ഇതുവരെ നമ്മൾ കണ്ടതൊന്നുമല്ല, സർപ്രൈസുകൾ ഒരുപാടുണ്ട്; ഞെട്ടിച്ച് പേട്രിയറ്റ് ബിഹൈൻഡ് ദി സീൻ വീഡിയോ

ചിത്രത്തിൽ താൻ വില്ലൻ വേഷമാണ് അവതരിപ്പിക്കുന്നത് എന്ന് ഫഹദ് നേരത്തെ പറഞ്ഞിരുന്നു

ഇതുവരെ നമ്മൾ കണ്ടതൊന്നുമല്ല, സർപ്രൈസുകൾ ഒരുപാടുണ്ട്; ഞെട്ടിച്ച് പേട്രിയറ്റ് ബിഹൈൻഡ് ദി സീൻ വീഡിയോ
dot image

മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ സിനിമയാണ് പേട്രിയറ്റ്. 19 വർഷത്തിന് ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒരു സിനിമയ്ക്കായി ഒരുമിക്കുന്നത്. ചിത്രത്തിൽ ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ സിനിമയുടെ ബിഹൈൻഡ് ദി സീൻസ് പുറത്തുവന്നിരിക്കുകയാണ്.

മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവർ അടങ്ങുന്ന ശ്രീലങ്കയിൽ ചിത്രീകരിച്ച ഒരു സീനിന്റെ ബിഹൈൻഡ് ദി സീൻ ആണ് ഇപ്പോൾ പുറത്തുവരുന്നിരിക്കുന്നത്. വമ്പൻ കാൻവാസിൽ ആകും സിനിമ ഒരുങ്ങുന്നത് എന്ന സൂചനയും ഈ വീഡിയോ നൽകുന്നുണ്ട്. ചിത്രത്തിൽ താൻ വില്ലൻ വേഷമാണ് അവതരിപ്പിക്കുന്നത് എന്ന് ഫഹദ് നേരത്തെ പറഞ്ഞിരുന്നു. ഒരു ചടങ്ങിൽ വെച്ച് പ്രേക്ഷകരോട് സംസാരിക്കവെയാണ് ഫഹദ് ഈ അപ്‌ഡേറ്റ് പുറത്തുവിട്ടത്. ഒരുപാട് സർപ്രൈസുകൾ ഉള്ള ഒരു കൊമേഴ്സ്യല്‍ സിനിമ ആണ് പേട്രിയറ്റ് എന്നും സിനിമയിൽ ഫാൻ മോമെന്റുകൾ ഉറപ്പായും ഉണ്ടാകുമെന്നും സംവിധായകൻ മഹേഷ് നാരായണൻ നേരത്തെ പറഞ്ഞിരുന്നു. ഏപ്രിൽ 23 നാണ് ആഗോളതലത്തിൽ പേട്രിയറ്റ് റിലീസിന് എത്തുന്നത്. 'വിമത ശബ്ദങ്ങൾ ദേശസ്നേഹത്തിന്‍റേതാണ്.. ദേശദ്രോഹികൾ നിറയുന്ന ഈ ലോകത്ത് ഒരു ദേശസ്നേഹിയാകൂ', എന്ന കുറിപ്പോടെയാണ് സിനിമയിലെ അഭിനേതാക്കളുടെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്തുവിട്ടിരുന്നത്.

വെക്കേഷൻ റിലീസായതുകൊണ്ട് തന്നെ സിനിമയ്ക്ക് വലിയ കളക്ഷനുകൾ നേടാനാകും എന്നുതന്നെയാണ് പ്രതീക്ഷ. ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിൻ്റെ സഹ നിർമ്മാണം നിർവഹിക്കുന്നത്.

ഒരു വലിയ ഇടവേളക്ക് ശേഷം മമ്മൂട്ടി - മോഹൻലാൽ ടീം ഒന്നിച്ചഭിനയിക്കുന്ന ഈ ചിത്രത്തിലെ ഹൈലൈറ്റ് ആയിരിക്കും ഇവരുടെ കോമ്പിനേഷൻ രംഗങ്ങൾ. ജിനു ജോസഫ്, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, ദര്‍ശന രാജേന്ദ്രന്‍, സെറീന്‍ ഷിഹാബ് തുടങ്ങിയവര്‍ക്കൊപ്പം മദ്രാസ് കഫേ, പത്താന്‍ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റര്‍ ആര്‍ട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിന്റെ താരനിരയിലുണ്ട്.

Content Highlights: Mammootty-Mohanlal film Patriot Behind The Scenes shows film is made on a massive budget

dot image
To advertise here,contact us
dot image