

മസ്തിഷ്‌ക മരണം സംഭവിച്ചതോടെ അഞ്ച് പേർക്ക് അവയവങ്ങൾ ദാനം ചെയ്ത പത്തുമാസം പ്രായമായ ആലിൻ ഷെറിൻ എബ്രഹാമിന് കുറിപ്പുമായി മോഹൻലാൽ. തന്റെ സഹജീവികളായ ചില കുരുന്നു ജീവനുകൾക്ക് പുനർജന്മത്തിന്റെ പ്രതീക്ഷകൾ നൽകിയാണ് ആലിൻ ഷെറിൻ എന്ന കുഞ്ഞുമാലാഖ ഈ ലോകത്തോട് വിടപറഞ്ഞതെന്ന് മോഹൻലാൽ പറയുന്നു. കോടിക്കണക്കിന് ആളുകളുടെ മനസിൽ ഇനിയും ആലിൻ ജീവിക്കുമെന്ന് മോഹൻലാൽ കൂട്ടിച്ചേർത്തു.
'തന്റെ സഹജീവികളായ ചില കുരുന്നു ജീവനുകൾക്ക് പുനർജന്മത്തിന്റെ പ്രതീക്ഷകൾ നൽകിയാണ് ആലിൻ ഷെറിൻ എന്ന കുഞ്ഞുമാലാഖ ഈ ലോകത്തോട് വിടപറഞ്ഞത്. ആലിൻ മോളുടെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനമെടുത്ത മാതാപിതാക്കളായ അരുണും ഷെറിനും മനുഷ്യസ്നേഹത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളായി മാറിയിരിക്കുകയാണ്. ഈ ലോകം മനോഹരമായി നിലനിൽക്കുന്നതു തന്നെ ഇതുപോലെയുള്ള നിസ്വാർത്ഥ സ്നേഹങ്ങളുടെ നിറവെളിച്ചം കൊണ്ടാണ്. ആലിൻ ഇനിയും ജീവിക്കും അവളുടെ പ്രിയപ്പെട്ടവരുടെ ഓർമ്മകളിൽ മാത്രമല്ല, കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിൽ കൂടിയും,' മോഹൻലാൽ പറഞ്ഞു.
ആലിൻ ഷെറിന്‍റെ അവയവം സ്വീകരിച്ച രണ്ട് കുഞ്ഞുങ്ങളുടെ ശസ്ത്രക്രിയ പൂർത്തിയായി. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നടന്ന കരൾ മാറ്റ ശസ്ത്രക്രിയയിൽ ആലിന്‍റെ കരള്‍ ആറു മാസം പ്രായമുള്ള കുഞ്ഞിന് മാറ്റിവച്ചു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ സ്വീകർത്താവാണ് ഈ കുഞ്ഞ്. കുഞ്ഞിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് വ്യക്തമായ വിവരമില്ല. എസ്‌ഐടിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പത്തുവയസുകാരനാണ് ആലിന്റെ വൃക്കകൾ നൽകിയത്. മെഡിക്കൽ കോളേജിൽ നടന്ന ശസ്ത്രക്രിയ ഇന്ന് രാവിലെയോട് കൂടിയാണ് പൂർത്തിയായത്.
അതേസമയം ആലിൻറെ നേത്രപടലവും ഹൃദയവാൽവും ദാനം ചെയ്തിട്ടുണ്ട്. വാൽവ് എസ്‌ഐടിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൃത്യമായ സ്വീകർത്താവിനെ ലഭിച്ചാൽ അവ നൽകുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ആലിൻ ചികിത്സയിലിരുന്ന അമൃത ആശുപത്രിയിൽ തന്നെയാണ് നേത്രപടലം സൂക്ഷിക്കുന്നത്. ഇത് രണ്ട് പേർക്കായി നൽകാനാണ് തീരുമാനം. അഞ്ച് പേർക്ക് ജീവൻ പകർന്ന് നൽകിയാണ് കുഞ്ഞിന്റെ മടക്കം.
പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ മകളായ ആലിൻ ഷെറിന് ഒരു റോഡ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മസ്തിഷ്‌ക മരണം സംഭവിച്ചത്. കൊച്ചി അമൃത ആശുപത്രി ജീവനക്കാർ കുഞ്ഞിന് ആദരമായി ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ചാണ് വിട നൽകിയത്.
Content Highlights: Mohanlal shared a heartfelt message for 10-month-old Alin.The infant was declared brain dead following a medical condition. Alins organs were donated, helping save five people.