുത്തച്ഛന്‍
dot image

മല്ലപ്പള്ളി: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ പത്ത് മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിന്റെ സംസ്‌കാരചടങ്ങുകൾ തുടങ്ങിയിരിക്കുകയാണ്. കണ്ണീരോടെ ആലിന് യാത്രാമൊഴി ചൊല്ലുകയാണ് കേരളം. പത്തനംതിട്ട മല്ലപ്പളളി നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സിഎസ്ഐ പള്ളി സെമിത്തേരിയിൽ വെച്ചാണ് സംസ്‌കാരച്ചടങ്ങുകൾ നടക്കുന്നത്.

ആലിൻ ഷെറിന് ആദരാഞ്ജലി അർപ്പിക്കാനായി കേരളത്തിന്റെ വിവിധ കോണുകളിൽ നിന്നും ജനങ്ങൾ ഒഴുകി എത്തിയിരുന്നു. ഇക്കൂട്ടത്തിൽ ആലിന്റെ അവയവങ്ങൾ സ്വീകരിച്ച കുഞ്ഞുങ്ങളുടെ ബന്ധുക്കളും ഉണ്ടായിരുന്നു. ആലിന്റെ കരൾ സ്വീകരിച്ച തിരുവനന്തപുരം സ്വദേശിയായ ശ്രേയയുടെ മുത്തച്ഛൻ ചന്ദ്രന്‍ കണ്ണീരോടെയാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി എത്തിയത്.

Also Read:

തങ്ങളുടെ കൊച്ചുമകൾക്ക് ജീവിതം തിരിച്ചുനൽകിയ മാലാഖക്കുഞ്ഞിനെയും അവളുടെ കുടുംബത്തെയും കാണാൻ വേണ്ടി മാത്രമാണ് വന്നതെന്ന് ചന്ദ്രൻ വികാരാധീനനായി പറഞ്ഞു. 'ആലിനെ ആലിനെ അവസാനമായി ഒന്ന് കാണണമെന്ന് ഉണ്ടായിരുന്നു. അവൾ കാരണമാണ് എന്റെ കൊച്ചുമകൾ ജീവിച്ചിരിക്കുന്നത്. അവളുടെ കുടുംബാംഗങ്ങളെ കണ്ട് നന്ദി പറയണമെന്ന് ഉണ്ടായിരുന്നു. ആലിന്റെ അപ്പൂപ്പനെ കണ്ടു, നന്ദി പറഞ്ഞു. മാലാഖയെ കണ്ടു. മരിച്ച് കിടക്കുന്ന മാലാഖയെ കണ്ടു. എന്റെ കൊച്ചുമകൾക്ക് പുതുജീവൻ കിട്ടിയതിന് ആ കുഞ്ഞ് നിമിത്തമായി. പക്ഷെ അവരുടെ കുടുംബത്തിന്റെ വേദനയെ കുറിച്ച് ആലോചിക്കുമ്പോൾ എന്ത് പറയണമെന്ന് അറിയില്ല,' ഇടറലോടെ ചന്ദ്രൻ റിപ്പോർട്ടറിനോട് പറഞ്ഞു.

പോസ്റ്റുമോർട്ടത്തിന് ശേഷം ആലിന്റെ മൃതദേഹം മലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്ന് രാവിലെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ജോർജ് മാത്തൻ മിഷൻ ആശുപത്രി ചാപ്പലിലെ പ്രാർത്ഥനകൾക്ക് ശേഷം വീട്ടിലും പൊതുദർശനം ഉണ്ടായിരുന്നു. ആലിൻ ഷെറിന് സംസ്ഥാനം ഔദ്യോഗിക ബഹുമതികളോടെയാവും വിട നൽകുക.

കരൾ കൂടാതെ ആലിന്റെ വൃക്കകളും നേത്രപടലവും ഹൃദയവാൽവും ദാനം ചെയ്തിട്ടുണ്ട്. എസ്ഐടിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പത്തുവയസുകാരനാണ് ആലിന്റെ വൃക്കകൾ നൽകിയത്. വാൽവ് എസ്ഐടിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൃത്യമായ സ്വീകർത്താവിനെ ലഭിച്ചാൽ അവ നൽകുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ആലിൻ ചികിത്സയിലിരുന്ന അമൃത ആശുപത്രിയിൽ തന്നെയാണ് നേത്രപടലം സൂക്ഷിക്കുന്നത്. ഇത് രണ്ട് പേർക്കായി നൽകാനാണ് തീരുമാനം.

പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ മകളാണ് ആലിൻ ഷെറിൻ. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു ആലിൻ ഷെറിന് മസ്തിഷ്‌ക മരണം സംഭവിച്ചത്. തുടർന്ന് അവയവദാനം നടത്താൻ കുടുംബം തീരുമാനിക്കുകയായിരുന്നു.

Content Highlights: Grandfather of Alin Sherin's organ receiver kid comes to the funeral and shares emotional moments

dot image
To advertise here,contact us
dot image