

മലയാളത്തില്‍ പുതിയ ട്രെന്‍ഡ് സെറ്ററായി എത്തിയ ചിത്രമായിരുന്നു നിവിന്‍ പോളിയെ നായകനാക്കി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം. 2015 മെയ് 29 നായിരുന്നു സിനിമയുടെ റിലീസ്. മലയാളത്തിന് പുറമെ ചിത്രം തമിഴ്‌നാട്ടിലും ചിത്രം വിജയം കൊയ്‌തു. തമിഴ്‌നാട്ടിൽ 200 ദിവസത്തോളമാണ് പ്രേമം പ്രദര്‍ശിപ്പിച്ചത്. നിവിൻ പോളി അവതരിപ്പിച്ച ജോർജ് എന്ന കഥാപാത്രത്തിൻ്റെ കൗമാരം മുതലുള്ള മൂന്ന് കാലഘട്ടത്തില്‍ നടക്കുന്ന സംഭവങ്ങളായിരുന്നു പ്രേമം സിനിമയില്‍ അവതരിപ്പിച്ചത്. ഇപ്പോഴിതാ ചിത്രം വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുകയാണ്.
വാലെന്റൈൻസ് ദിനത്തോട് അനുബന്ധിച്ച് ഫെബ്രുവരി 14 നാണ് ചിത്രം പുറത്തിറങ്ങുന്നത്. കൊച്ചി, ചെന്നൈ, ബാംഗ്ലൂർ എന്നിവിടങ്ങളിലാണ് സിനിമ റീ റിലീസ് ചെയ്യുന്നത്. മികച്ച ബുക്കിംഗ് ആണ് സിനിമയ്ക്ക് ലഭിക്കുന്നത്. ലിമിറ്റഡ് ഷോ ആണെങ്കിലും വലിയ സ്വീകാര്യത തന്നെ സിനിമയ്ക്ക് ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. എല്ലാ വാലെന്റൈൻസ് ദിനത്തിലും ചിത്രം റീ റിലീസ് ചെയ്യുന്ന പതിവ് ചെന്നൈയിലുണ്ട്. ഇത്തവണയും ആ പതിവ് തെറ്റുന്നില്ല. മലയാളത്തിലേക്ക് ഒരുപിടി നല്ല താരങ്ങളെയും അണിയറ പ്രവർത്തകരെയും സംഭാവന ചെയ്ത ചിത്രം കൂടിയായിരുന്നു പ്രേമം. പുതുമുഖങ്ങളായി എത്തിയ സായി പല്ലവി, അനുപമ പരമേശ്വരൻ, മഡോണ സെബാസ്റ്റ്യൻ എന്നിവർ പിന്നീട് സൗത്ത് ഇന്ത്യൻ സിനിമയിലെ തന്നെ വില പിടിപ്പുള്ള താരങ്ങളായി മാറി.
ചിത്രത്തിലെ ഗാനങ്ങളും കഥാപാത്രങ്ങളും എന്തിന് കോസ്റ്റ്യൂം പോലും അന്നത്തെ യുവ തലമുറ ഏറ്റെടുത്തിരുന്നു. അൽത്താഫ്, ഷറഫുദ്ദീൻ, ശബരീഷ്, കൃഷ്ണപ്രസാദ്, സിജു വിൽസൺ തുടങ്ങിയവർക്കൊപ്പം രഞ്ജി പണിക്കർ, വിനയ് ഫോർട്ട്, സൗബിൻ ഷാഹിർ, മണിയൻ പിള്ള രാജു തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അൻവർ റഷീദ് ആയിരുന്നു ചിത്രം നിർമിച്ചത്. ചിത്രം പിന്നീട് തെലുങ്കിലേക്ക് റീമേക്ക് ചെയ്യുകയും ചെയ്തിരുന്നു.
Valentines Day Special 🥳
— ITZ.AK (@itzak2010) February 12, 2026
Sensational #premam Re-Releasing At Main Centers💥
Kochi- Chennai- Bengaluru.#Nivinpauly @NivinOfficial pic.twitter.com/wgu1oUdYYb
പ്രേമത്തിന് വർഷങ്ങൾക്ക് ശേഷം അൽഫോൺസ് പുത്രനും നിവിൻ പോളിയും വീണ്ടും ഒരുമിക്കാൻ ഒരുങ്ങുകയാണ് എന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. പതിമൂന്ന് വർഷങ്ങൾക്ക് മുൻപ് യുവ എന്ന മ്യൂസിക് ആൽബത്തിലൂടെയാണ് നിവിൻ-അൽഫോൻസ് കോംബോ ആദ്യമായി ഒന്നിക്കുന്നത്. നസ്രിയയും, നിവിൻ പ്രധാന വേഷങ്ങളിൽ എത്തിയ ഗാനം വലിയ ജനശ്രദ്ധ നേടിയിരുന്നു. തുടർന്ന് നേരം എന്ന അൽഫോൺസിന്റെ ആദ്യ സിനിമയിൽ ഈ കോംബോ വീണ്ടും ഒന്നിച്ചു. തമിഴിലും മലയാളത്തിലുമായി പുറത്തിറങ്ങിയ സിനിമ മികച്ച പ്രതികരണങ്ങളോടെ വലിയ വിജയം നേടി.
Content Highlights: Nivin Pauly film premam to re release on this valentines day in kerala